കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ യുഡിഎഫ് ക്യാമ്പുകളില്‍ ആവേശം അണപൊട്ടുന്നു. മലബാറിലും മധ്യകേരളത്തിലും യുഡിഎഫ് തൂത്തുവാരുമെന്ന പ്രവചനങ്ങള്‍ വന്നതോടെ ഭരണമാറ്റം ഉറപ്പാണെന്ന വിശ്വാസത്തിലാണ് മുന്നണി നേതൃത്വം. എന്നാല്‍, വിജയപ്രതീക്ഷയ്ക്കൊപ്പം തന്നെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള വടംവലിയും സജീവമായിക്കഴിഞ്ഞു. എക്സിറ്റ് പോളുകള്‍ അനുകൂലമായതോടെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറ്റിവച്ച് കരുനീക്കങ്ങള്‍ ശക്തമാക്കാനാണ് പ്രമുഖ നേതാക്കളുടെ നീക്കം.
മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശന് എന്നിവരെ കേന്ദ്രീകരിച്ച് അണിയറയില്‍ ചാക്കിട്ടുപിടുത്തം തുടങ്ങിക്കഴിഞ്ഞു. ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ കെ.സി. വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുമ്പോള്‍, പാര്‍ലമെന്ററി രംഗത്തെ പരിചയസമ്പത്ത് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയും അവകാശവാദമുന്നയിക്കുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള മികച്ച പ്രകടനം വി.ഡി. സതീശന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ തങ്ങളുടെ വിശ്വസ്തരായ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിക്കാനും അവരെ കൂടെനിര്‍ത്താനുമുള്ള തിരക്കിട്ട നീക്കങ്ങളിലാണ് മൂന്ന് നേതാക്കളും.
യുഡിഎഫിന്റെ ആവേശത്തിന് കരുത്തേകുന്നത് മുസ്ലീം ലീഗിന്റെ പ്രകടനമാണ്. മലപ്പുറത്ത് പൊന്നാനി ഒഴികെ മറ്റെല്ലാ സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്ന എക്സിറ്റ് പോള്‍ ഫലം ലീഗ് ക്യാമ്പുകളെ ആവേശത്തിലാക്കി. ഇക്കുറി 22 സീറ്റുകള്‍ വരെ നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം. മലബാറില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗം ലീഗിന്റെ കരുത്ത് തെളിയിക്കുന്നതാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഭരണത്തിലെത്തിയാല്‍ നിര്‍ണ്ണായക വകുപ്പുകള്‍ക്കായി ലീഗ് സമ്മര്‍ദ്ദം ചെലുത്തുമെന്നുറപ്പാണ്.
മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും വലിയ പ്രതീക്ഷയിലാണ്. കോട്ടയം യുഡിഎഫിന്റെ കോട്ടയായി മാറുമെന്നും ജില്ലയിലെ ഒന്‍പതില്‍ ഒന്‍പത് സീറ്റും യുഡിഎഫ് നേടുമെന്നുമുള്ള പ്രവചനങ്ങള്‍ ജോസഫ് ഗ്രൂപ്പിന് പുതുജീവന്‍ നല്കി. പാലായിലും പൂഞ്ഞാറിലും ചങ്ങനാശേരിയിലും യുഡിഎഫ് നേട്ടം കൊയ്യുമെന്നത് മുന്നണിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. ഇടതുമുന്നണിയിലേക്ക് പോയ ജോസ് കെ. മാണി വിഭാഗത്തിന് എല്‍ഡിഎഫ് കോട്ടകളില്‍പ്പോലും തിരിച്ചടിയുണ്ടാകുമെന്ന സൂചനകള്‍ പി.ജെ. ജോസഫിന് രാഷ്ട്രീയമായ മേല്‍ക്കൈ നല്‍കുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ സമ്മിശ്രമാണെങ്കിലും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യുഡിഎഫ് വന്‍ തിരിച്ചുവരവ് നടത്തുമെന്ന പ്രവചനം കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. കൊല്ലത്തെ 11 സീറ്റുകളില്‍ ഏഴ് വരെ യുഡിഎഫ് നേടിയേക്കുമെന്ന കണക്കുകള്‍ ഐ ഗ്രൂപ്പിനും ഗ്രൂപ്പ് രഹിതര്‍ക്കും ഒരുപോലെ ആവേശം നല്കുന്നു. പത്തനംതിട്ടയില്‍ വീണാ ജോര്‍ജിനെതിരെ അബിന്‍ വര്‍ക്കി അട്ടിമറി വിജയം നേടിയാല്‍ അത് യൂത്ത് കോണ്‍ഗ്രസ് പക്ഷത്തിന് മുഖ്യമന്ത്രി പോരില്‍ വലിയ സ്വാധീനം നല്‍കും.
എറണാകുളത്ത് 14-ല്‍ 14 സീറ്റും യുഡിഎഫ് നേടിയേക്കാമെന്ന എക്സിറ്റ് പോള്‍ ഫലം ജില്ലയിലെ നേതാക്കളുടെ വിലപേശല്‍ ശേഷി വര്‍ദ്ധിപ്പിക്കും. കോഴിക്കോട് ജില്ലയില്‍ 11 സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കുമെന്ന അപ്രതീക്ഷിത പ്രവചനം ഇടതുമുന്നണിയുടെ അടിത്തറ ഇളകിയതിന്റെ തെളിവായി യുഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നു. വയനാട്, കാസര്‍കോട് ജില്ലകളിലും യുഡിഎഫ് മേല്‍ക്കൈ പ്രവചിക്കപ്പെട്ടതോടെ സംസ്ഥാനത്തുടനീളം ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചുവെന്നാണ് മുന്നണി വിലയിരുത്തുന്നത്.
വിജയം ഉറപ്പായതോടെ ഗ്രൂപ്പ് മാനേജര്‍മാര്‍ ഫോണിലൂടെയും നേരിട്ടും നിയുക്ത എംഎല്‍എമാരെ സ്വാധീനിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എ ഗ്രൂപ്പും ഐ ഗ്രൂപ്പും ദുര്‍ബലമായ സാഹചര്യത്തില്‍ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് ഭൂരിപക്ഷം തികയ്ക്കാനാണ് കെ.സിയും വി.ഡിയും ശ്രമിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ശൈലി പിന്തുടരുന്ന ഒരു വിഭാഗം സതീശനെ പിന്തുണയ്ക്കുമ്പോള്‍, ഡല്‍ഹി ബന്ധങ്ങള്‍ വേണുഗോപാലിന് അനുകൂലമാകും. അതേസമയം, മുതിര്‍ന്ന നേതാവ് എന്ന പരിഗണന തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നിത്തല.
ഭരണം ലഭിച്ചാല്‍ ഘടകകക്ഷികളെ പിണക്കാതെയും ഗ്രൂപ്പ് വൈര്യം തീര്‍ക്കാതെയും എങ്ങനെ മുന്നോട്ട് പോകുമെന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. എക്സിറ്റ് പോളുകള്‍ യാഥാര്‍ത്ഥ്യമായാല്‍, വരുംദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രം യുഡിഎഫിലെ അധികാര തര്‍ക്കങ്ങളായിരിക്കും. 73 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന് അവകാശപ്പെടുമ്പോഴും, യുഡിഎഫ് ക്യാമ്പുകളില്‍ ഇപ്പോള്‍ നടക്കുന്നത് ആഹ്ലാദ പ്രകടനങ്ങളും ഒപ്പം ഭാവി മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള തന്ത്രപരമായ നീക്കങ്ങളുമാണ്.


അടുപ്പുകള്‍ പുകയില്ല; വാണിജ്യ സിലിണ്ടറുകള്‍ കിട്ടാനില്ല; ഹോട്ടലുകള്‍ അടച്ചുപൂട്ടലിലേക്ക്; കേരളത്തിലെ തട്ടുകടകളെല്ലാം പ്രതിസന്ധിയിലേക്ക്
ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ അമേരിക്ക; ലക്ഷ്യം ഇറാന്റെ ‘കിരീടത്തിലെ വജ്രം’; ഇറാനെ ‘ചാമ്പലാക്കാന്‍’ ട്രംപ്; പാരാട്രൂപ്പുകള്‍ പായുന്നു; ലോകം കടുത്ത ഇന്ധനക്ഷാമത്തിലേക്ക്





