സിനിമാ സെറ്റുകളില്‍ ലഹരിയെത്തിക്കുന്ന ‘വന്‍ സ്രാവ്’; കെവിന്‍ ചില്ലറക്കാരനല്ല! പിന്നില്‍ വന്‍ ലോബി; ഉറവിടം തേടി പോലീസ്; ബിഗ് മാഡത്തെ കണ്ടെത്താന്‍ അന്വേഷണം

കൊച്ചി: തൃക്കാക്കര മയക്കുമരുന്ന് കേസില്‍ പിടിയിലായ കെവിന്‍ ബി. മാത്യു കൊച്ചിയിലെ ലഹരി വിപണിയിലെ വെറുമൊരു കച്ചവടക്കാരനല്ലെന്നും സിനിമ-സീരിയല്‍ മേഖലയുമായി ആഴത്തില്‍ ബന്ധമുള്ള വന്‍ സ്രാവെന്നും സൂചന. സിനിമാ സെറ്റുകളിലേക്കും ആഡംബര ഹോട്ടലുകളിലെ രഹസ്യ പാര്‍ട്ടികളിലേക്കും വന്‍തോതില്‍ ലഹരിമരുന്ന് എത്തിച്ചിരുന്നത് കെവിനാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. രണ്ടു വര്‍ഷത്തിനിടെ 20 ലക്ഷം രൂപയുടെ ഇടപാടുകള്‍ മാത്രം നടത്തിയ കെവിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ മലയാള സിനിമാ ലോകത്തെ പല പ്രമുഖരുടെയും ലഹരി ബന്ധങ്ങള്‍ പുറത്തുവരുമെന്നാണ് നാര്‍ക്കോട്ടിക് സെല്‍ എസിപി ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കരുതുന്നത്.
വെറുമൊരു ലഹരി വില്‍പ്പനക്കാരന്‍ എന്നതിനപ്പുറം ഉന്നതരുമായി അടുത്ത ബന്ധമുള്ള ‘വൈറ്റ് കോളര്‍’ ക്രിമിനലാണ് കെവിനെന്ന് ഇയാളുടെ മൊഴികള്‍ വ്യക്തമാക്കുന്നു. കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ ഇയാള്‍ നടത്തിയ പാര്‍ട്ടികളില്‍ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ ബിസിനസുകാരും സിനിമയിലെ ‘പുതുതലമുറ’ താരങ്ങളും എത്താറുണ്ടായിരുന്നു. ഇവന്റ് മാനേജ്മെന്റ് ബിസിനസിന്റെ മറവിലായിരുന്നു ഈ കറുത്ത വ്യാപാരം. ലഹരിയുടെ ഉറവിടം തേടി കെവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ തമ്പടിച്ചിരിക്കുന്ന ഒരു മലയാളി യുവതിയാണ് കെവിനെ നിയന്ത്രിച്ചിരുന്നതെന്നാണ് കണ്ടെത്തല്‍. ബിഗ് മാഡം ആണവര്‍ എന്നാണ് സൂചന.
സിനിമാ മോഹവുമായി എത്തുന്ന യുവതികളെയും കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ എന്ന് ചമയുന്ന ചിലരെയും ഉപയോഗിച്ച് ലഹരിക്കടത്ത് സുഗമമാക്കാനും ഇയാള്‍ക്ക് കഴിഞ്ഞിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പെണ്‍കുട്ടികളെ വലയിലാക്കി ലഹരിക്കടത്തിലെ കാരിയര്‍മാരാക്കി മാറ്റുകയായിരുന്നു ഇവരുടെ രീതി. കെവിന്‍ നടത്തിയ വിദേശയാത്രകളെക്കുറിച്ചും പോലീസ് ഗൗരവകരമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് ലഹരിമരുന്ന് എത്തിച്ചിരുന്നോ എന്നും ഇയാള്‍ക്ക് അന്താരാഷ്ട്ര മാഫിയകളുമായി ബന്ധമുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്. സിനിമാ സെറ്റുകളില്‍ നിശ്ചിത ഇടവേളകളില്‍ ലഹരി എത്തിക്കാന്‍ ഇയാള്‍ക്ക് പ്രത്യേക സംവിധാനമുണ്ടായിരുന്നു. സെറ്റുകളില്‍ ലഹരി പാര്‍ട്ടികള്‍ നടക്കാറുണ്ടെന്ന വെളിപ്പെടുത്തല്‍ സിനിമാ മേഖലയെത്തന്നെ പിടിച്ചുലച്ചിരിക്കുകയാണ്.
തൃക്കാക്കര വാഴക്കാലയില്‍ വെച്ച് സിറ്റി പോലീസ് നടത്തിയ റെയ്ഡിലാണ് 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്സ്റ്റസി ഗുളികകളുമായി കെവിന്‍ പിടിയിലായത്. നേരത്തെ കടവന്ത്രയിലെ ഹോട്ടലില്‍ നടന്ന റെയ്ഡില്‍ പിടിയിലായ എട്ടുപേരില്‍ നിന്നാണ് കെവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. അന്ന് പിടിയിലായ ദന്തഡോക്ടറും ബിസിനസുകാരും കെവിന്റെ വിശ്വസ്തരായിരുന്നു. സിനിമയിലെ ചില ‘പുതുതലമുറ’ ക്ലബ്ബുകളുമായി കെവിനുള്ള ബന്ധം പോലീസ് പരിശോധിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ കാറുകളില്‍ കറങ്ങി നടന്ന് വിതരണം ചെയ്യുന്ന രീതിയും ഇയാള്‍ക്കുണ്ടായിരുന്നു. ലഹരിമരുന്ന് പാക്കറ്റുകളില്‍ രഹസ്യ കോഡുകള്‍ ഉപയോഗിച്ചായിരുന്നു വിതരണം. ആഡംബര കാറുകളില്‍ മാത്രം സഞ്ചരിച്ചിരുന്ന കെവിന്റെ ജീവിതശൈലിയും സാമ്പത്തിക സ്രോതസ്സും പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്.
കെവിനെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ ലഹരിയുടെ പ്രധാന ഉറവിടമായ മലയാളി യുവതിയിലേക്കും അവരെ നിയന്ത്രിക്കുന്ന സിനിമാ മാഫിയയിലേക്കും എത്താന്‍ കഴിയുമെന്നാണ് പോലീസ് വിശ്വസിക്കുന്നത്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി ശൃംഖലയില്‍ കൊച്ചിയിലെ പല വമ്പന്മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് നാര്‍ക്കോട്ടിക് സെല്‍. വരും ദിവസങ്ങളില്‍ സിനിമ-സീരിയല്‍ രംഗത്തെ കൂടുതല്‍ പേര്‍ക്ക് നോട്ടീസ് നല്‍കാന്‍ പോലീസ് തയ്യാറെടുക്കുന്നു.
ഹരിമരുന്ന് കച്ചവടത്തിന് പുറമെ സാമ്പത്തിക ഇടപാടുകളിലും കെവിന്‍ അഗ്രഗണ്യനായിരുന്നു. മയക്കുമരുന്ന് പണം ഉപയോഗിച്ച് ഇയാള്‍ ബിനാമി പേരുകളില്‍ നിക്ഷേപം നടത്തിയോ എന്നും പരിശോധിക്കുന്നുണ്ട്. ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി.
ലഹരി മാഫിയയെ കൊച്ചിയില്‍ നിന്ന് പിഴുതെറിയാനുള്ള ദൗത്യത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായി നഗരത്തിലെ ആഡംബര ഹോട്ടലുകളിലും ഫ്‌ലാറ്റുകളിലും നിരീക്ഷണം ശക്തമാക്കി. കെവിനെപ്പോലുള്ള വന്‍ സ്രാവുകളെ പിടികൂടുന്നത് ലഹരി വിതരണ ശൃംഖലയെ തകര്‍ക്കാന്‍ സഹായിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. കെവിന്‍ ബി. മാത്യുവിന്റെ അറസ്റ്റോടെ കൊച്ചിയിലെ ‘ലഹരി സെറ്റുകള്‍ക്ക്’ ചുറ്റുമുള്ള ദുരൂഹതകള്‍ നീങ്ങുകയാണ്. സിനിമയുടെ ഗ്ലാമറിന് പിന്നിലെ കറുത്ത പുകച്ചുരുളുകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍, കൂടുതല്‍ വമ്പന്‍മാരുടെ പേരുകള്‍ കേസില്‍ ഉള്‍പ്പെടാന്‍ സാധ്യതയേറെയാണ്. കെവിനെ കസ്റ്റഡിയില്‍ കിട്ടുന്നതോടെ കൊച്ചിയിലെ ലഹരിവേട്ട പുതിയ തലങ്ങളിലേക്ക് കടക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.