മുണ്ടത്തിക്കോട്: വര്‍ണ്ണവിസ്മയങ്ങള്‍ തീര്‍ക്കേണ്ടവര്‍ കരിമരുന്നിന്റെ കറുത്ത പുകമറയ്ക്കുള്ളിലേക്ക് മറഞ്ഞുപോയ ആ നിമിഷത്തെക്കുറിച്ച് പറയുമ്പോള്‍ രക്ഷപ്പെട്ടവരുടെ വാക്കുകളില്‍ ഇന്നും വിറയല്‍ ബാക്കിയുണ്ട്. കുട്ടംകുളം പാടത്തെ വെടിക്കെട്ടുപുരയെ ചുട്ടുചാമ്പലാക്കിയ വിനാശത്തിന്റെ അഗ്‌നിപടര്‍ന്നത് കരിമരുന്നുപുരയില്‍ നിന്നുതന്നെയാണെന്ന് ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു. കത്തിയതാണോ അതോ അറിയാതെ കത്തിയതാണോ എന്ന തര്‍ക്കം ബാക്കിയാകുമ്പോഴും, ഒരു കമ്പിത്തിരി കത്തുന്നതുപോലെയുള്ള ചെറിയൊരു ശബ്ദമാണ് മഹാദുരന്തത്തിന്റെ ആദ്യ വിളംബരം നടത്തിയതെന്ന് തൊഴിലാളികള്‍ പറയുന്നു.
മരണത്തിന്റെ ആഴം അളന്ന വിസ്‌ഫോടനമുണ്ടായ കരിമരുന്നുപുരയില്‍ നിന്ന് ഏതാനും അടി മാത്രം അകലെയായിരുന്നു പടുകൂറ്റന്‍ ഗുണ്ടുകളില്‍ മരുന്ന് നിറയ്ക്കുന്ന പണി നടന്നിരുന്നത്. പത്തിലേറെ തൊഴിലാളികള്‍ ആ സമയം അവിടെയുണ്ടായിരുന്നു. മരുന്നുപുരയില്‍ നിന്ന് തീപ്പൊരി പടര്‍ന്നത് അതിവേഗമാണ്. ‘ഓടിക്കോ…’ എന്ന നിലവിളി മുഴങ്ങിയപ്പോഴേക്കും മരണദൂതനെപ്പോലെ തീ ഗുണ്ടുകളിലേക്ക് പടര്‍ന്നുകഴിഞ്ഞിരുന്നു. ആദ്യ സ്ഫോടനത്തിന്റെ ആഘാതത്തില്‍ മരുന്ന് നിറയ്ക്കുന്നവര്‍ക്ക് രക്ഷപ്പെടാന്‍ യാതൊരു പഴുതും ലഭിച്ചില്ല. അവരുടെ ശരീരങ്ങള്‍ പ്രകമ്പനത്തിനൊപ്പം ചിതറിത്തെറിച്ച കാഴ്ച സഹപ്രവര്‍ത്തകര്‍ക്ക് ഇന്നും നടുങ്ങുന്ന ഓര്‍മ്മയാണ്.
കുട്ടംകുളം പള്ളിപ്പെരുന്നാളിനായി രാത്രി പൊട്ടിക്കാനുള്ള അമിട്ടുകളുടെയും ഡൈനകളുടെയും അവസാനഘട്ട മിനുക്കുപണികളായിരുന്നു അവിടെ നടന്നുവന്നത്. മരുന്നുപുരയില്‍ തുടങ്ങിയ തീ തൊട്ടടുത്ത ഷെഡുകളിലേക്ക് പടര്‍ന്നതോടെ പടക്കം പൊട്ടുന്നതുപോലെയല്ല, മറിച്ച് യുദ്ധഭൂമിക്ക് സമാനമായി ഉഗ്രസ്‌ഫോടനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായി. ചെറിയ ഗുണ്ടുകള്‍ നിറയ്ക്കുന്ന ഭാഗത്തുണ്ടായിരുന്ന എട്ടുപേര്‍ ശബ്ദം കേട്ട ഉടനെ ഓടി മാറിയെങ്കിലും ലൈസന്‍സി സതീഷിനും സഹപ്രവര്‍ത്തകന്‍ രാഗേഷിനും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. ഇതാണ് ഇവര്‍ക്ക് മാരകമായി പൊള്ളലേല്‍ക്കാന്‍ കാരണമായത്.
ജീവന്‍ രക്ഷിക്കാന്‍: തലയ്ക്കു മുകളിലൂടെയും വശങ്ങളിലൂടെയും ഗുണ്ടുകള്‍ പാഞ്ഞുപോകുമ്പോള്‍ ജീവന്‍ കയ്യില്‍പിടിച്ചുള്ള ഓട്ടമായിരുന്നു പലരുടേതും. ഓട്ടത്തിനിടയില്‍ വെടിക്കെട്ട് കുഴലുകള്‍ (കോറ) ഇടിച്ച് വീണവരുമുണ്ട്. ഓലപ്പടക്കമുണ്ടാക്കുന്നവരും തിരി ഉണക്കാന്‍ വെച്ചിരുന്നവരും പാടത്തേക്ക് ഓടിയിറങ്ങിയതുകൊണ്ടാണ് വലിയ ദുരന്തത്തില്‍ നിന്ന് ഒഴിവായത്.
സ്‌ഫോടനത്തിന് ശേഷം അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 500 കിലോയോളം പൊട്ടാത്ത വെടിക്കോപ്പുകളാണ് ദുരന്തഭൂമിയില്‍ ബാക്കിയായത്. 15 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 362 കിലോ കരിമരുന്ന്, 50.9 കിലോ അലുമിനിയം പൗഡര്‍, നൂറോളം അമിട്ടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
വെടിക്കെട്ട് വിദഗ്ധന്‍ വിജേഷിന്റെ സഹായത്തോടെ പോലീസ് ഈ മാരകശേഖരം നിര്‍വീര്യമാക്കി. നിലവില്‍ വടക്കാഞ്ചേരിയിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ ഇവ കോടതിയുടെ അനുമതിയോടെ പൂര്‍ണ്ണമായി നശിപ്പിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാലക്കാട് രമേഷ് പിഷാരടി; കണ്ണൂരും കോന്നിയിലും സ്ഥാനാര്‍ത്ഥികളായില്ല; 19 സിറ്റിങ് എംഎല്‍എമാരടക്കം 55 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക; പെരുമ്പാവൂരും സപ്രൈസ് തുടരുന്നു; കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ





