ന്യൂഡൽഹി: രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഘടനയിലും പ്രാതിനിധ്യ സംവിധാനത്തിലും നിർണ്ണായക മാറ്റങ്ങൾ ലക്ഷ്യമിട്ട് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ സമ്മേളനത്തിൽ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ തന്നെ പുനർനിർണ്ണയിക്കാൻ ശേഷിയുള്ള മൂന്ന് പ്രധാന ബില്ലുകളാണ് സർക്കാർ അവതരിപ്പിക്കുന്നത്. നിലവിലെ ലോക്സഭാ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും വർഷങ്ങളായി ചർച്ചയിലുള്ള വനിതാ സംവരണത്തിന് വ്യക്തമായ രൂപരേഖ നൽകുന്നതിനുമുള്ള നീക്കങ്ങളാണ് ഇതിലൂടെ നടക്കുന്നത്.
ഭരണഘടനാ ഭേദഗതി (131-ാം ഭേദഗതി) ബിൽ 2026, ഡിലിമിറ്റേഷൻ ബിൽ 2026, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമഭേദഗതി ബിൽ 2026 എന്നിവയാണ് ഈ സമ്മേളനത്തിന്റെ മുഖ്യ അജണ്ടകൾ. പുതുക്കിയ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണ്ഡലപുനർനിർണ്ണയം നടത്താനും അതുവഴി ലോക്സഭയിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുമാണ് സർക്കാർ നീക്കം.
സമ്മേളനത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ ഉറപ്പാക്കുന്ന വനിതാ സംവരണ നിയമത്തിന്റെ നടപ്പിലാക്കലാണ്. 2023-ൽ ഈ നിയമം പാസാക്കിയെങ്കിലും പുതിയ മണ്ഡലപുനർനിർണ്ണയവുമായി ബന്ധിപ്പിച്ചിരുന്നതിനാൽ ഇതുവരെ പ്രായോഗികതലത്തിൽ വന്നിരുന്നില്ല. 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണം യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ നിയമതടസ്സങ്ങൾ നീക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി പ്രസക്തമായ ഭരണഘടനാ വകുപ്പുകളിൽ മാറ്റം വരുത്തും.
വിരുദുനഗറിൽ പടക്കശാലയിൽ വൻ സ്ഫോടനം; 20 മരണം, നിരവധി പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു
അതേസമയം, മണ്ഡലപുനർനിർണ്ണയത്തിനുള്ള സർക്കാരിന്റെ നീക്കത്തെ പ്രതിപക്ഷം ശക്തമായി എതിർക്കുന്നുണ്ട്. 2027-ൽ പുറത്തുവരുമെന്ന് കരുതുന്ന 2021-ലെ സെൻസസ് വിവരങ്ങൾ ലഭിക്കുന്നത് വരെ ഈ നടപടികൾ നീട്ടിവയ്ക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.
2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലപുനർനിർണ്ണയം നടത്തുന്നതിലെ അശാസ്ത്രീയത അവർ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാ ഭേദഗതി പാസാക്കുന്നതിന് സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായതിനാൽ, പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സർക്കാർ. കടുത്ത രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കും തർക്കങ്ങൾക്കും ഈ മൂന്ന് ദിനങ്ങളിലെ പാർലമെന്റ് നടപടികൾ സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.


ഉന്നാവോ കേസില്‍ കുല്‍ദീപ് സെംഗാറിന് സുപ്രീം കോടതിയില്‍ തിരിച്ചടി; ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് സ്റ്റേ ചെയ്തു





