മണിപ്പൂർ: മണിപ്പൂരിൽ അധീവ സംഘർഷം. മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിലുള്ള സഗോൾബന്ദിൽ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന പുകബോംബുകളും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിച്ചതിനെത്തുടർന്ന് ശനിയാഴ്ച കനത്ത സംഘർഷാവസ്ഥ നിലനിന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ നടത്തിയ നീക്കത്തിനിടയിൽ അഞ്ചോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ട്രോങ്ലൗബിയിലുണ്ടായ ബോംബാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ പ്രതിഷേധിച്ചാണ് നാട്ടുകാരും യുവാക്കളും തെരുവിലിറങ്ങിയത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു ഈ ജനരോഷം. വെള്ളിയാഴ്ച രാത്രി മുതൽ ഇംഫാൽ ഈസ്റ്റ് ഉൾപ്പെടെയുള്ള വാലി മേഖലകളിൽ കുട്ടികളുടെ മരണത്തിൽ പ്രതിഷേധിച്ച് വലിയ തോതിലുള്ള പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു.
ഇതേ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി അസമിലെ കാച്ചാർ ജില്ലയിലുള്ള ലക്ഷ്മിപൂരിലെ മെയ്തേയ് വിഭാഗക്കാരും മെഴുകുതിരി തെളിയിച്ച് റാലി നടത്തി. ട്രോങ്ലൗബിയിലെ ദാരുണമായ ഗ്രനേഡ് ആക്രമണത്തിലും തുടർന്ന് നടന്ന പോലീസ് വെടിവെപ്പിൽ മൂന്ന് പ്രതിഷേധക്കാർ കൊല്ലപ്പെട്ടതിലും പ്രതിഷേധിച്ചായിരുന്നു ഈ നീക്കം. ലക്ഷ്മിപൂരിലെ പൂർണഗ്രാമിൽ രണ്ട് മെയ്തേയ് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ സ്ത്രീകളടക്കം മുന്നൂറോളം പേർ പങ്കെടുത്തു. അർദ്ധരാത്രിയിൽ ഒരു സിആർപിഎഫ് ജവാന്റെ വീടിന് നേരെ ഗ്രനേഡ് എറിഞ്ഞ് അഞ്ച് വയസ്സുകാരനെയും അഞ്ച് മാസം പ്രായമുള്ള സഹോദരിയെയും കൊലപ്പെടുത്തിയവർക്കെതിരെ അടിയന്തര നടപടി വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
മൂന്ന് വർഷത്തോളമായി തുടരുന്ന വംശീയ കലാപത്തിന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങിക്കൊണ്ടിരുന്ന മണിപ്പൂരിനെ ഈ സംഭവം വീണ്ടും കലാപഭൂമിയാക്കി മാറ്റിയിരിക്കുകയാണ്. ബിഷ്ണുപൂർ ജില്ലയിൽ സിആർപിഎഫ് ക്യാമ്പിന് തൊട്ടടുത്തായി നടന്ന ഈ ആക്രമണത്തിൽ സുരക്ഷാസേനയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ലക്ഷ്മിപൂരിലെ പ്രതിഷേധക്കാർ ഉയർത്തുന്നത്. ഒരു കിലോമീറ്റർ പരിധിയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിട്ടും ഇത്തരം ആക്രമണങ്ങൾ തടയാൻ കഴിയുന്നില്ലെങ്കിൽ കേന്ദ്ര സേനയുടെ സാന്നിധ്യം കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് ലക്ഷ്മിപൂർ ഖുമൻ ക്ലബ് പ്രസിഡന്റ് തരുൺ സിംഗ് ഉൾപ്പെടെയുള്ളവർ ചോദിക്കുന്നു..


നീറ്റ് – യു.ജി പുനഃപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കില്ല ; സുപ്രീം കോടതി
വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും; തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പുറത്ത്





