‘കൃഷ്ണന്‍ എവിടെയുണ്ടെന്ന് ഇനി മകനോട് ചോദിക്കാം’; പിണറായിയെ പരിഹസിച്ച് സെന്‍കുമാര്‍; വി.എസിന്റെ മകനും ശബരിമലയില്‍ പോകാറുണ്ടെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും കുടുംബവും ഗുരുവായൂര്‍ ദര്‍ശനം നടത്തിയതില്‍ ശ്രദ്ധേയ പ്രതികരണവുമായി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ‘അവിടെയാണോ നിങ്ങളുടെ കൃഷ്ണന്‍ ഇരിക്കുന്നത്’ എന്ന് മുന്‍പ് ചോദിച്ച മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ മകനും കുടുംബവും തന്നെ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണെന്ന് സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വോട്ടെണ്ണല്‍ നടക്കാനിരിക്കെ നടത്തിയ ഈ ദര്‍ശനം രാഷ്ട്രീയ കേന്ദ്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.
കൃഷ്ണന്‍ എവിടെയാണ് ഇരിക്കുന്നത് എന്ന് ഇനി പിണറായി വിജയന് സ്വന്തം മകനോട് ചോദിച്ചാല്‍ മതിയെന്ന് സെന്‍കുമാര്‍ പരിഹസിച്ചു. കൃഷ്ണന്‍ തൂണിലും തുരുമ്പിലും എല്ലായിടത്തും ഉണ്ടെന്നും അത് ഇപ്പോള്‍ മകന് മനസ്സിലായിക്കാണുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ തീയതി അടുത്തുവരുന്ന സാഹചര്യത്തില്‍ ഈ ദര്‍ശനം സ്വാഭാവികമാണെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഗുരുവായൂരില്‍ എത്തിയ പിണറായി കൃഷ്ണന്‍ എവിടെയാണ് ഇരിക്കുന്നതെന്ന് ചോദിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സെന്‍കുമാറിന്‍്‌റെ പോസ്റ്റ്.
പിണറായി വിജയന്റെ മകന്‍ മാത്രമല്ല, മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറും ഈശ്വരവിശ്വാസിയാണെന്ന് സെന്‍കുമാര്‍ വെളിപ്പെടുത്തി. അരുണ്‍ കുമാറിനൊപ്പം പലതവണ താന്‍ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ഹിന്ദുമതത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്ന നേതാക്കളുടെ മക്കള്‍ എന്തുകൊണ്ടാണ് ദൈവവിശ്വാസികളായി മാറുന്നതെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്ന് സെന്‍കുമാര്‍ ആവശ്യപ്പെട്ടു. എസ്. എം.വി. ഗോവിന്ദന്‍, എം.എ. ബേബി, എ.എ. റഹീം തുടങ്ങിയ നേതാക്കള്‍ ഇക്കാര്യം ഗൗരവമായി കാണണം.
പാര്‍ട്ടി സൂക്തങ്ങള്‍ പ്രസംഗിക്കുന്ന നേതാക്കളുടെ കുടുംബങ്ങള്‍ എന്തുകൊണ്ട് ഹിന്ദു ഈശ്വര വിശ്വാസത്തിലേക്ക് തിരിയുന്നു എന്നത് ചര്‍ച്ചയാകേണ്ടതുണ്ട്. കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കള്‍ വിശ്വാസവഴിയെ പോകുന്നത് പാര്‍ട്ടിക്കുള്ളിലും അണികള്‍ക്കിടയിലും നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം ഗുരുവായൂരില്‍ ദര്‍ശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രൂക്ഷമായ പരിഹാസവുമായി മുന്‍ ഡിജിപി രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….
”അവിടെയാണോ നിങ്ങളുടെ കൃഷ്ണന്‍ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് അദ്ദേഹത്തിന്റെ മകനും കുടുംബവും തന്നെ ഉത്തരം നല്‍കിയിരിക്കുന്നു.
മകനും കുടുംബവും ഗുരുവായൂരപ്പനെ ദര്‍ശിച്ചു മടങ്ങി. ദര്‍ശനം എന്തിനുവേണ്ടിയുള്ളതായിരുന്നു എന്നുള്ളത് പ്രത്യേകിച്ചും വോട്ടെണ്ണല്‍ 4 ആം തീയതി ആയിരിക്കുമ്പോള്‍ വളരെ സ്വാഭാവികമാണ്.
ഏതായാലും ഒരു കാര്യം ഉറപ്പിക്കാം. ഇനി ശ്രീ പിണറായി വിജയന് മകനോട് ചോദിച്ചാല്‍ മതി – കൃഷ്ണന്‍ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം. കൃഷ്ണന്‍ എല്ലായിടത്തും ഉണ്ട് കേട്ടോ ശ്രീ പിണറായി വിജയന്‍? തൂണിലും തുരുമ്പിലും എല്ലാം കൃഷ്ണന്‍ വസിക്കുന്നു. അതിപ്പോള്‍ മകനു മനസ്സിലായിക്കാണും.
ഇതുപോലെതന്നെയാണ് ശ്രീ വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറും. അദ്ദേഹവുമൊത്തു പല പ്രാവശ്യം ഞാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. അപ്പോള്‍ ഹിന്ദു മതത്തെ ഇത്രയധികം പുറകോട്ടടിച്ച ഈ നേതാക്കളുടെ മക്കള്‍ എന്തുകൊണ്ട് ദൈവ വിശ്വാസികളായിമാറുന്നു ? അത് ആദ്യം അവരൊന്ന് ചര്‍ച്ച ചെയ്യട്ടെ. പാര്‍ട്ടി സെക്രെട്ടറി എം വി ഗോവിന്ദനും , എം ഏ ബേബിയും , അതുപോലെ ഡബിള്‍ ഏ റഹീമും ഒക്കെ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ് തങ്ങളുടെ പാര്‍ട്ടി നേതാക്കളുടെ മക്കള്‍ എന്തുകൊണ്ട് ഹിന്ദു ഈശ്വര വിശ്വാസികളായി മാറുന്നു എന്നുള്ളത്”.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.