വാഷിംഗ്ടണ്‍: ഇറാന്റെ ആണവ മോഹങ്ങള്‍ക്ക് അന്ത്യം കുറിക്കാനുള്ള കടുത്ത നീക്കങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീട്ടാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. വൈറ്റ് ഹൗസിലെ സിറ്റുവേഷന് റൂമില്‍ നടന്ന ഉന്നതതല യോഗത്തിലാണ്, സൈനികാക്രമണത്തേക്കാള് ഉപരോധം തുടരുന്നതാണ് നിലവില്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമെന്ന നിഗമനത്തില്‍ ട്രംപ് എത്തിയത്. ഇതോടെ മേഖലയിലെ സംഘര്‍ഷാവസ്ഥ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.
ഓപ്പറേഷന് ‘എപിക് ഫ്യൂറി’ വഴി ഇറാന്റെ തുറമുഖങ്ങള്‍ അടച്ചുപൂട്ടിയതോടെ അമേരിക്കയ്ക്ക് വലിയ നയതന്ത്ര മുന്‍തൂക്കം ലഭിച്ചതായി വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പ്രസ്താവനയില്‍ പറഞ്ഞു. ഉപരോധം മൂലം ഇറാന്റെ എണ്ണ വിപണനം പൂര്‍ണ്ണമായും തടസ്സപ്പെട്ടതായും രാജ്യം സാമ്പത്തിക തകര്‍ച്ചയുടെ വക്കിലാണെന്നുമാണ് അമേരിക്കയുടെ വിലയിരുത്തല്‍. ആണവ പദ്ധതികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതടക്കമുള്ള കടുത്ത ഉപാധികള്‍ അംഗീകരിക്കാന്‍ ഇറാന് തയ്യാറാണെങ്കില്‍ മാത്രമേ ഉപരോധത്തില്‍ ഇളവ് നല്‍കൂ എന്ന വാശിയിലാണ് ട്രംപ്.
എന്നാല്‍, യുദ്ധതന്ത്രങ്ങളെച്ചൊല്ലി ട്രംപ് ഭരണകൂടത്തിനുള്ളില്‍ തന്നെ ഭിന്നതകള്‍ രൂക്ഷമാകുകയാണ്. ഇറാന്റെ സൈനിക ശേഷി തകര്‍ത്തുവെന്ന പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ വാദങ്ങളെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് സംശയത്തോടെയാണ് കാണുന്നത്. അമേരിക്കയുടെ മിസൈല്‍ ശേഖരം പകുതിയോളം കുറഞ്ഞത് ഭാവിയില്‍ ചൈനയോടും റഷ്യയോടുമുള്ള പോരാട്ടങ്ങളെ ബാധിക്കുമെന്ന് വാന്‍സ് ആശങ്ക പ്രകടിപ്പിക്കുന്നു. ഇറാന്റെ പക്കല്‍ ഇപ്പോഴും പകുതിയോളം ബാലിസ്റ്റിക് മിസൈലുകളും നാവിക ശേഷിയും അവശേഷിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും വാന്‍സിന്റെ വാദങ്ങള്‍ക്ക് ബലം നല്കുന്നു.
ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറന്നുതരണമെന്ന് ഇറാന് ആവശ്യപ്പെട്ടതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടു. ഇറാന്റെ നേതൃത്വത്തില്‍ വലിയ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടെന്നും രാജ്യം തകര്‍ച്ചയുടെ വക്കിലാണെന്നും അദ്ദേഹം പറയുന്നു. അതേസമയം, മാസങ്ങള്‍ നീളുന്ന ഈ സംഘര്‍ഷം ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്. വരാനിരിക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പില്‍ എണ്ണവില വര്‍ദ്ധനവ് ട്രംപിന് തിരിച്ചടിയാകുമോ എന്ന ആശങ്കയും രാഷ്ട്രീയ കേന്ദ്രങ്ങള്‍ പങ്കുവെക്കുന്നു.
ആണവ പദ്ധതി 20 വര്‍ഷത്തേക്ക് മരവിപ്പിക്കണമെന്നും യുറേനിയം ശേഖരം പൂര്‍ണ്ണമായും കൈമാറണമെന്നുമാണ് ട്രംപിന്റെ ഡിമാന്‍ഡ്. എന്നാല്‍ ഉപരോധം പൂര്‍ണ്ണമായും നീക്കണമെന്നും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തിരികെ വേണമെന്നും ഇറാന് ആവശ്യപ്പെടുന്നു. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍, ഹോര്‍മുസിലെ ഈ ശീതയുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെയും മിഡില്‍ ഈസ്റ്റിന്റെ ഭാവിയെയും ഒരുപോലെ മുനയില്‍ നിര്‍ത്തുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഏഷ്യയുടെ ‘ജലഗോപുരം’ വറ്റുന്നു; ഹിമാലയൻ മേഖലയിൽ മഞ്ഞുപാളികൾ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ആശങ്കയുമായി പഠന റിപ്പോർട്ട്





