ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനങ്ങളുമായി വിജയ്‌യുടെ തമിഴക വെട്രി കഴകം പ്രകടനപത്രിക പുറത്തിറക്കി. സാധാരണക്കാരെയും യുവാക്കളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള വിപ്ലവകരമായ പ്രഖ്യാപനങ്ങളാണ് വിജയ് നടത്തിയിരിക്കുന്നത്. ജനങ്ങളെ വഞ്ചിക്കില്ലെന്നും ലഹരിമുക്ത തമിഴ്‌നാടാണ് തന്റെ ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചു.
ഒരു കുടുംബത്തിന് വർഷം ആറ് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകും. 60 വയസ്സിന് താഴെയുള്ള ഗൃഹനാഥന്മാർക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം നൽകും. തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ തൊഴിലില്ലായ്മ വേതനം നൽകും. കൂടാതെ 20 ലക്ഷം രൂപ വരെ പലിശരഹിത വിദ്യാഭ്യാസ വായ്പയും അഞ്ച് ലക്ഷം യുവാക്കൾക്ക് തൊഴിലവസരവും വാഗ്ദാനം ചെയ്യുന്നു.എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെ എല്ലാ കാർഷിക വായ്പകളും പൂർണ്ണമായും എഴുതിത്തള്ളും. നിർദ്ധനരായ വധുക്കൾക്ക് വിവാഹ സമ്മാനമായി ഒരു പവൻ സ്വർണ്ണവും പട്ടുസാരിയും നൽകും.
ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രമുഖ കക്ഷികളായ ഡിഎംകെയെയും എഐഎഡിഎംകെയെയും പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള ക്ഷേമ പദ്ധതികളാണ് വിജയ് മുന്നോട്ടുവെച്ചിരിക്കുന്നത്. സിനിമയിലെ സൂപ്പർതാര പദവിയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ വിജയ്‌യുടെ ഈ ജനപ്രിയ പ്രഖ്യാപനങ്ങൾ തമിഴകത്തെ വോട്ട് ബാങ്കിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് കരുതുന്നത്.


ഭർത്താവ് ജീവനൊടുക്കിയാൽ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താനാവില്ല; നിർണ്ണായക നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി
മമതയുടെ ബംഗാള്‍ പിടിക്കാന്‍ അമിത് ഷാ നേരിട്ടിറങ്ങുന്നു! 2026 തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയ ചാണക്യന് കൊല്‍ക്കത്തയില്‍, തൃണമൂല്‍ വോട്ട് ബാങ്കുകള്‍ തകര്‍ക്കാന്‍ പ്രത്യേക പദ്ധതികള്‍





