പാലക്കാട്: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ സൂര്യതാപം റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു. പാലക്കാടും ഇടുക്കിയിലുമായി മൂന്നുപേർക്കാണ് കഴിഞ്ഞ ദിവസം സൂര്യതാപമേറ്റത്. ചൂട് വർധിച്ച സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ജയന് കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി മൂന്നിടത്ത് പൊള്ളലേറ്റു. മറ്റൊരു സംഭവത്തിൽ, ഒറ്റപ്പാലം സ്വദേശിനിയായ ജയശ്രീക്ക് വാണിയംകുളത്തുനിന്ന് തോട്ടക്കരയിലേക്ക് പോകുന്നതിനിടയിലാണ് സൂര്യതാപമേറ്റത്.
കട്ടപ്പന 20 ഏക്കർ സ്വദേശി അജീഷിനാണ് ജോലി ചെയ്യുന്നതിനിടെ പൊള്ളലേറ്റത്. തടിപ്പണികളിൽ ഏർപ്പെട്ടിരിക്കവെയാണ് അജീഷിന് സൂര്യതാപമേറ്റത്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.സംസ്ഥാനത്ത് ഇടുക്കി, വയനാട് ജില്ലകൾ ഒഴികെ 12 ജില്ലകളിൽ നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. താപനില ക്രമാതീതമായി ഉയരുന്നതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക:രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കുക.
ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇടയ്ക്കിടെ വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കുന്നത് ശീലമാക്കുക. പുറത്തിറങ്ങുമ്പോൾ അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഗുണകരമാണ്. അമിതമായ ക്ഷീണം, തലകറക്കം, ചർമ്മത്തിൽ പൊള്ളൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.കഠിനമായ ചൂട് തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.
സർക്കാർ നയങ്ങൾക്കെതിരായ വിമർശനം വിനയായി; ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോകിനെ സസ്പെൻഡ് ചെയ്തു


ചോറ്റാനിക്കര പെൺകുട്ടിയുടെ മരണം: കൊറിയൻ പ്രൊഫൈലിന് പിന്നിൽ മലയാളി സുഹൃത്തുക്കളെന്ന് സംശയം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്





