മുഖ്യമന്ത്രി പദത്തിലേക്ക് കെ.സി. വേണുഗോപാല്‍? എം.എല്‍.എമാരുടെ ‘തലയെണ്ണി’ ഭൂരിപക്ഷം ഉറപ്പിച്ച് കെ.സി പക്ഷം; എ ഗ്രൂപ്പിലും വിള്ളല്‍; ഹൈക്കമാന്‍ഡ് മനസ്സറിയാന്‍ കേരളം

ന്യൂഡല്‍ഹി: കേരളത്തില്‍ യു.ഡി.എഫ് ഐതിഹാസിക വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയിലും തിരുവനന്തപുരത്തും ഒരുപോലെ ചൂടുപിടിക്കുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്ന ആവശ്യവുമായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം എം.എല്‍.എമാരുടെയും പിന്തുണ കെ.സിക്ക് ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികള്‍ അവകാശപ്പെടുന്നത്.
ഇത്തവണ വിജയിച്ച കോണ്‍ഗ്രസിന്റെ 63 എം.എല്‍.എമാരില്‍ 35 പേര്‍ ആദ്യഘട്ടത്തില്‍ തന്നെ കെ.സി. വേണുഗോപാലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ യു.ഡി.എഫ് സ്വതന്ത്രരായി ജയിച്ച മൂന്ന് പേരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ സംഖ്യ 38 ആയി ഉയരും. എം.എല്‍.എമാരുടെ ഭൂരിപക്ഷം നോക്കിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെങ്കില്‍ കെ.സിക്ക് മറ്റ് വെല്ലുവിളികള്‍ ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍.
പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും കെ.സി പക്ഷം വലിയ തോതിലുള്ള കടന്നുകയറ്റം നടത്തിയിട്ടുണ്ട്. ഐ ഗ്രൂപ്പിലെ ഭൂരിഭാഗം പേരും കെ.സിക്കൊപ്പമാണ്. എന്നാല്‍ അതിലുപരിയായി എ ഗ്രൂപ്പിലുണ്ടായ വിള്ളലാണ് കെ.സി പക്ഷത്തിന് ആത്മവിശ്വാസം നല്‍കുന്നത്. എ ഗ്രൂപ്പില്‍ നിന്ന് ജയിച്ച 10 എം.എല്‍.എമാരില്‍ 8 പേരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുമെന്നാണ് സൂചന. ഇതോടെ ഗ്രൂപ്പ് അതീതമായി എം.എ.ല്‍എമാര്‍ കെ.സിക്കൊപ്പം അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്.  ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലെത്തുമ്പോള്‍ 43 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കെ.സിക്ക് അനുകൂലമായ നിലപാട് പരസ്യമായി അറിയിക്കുമെന്നാണ് സൂചന. ഇത് സംഭവിച്ചാല്‍ കേരളത്തിലെ നേതൃമാറ്റത്തില്‍ അത് നിര്‍ണ്ണായക വഴിത്തിരിവാകും.
എം.എല്‍.എമാരുടെ പിന്തുണ ഇത്രയേറെ ഉണ്ടെങ്കിലും മുഖ്യമന്ത്രി പദത്തില്‍ അന്തിമ തീരുമാനം ഗാന്ധി കുടുംബത്തിന്റേതായിരിക്കും. രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവെന്ന നിലയില്‍ കെ.സിക്ക് അനുകൂലമായ ഘടകങ്ങള്‍ ഏറെയുണ്ട്. എങ്കിലും കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഹൈക്കമാന്‍ഡ് എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് പ്രധാന ചോദ്യം. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ദേശീയ തലത്തില്‍ കെ.സി വഹിക്കുന്ന പങ്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ ചര്‍ച്ചയാകും. എന്നാല്‍ കേരളത്തില്‍ ഒരു ശക്തമായ നേതൃത്വം വേണമെന്ന അണികളുടെയും എം.എല്‍.എമാരുടെയും വികാരം കണക്കിലെടുത്ത് അദ്ദേഹത്തെ സംസ്ഥാനത്തേക്ക് തിരിച്ചയക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
അണികള്‍ക്കിടയില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി കെ.സിക്കായി വലിയ പ്രചാരണമാണ് നടക്കുന്നത്. ‘ടീം യു.ഡി.എഫിനെ’ നയിക്കാന്‍ ഊര്‍ജ്ജസ്വലനായ ഒരു നേതാവ് വേണമെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. എം.എല്‍.എമാരുടെ തലയെണ്ണി ഭൂരിപക്ഷം ഉറപ്പാക്കുന്നതിലൂടെ ഹൈക്കമാന്‍ഡിന് മുന്നില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താനാണ് കെ.സി പക്ഷത്തിന്റെ നീക്കം. മറ്റൊരു വശത്ത്, കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമ്പോള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ നിലപാടും ശ്രദ്ധേയമാകും. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ നിലപാടുകള്‍ ഹൈക്കമാന്‍ഡ് ഗൗരവമായി പരിഗണിക്കും. എങ്കിലും ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണ കെ.സിക്കൊപ്പം നില്‍ക്കുന്നത് അദ്ദേഹത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
വരും ദിവസങ്ങളില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലെത്തി ഓരോ എം.എല്‍.എമാരുമായും വ്യക്തിപരമായി സംസാരിക്കും. രഹസ്യ ബാലറ്റിലൂടെയോ അഭിപ്രായ സ്വരൂപണത്തിലൂടെയോ ആകും മുഖ്യമന്ത്രിയെ നിശ്ചയിക്കുക. ഈ ഘട്ടത്തില്‍ തങ്ങള്‍ ഉറപ്പിച്ച 43 പേരുടെ പിന്തുണ കെ.സിക്ക് വോട്ടായി മാറുമെന്നാണ് അണികളുടെ പ്രതീക്ഷ.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.