ചെന്നൈ: മണ്ഡലപുനർനിർണയത്തിനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ തമിഴ്നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിൽ ഇന്ന് വ്യാപകമായ കരിങ്കൊടി പ്രതിഷേധം നടക്കുകയാണ്. കേന്ദ്ര തീരുമാനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ വീടുകളിലും പൊതുസ്ഥലങ്ങളിലും കറുത്ത കൊടി ഉയർത്തി പ്രതിഷേധിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന ഡിഎംകെ എംപിമാർ ഇന്ന് കറുത്ത വസ്ത്രം ധരിച്ചാണ് തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തുന്നത്.
ബിജെപി സർക്കാർ തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്നും മണ്ഡലപുനർനിർണയ നീക്കത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നടങ്കം കടുത്ത രോഷത്തിലാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കായി വലിയ സംഭാവനകൾ നൽകുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പുതിയ നീക്കത്തിലൂടെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനസംഖ്യാ നിയന്ത്രണത്തിലും വികസനത്തിലും മികച്ച നേട്ടം കൈവരിച്ച സംസ്ഥാനങ്ങൾക്ക് മണ്ഡലപുനർനിർണയം വഴി പാർലമെന്റിലെ പ്രാതിനിധ്യം കുറയുന്നത് ജനാധിപത്യവിരുദ്ധമാണെന്ന വികാരമാണ് അദ്ദേഹം പങ്കുവെച്ചത്.
തമിഴ്നാടിന്റെ ഈ പ്രതിഷേധവും വികാരവും ഉൾക്കൊള്ളാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്നും ഇതിന് കേന്ദ്രം വലിയ വില നൽകേണ്ടി വരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. ഡിഎംകെ അധ്യക്ഷൻ എന്ന നിലയിലും ആത്മാഭിമാനമുള്ള ഒരു തമിഴൻ എന്ന നിലയിലുമാണ് താൻ ഈ മുന്നറിയിപ്പ് നൽകുന്നതെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. മണ്ഡലപുനർനിർണയം സംബന്ധിച്ച ചർച്ചകൾ ദേശീയതലത്തിൽ സജീവമായിരിക്കെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കാനുള്ള നീക്കമായിട്ടാണ് തമിഴ്നാട് ഈ വിഷയത്തെ നോക്കിക്കാണുന്നത്.
തമിഴ്നാട് സഭയില്‍ നാടകീയ രംഗങ്ങള്‍! നയപ്രഖ്യാപനം നിര്‍ത്തി ആര്.എന്‍. രവി ഗവര്‍ണര്‍ ഇറങ്ങിപ്പോയി; ദേശീയഗാനത്തെ അവഹേളിച്ചെന്ന് പരാതി


നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; മുഖ്യ പ്രതി അറസ്റ്റിൽ





