പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദം: കേസുമായി മുന്നോട്ട് പോകുമെന്ന് ഫാത്തിമ തഹ്‌ലിയ; ചട്ടലംഘനമില്ലെന്ന കളക്ടറുടെ റിപ്പോർട്ട് തള്ളി യുഡിഎഫ്

കോഴിക്കോട്: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വിവാദ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ. അനൗൺസ്‌മെന്റിൽ പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടില്ലെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് എന്ത് അടിസ്ഥാനത്തിലാണെന്ന് തഹ്‌ലിയ ചോദിച്ചു. വിഷയത്തിൽ എൽഡിഎഫിന്റെ നിലപാടിനെയും ജമാഅത്തെ ഇസ്‌ലാമി ബന്ധത്തെയും അവർ രൂക്ഷമായി വിമർശിച്ചു.

“നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക്” എന്ന് മുസ്ലിം ലീഗ് പ്രചാരണം നടത്തുന്നു എന്നായിരുന്നു എൽഡിഎഫിന്റെ അനൗൺസ്‌മെന്റ്. ഇത് മതപരമായ ഏകീകരണത്തിനുള്ള നീക്കമാണെന്നും ലീഗ് വർഗീയത പയറ്റുകയാണെന്നും എൽഡിഎഫ് വാഹനത്തിൽ നിന്ന് അനൗൺസ്‌മെന്റ് ഉണ്ടായതായി യുഡിഎഫ് ആരോപിക്കുന്നു. ലീഗ് മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് വരുത്തിത്തീർത്ത് വർഗീയ ധ്രുവീകരണത്തിനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്ന് തഹ്‌ലിയ കുറ്റപ്പെടുത്തി. ചങ്ങരോത്ത് പഞ്ചായത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ കൺവെൻഷൻ പരിപാടി തന്റെ ഷെഡ്യൂളിൽ ഇല്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി.

 വിവാദ അനൗൺസ്‌മെന്റിൽ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താനായിട്ടില്ലെന്നാണ് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചത്. ഫ്ലയിംഗ് സ്ക്വാഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഉയർന്ന മറ്റ് പരാതികളിൽ പരിശോധന തുടരുകയാണെന്നും കളക്ടർ വ്യക്തമാക്കി.

 വിവാദത്തിലൂടെ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത് യുഡിഎഫാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ തിരിച്ചടിച്ചു. യുഡിഎഫിന്റേത് മനുഷ്യരെ ഭിന്നിപ്പിക്കുന്ന നിലപാടാണെന്നും വിവാദമായ അനൗൺസ്‌മെന്റ് എൽഡിഎഫ് അംഗീകരിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ ഉപയോഗിക്കുന്ന അനൗൺസ്‌മെന്റിന്റെ പകർപ്പ് അധികൃതർക്ക് ഹാജരാക്കുമെന്നും ടി.പി വ്യക്തമാക്കി.

സ്ഥാനാർത്ഥികൾ നേരിട്ട് കൊമ്പുകോർത്തതോടെ പേരാമ്പ്രയിലെ തെരഞ്ഞെടുപ്പ് ചിത്രം കൂടുതൽ ചൂടുപിടിക്കുകയാണ്. കളക്ടറുടെ റിപ്പോർട്ട് തള്ളിയ യുഡിഎഫ്, വരും ദിവസങ്ങളിൽ വിഷയം കൂടുതൽ ശക്തമായി ഉന്നയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.