എറണാകുളം: എറണാകുളം കോലഞ്ചേരിക്കടുത്ത് അയ്ക്കരനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കടമറ്റത്ത് വിശുദ്ധ ഗീവർഗീസിൻ്റെ പള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായും, മലങ്കര സഭാധ്യക്ഷൻ്റെ ആഹ്വാനം സ്വീകരിച്ചതുമാണ് ഈ ചരിത്രപരമായ തീരുമാനം.
അടുത്തിടെ നടന്ന മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് വേണ്ടെന്ന നിലപാടിലേക്ക് പള്ളി അധികൃതർ എത്തിയത്. വിശ്വാസികളുടെ സുരക്ഷയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും മുൻഗണന നൽകിയാണ് സഭാ നേതൃത്വം ഇത്തരം നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്.
വെടിക്കെട്ടിനായി ചെലവഴിക്കുന്ന വലിയൊരു തുക ജനങ്ങളുടെ നന്മയ്ക്കായി വിനിയോഗിക്കാനാണ് പള്ളിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ‘സ്നേഹഭവനം’ എന്ന പദ്ധതി പള്ളി ആവിഷ്കരിച്ചിട്ടുണ്ട്. വെടിക്കെട്ടിന് ചെലവാക്കുന്ന തുക ഉപയോഗിച്ച് അർഹരായവർക്കായി വീട് നിർമ്മിച്ച് നൽകാനാണ് തീരുമാനം.
‘മുഖ്യമന്ത്രിയോട് അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു’: ഖേദം പ്രകടിപ്പിച്ച് ദാസ് പി. ജോർജ്
പുതുപ്പള്ളി, ചന്ദനപ്പള്ളി പള്ളികൾക്ക് പിന്നാലെ സമാനമായ മാതൃകാപരമായ തീരുമാനമെടുത്ത കടമറ്റം പള്ളിയുടെ നടപടിയെ വിശ്വാസികളും നാട്ടുകാരും ഒരുപോലെ സ്വാഗതം ചെയ്യുകയാണ്. ആഘോഷങ്ങൾക്കപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന ഇത്തരം നടപടികൾ കേരളത്തിലെ മറ്റ് ആരാധനാലയങ്ങൾക്കും വലിയ മാതൃകയാവുകയാണ്.







