വാഷിംഗ്ടണ്‍ ഡിസി: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ വെടിയുതിര്‍ത്ത അക്രമിയെ കാലിഫോര്‍ണിയയില്‍ നിന്നുള്ള അധ്യാപകനായി തിരിച്ചറിഞ്ഞു. ലോസ് ഏഞ്ചല്‍സ് സ്വദേശിയായ 31 വയസ്സുകാരന് കോള്‍ തോമസ് അല്ലന് ആണ് പിടിയിലായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതീവ സുരക്ഷാ ചെക്ക്പോസ്റ്റ് ഭേദിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുന്നിരുന്ന ബാള്‍റൂമിന് തൊട്ടടുത്തുവരെ എത്തിയ ഇയാളെ മിന്നല്‍ നീക്കത്തിലൂടെയാണ് സുരക്ഷാ സേന കീഴ്പ്പെടുത്തിയത്.
പിടിയിലായ കോള്‍ തോമസ് അല്ലന്റെ ചിത്രം പ്രസിഡന്റ് ട്രംപ് തന്നെ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചു. ഷര്‍ട്ട് ധരിക്കാതെ, തറയില്‍ കമഴ്ന്നു കിടക്കുന്ന അക്രമിയുടെ ചിത്രമാണ് ട്രംപ് പുറത്തുവിട്ടത്. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി , കാല്‍ടെക് എന്നിവിടങ്ങളില്‍ നിന്നുള്ള ബിരുദധാരിയായ ഇയാള്‍ ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനാണെന്ന വാര്‍ത്ത മാധ്യമലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
അക്രമി വന്‍ ആയുധശേഖരവുമായാണ് വിരുന്ന് നടന്ന ഹോട്ടലിലെത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. ഒരു ഷോട്ട്ഗണ്‍, ഹാന്ഡ്ഗണ്, കൂടാതെ ഒന്നിലധികം കത്തികള്‍ എന്നിവ ഇയാളില്‍ നിന്ന് കണ്ടെടുത്തു. അതീവ സുരക്ഷാ വലയങ്ങള്‍ ഭേദിച്ച് ഇത്രയേറെ ആയുധങ്ങളുമായി ഒരാള്‍ക്ക് എങ്ങനെ ബാള്‍റൂം പ്രവേശന കവാടം വരെ എത്താന്‍ സാധിച്ചു എന്നത് വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
അക്രമിക്ക് ബാള്റൂമിനുള്ളിലേക്ക് കടക്കാന്‍ സാധിച്ചില്ലെങ്കിലും തൊട്ടടുത്തെത്തി വെടിയുതിര്‍ത്തത് ഭീതിജനകമായ സാഹചര്യമാണ് സൃഷ്ടിച്ചത്. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ വുള്‍ഫ് ബ്ലിറ്റ്സര്‍ പറഞ്ഞത്, തനിക്ക് ഏതാനും അടി മാത്രം അകലെ നിന്നാണ് അക്രമി ആറോളം തവണ നിറയൊഴിച്ചതെന്നാണ്. ചെവി തുളയ്ക്കുന്ന രീതിയിലുള്ള വലിയ വെടിയൊച്ചകളാണ് കേട്ടതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്റെ മേല്‍ ചാടിവീണ് തന്നെ സംരക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ അക്രമിയെ ‘മാനസികരോഗി’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ‘ഇയാള്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത് . ഇതൊരു ഭ്രാന്തമായ നീക്കമാണ്. തികച്ചും രോഗാതുരമായ മനസ്സുള്ള വ്യക്തികള്‍ക്ക് മാത്രമേ ഇങ്ങനെ ചെയ്യാന്‍ കഴിയൂ’ എന്നും ട്രംപ് രൂക്ഷമായി പ്രതികരിച്ചു. അക്രമി ഓടിവരുന്ന ദൃശ്യങ്ങള്‍ സുരക്ഷാ ക്യാമറകളില്‍ അവ്യക്തമായി പതിഞ്ഞിട്ടുണ്ട്.
വെടിവെപ്പ് ഉണ്ടായ നിമിഷം തന്നെ പ്രസിഡന്റ് ട്രംപിനെ സുരക്ഷിതനായി വേദിയില്‍ നിന്നും മാറ്റി. ഇതിനിടെ അദ്ദേഹം അല്പം തെന്നിവീണെങ്കിലും ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ താങ്ങി എഴുന്നേല്‍പ്പിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരെയും സുരക്ഷിതമായി സംഭവസ്ഥലത്ത് നിന്ന് മാറ്റാന്‍ സാധിച്ചു.
സംഭവത്തിനിടെ ഒരു സീക്രട്ട് സര്‍വീസ് ഏജന്റിന് വെടിയേറ്റു. നെഞ്ചിനാണ് വെടിയേറ്റതെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവന് അത്ഭുതകരമായി രക്ഷപ്പെട്ടു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെങ്കിലും ഇയാളെ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അക്രമം നടന്നതോടെ വൈറ്റ് ഹൗസ് ഡിന്നര്‍ ഔദ്യോഗികമായി റദ്ദാക്കി. പ്രസിഡന്റ് ആദ്യം ചടങ്ങ് തുടരണമെന്ന നിലപാടിലായിരുന്നുവെങ്കിലും സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരം ചടങ്ങ് ഉപേക്ഷിക്കുകയായിരുന്നു. അതിഥികള്‍ക്ക് സുരക്ഷിതമായി പുറത്തേക്ക് പോകാനുള്ള സൗകര്യം പോലീസ് ഒരുക്കി. നാഷണല്‍ ഗാര്‍ഡിനെ ഹോട്ടലിനുള്ളില്‍ വിന്യസിച്ചിട്ടുണ്ട്.
എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്ക്ക്വെയിന് മുള്ളിന് എന്നിവര്‍ക്കൊപ്പം വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് പുതിയ വിവരങ്ങള്‍ പങ്കുവെച്ചത്. രാജ്യത്തിന്റെ ഭരണഘടനയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമായി സമര്‍പ്പിക്കപ്പെട്ട ഒരു വിരുന്നിനിടെ ഇത്തരമൊരു സംഭവം നടന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കോള്‍ തോമസ് അല്ലന്റെ ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം ഇതുവരെ വ്യക്തമല്ല. ഇയാള്‍ മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്പ്പെട്ടിട്ടുള്ളയാളാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കാലിഫോര്‍ണിയയിലെ ഇയാളുടെ താമസസ്ഥലത്തും ജോലിസ്ഥലത്തും വിശദമായ പരിശോധനകള്‍ നടക്കും. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഈ കേസില്‍ അതീവ ജാഗ്രതയോടെയാണ് അമേരിക്കന്‍ ഏജന്‍സികള്‍ മുന്നോട്ട് പോകുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


താക്കീതുമായി യുഎസ് പ്രസിഡന്റ് ;” ഇനി സഹായിക്കാനില്ല ; ഇന്ധനത്തിനായി സ്വന്തം വഴി നോക്കാൻ രാജ്യങ്ങളോട് ട്രംപ്’





