വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ വെടിവെപ്പ് നടത്തിയ കേസിലെ പ്രതി കോള്‍ തോമസ് അലന്റെ രാഷ്ട്രീയ ചായ്വുകളെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. പ്രതിയുടേതെന്ന് കരുതപ്പെടുന്ന ‘മാനിഫെസ്റ്റോ’യില്‍ സൂചിപ്പിച്ചിട്ടുള്ള അതേ യൂസര്‍ നെയിമിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ട്രംപിനെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും കടന്നാക്രമിക്കുന്നതാണ് ഇയാളുടെ ഭൂരിഭാഗം പോസ്റ്റുകളും.
കഴിഞ്ഞ നവംബറില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനാണ് താന്‍ വോട്ട് ചെയ്തതെന്ന് എക്സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റില്‍ ഇയാള്‍ അവകാശപ്പെടുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപിനെ ‘വില്ലന്‍’ എന്നും ‘ഗതികെട്ടവന്’ എന്നുമാണ് ഏപ്രിലിലെ ഒരു പോസ്റ്റില്‍ ഇയാള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ട്രംപിനോടുള്ള ഇയാളുടെ കടുത്ത വിദ്വേഷമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന സൂചനയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
യുക്രൈന് യുദ്ധത്തിനുള്ള ധനസഹായം നിര്‍ത്തലാക്കുന്നതിനെ അനുകൂലിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെയും പ്രതി അസഭ്യവര്‍ഷത്തോടെ വിമര്‍ശിക്കുന്നുണ്ട്. രാജ്യം നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലാണോ വാന്‍സ് അഭിമാനിക്കുന്നതെന്നാണ് ഇയാള്‍ ചോദിക്കുന്നത്. വിദേശനയങ്ങളിലടക്കം പ്രതി പുലര്‍ത്തിയിരുന്ന തീവ്രമായ നിലപാടുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്.
ബ്ലൂസ്കൈ (ആഹൗലസ്യെ) എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും ഇയാള്‍ സജീവമായിരുന്നു. മറ്റുള്ളവര്‍ മുന്നിട്ടിറങ്ങാന്‍ കാത്തുനില്‍ക്കുന്നത് വരെ രാജ്യം കത്തിയെരിയുമെന്ന തരത്തിലുള്ള പ്രകോപനപരമായ കുറിപ്പുകള്‍ ഇയാള്‍ പങ്കുവെച്ചിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിനായി വെളുത്ത പോക്കറ്റ് സ്ക്വയറുകള്‍ ധരിക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ നീക്കത്തെപ്പോലും ഇയാള്‍ പരിഹസിച്ചു.
ശനിയാഴ്ച രാത്രി വാഷിംഗ്ടണ്‍ ഹില്‍ട്ടണില്‍ നടന്ന ഡിന്നറിനിടെയാണ് ലോകത്തെ ഞെട്ടിച്ച വെടിവെപ്പുണ്ടായത്. തോക്കിന് ശബ്ദം കേട്ട ഉടന്‍ തന്നെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ട്രംപിനെയും കാബിനറ്റ് അംഗങ്ങളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ട്രംപ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രതിയെ പിടികൂടിയ വിവരം ലോകത്തെ അറിയിക്കുകയായിരുന്നു.
വെടിവെപ്പിന്റെ ദൃശ്യങ്ങളും പ്രതിയുടെ ചിത്രവും ട്രംപ് നേരിട്ട് പങ്കുവെച്ചിരുന്നു. 31 വയസ്സുകാരനായ കോള്‍ തോമസ് അലന് ഒറ്റയ്ക്കാണ് ഈ കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയുടെ കാലിഫോര്‍ണിയയിലെ വീട്ടില്‍ എഫ്.ബി.ഐ സംഘം വിശദമായ തിരച്ചില്‍ നടത്തി.
അക്രമിയുടെ കൃത്യമായ ലക്ഷ്യമെന്തായിരുന്നു എന്നതിനെക്കുറിച്ച് എഫ്.ബി.ഐ മേധാവി കാഷ് പട്ടേലും ആക്ടിങ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചും അന്വേഷണം തുടരുകയാണ്. തിങ്കളാഴ്ച പ്രതിയെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി ഔദ്യോഗികമായി കുറ്റം ചുമത്തും.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ സ്വഭാവമുള്ള നിലപാടുകളുടെ പ്രതിഫലനമാണോ ഈ ആക്രമണമെന്ന ഗൗരവമായ ചര്‍ച്ചകള്‍ക്കും ഇത് വഴിതുറന്നിട്ടുണ്ട്. സുരക്ഷാ ഏജന്‍സികളുടെ വീഴ്ചയെക്കുറിച്ചും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പരിശോധിക്കുന്നുണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷവും രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ ഭിന്നതകള്‍ ഇത്തരം അക്രമാസക്തമായ തലങ്ങളിലേക്ക് മാറുന്നത് ആശങ്കാജനകമാണ്. വരും ദിവസങ്ങളില്‍ പ്രതിയുടെ കൂടുതല്‍ പശ്ചാത്തല വിവരങ്ങള്‍ പുറത്തുവരുന്നതോടെ ഗൂഢാലോചനയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


900 വാഗ്ദാനങ്ങൾ, 97 ശതമാനവും പൂർത്തിയായി; പത്താം വർഷത്തിൽ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ





