ബീഹാർ ഇനി ബിജെപി ഭരിക്കും! സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി; നിതീഷ് കുമാർ പടിയിറങ്ങി; ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രിമാർ

പട്‌ന: ബീഹാർ രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണി. ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബീഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ സയ്യിദ് അദാ ഹാസ്‌നൈൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ബീഹാറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപിയിൽ നിന്നൊരു മുഖ്യമന്ത്രി അധികാരത്തിലെത്തുന്നത്. ഇതോടെ നിതീഷ് കുമാറിന്റെ ദീർഘകാലത്തെ ഭരണത്തിനാണ് സംസ്ഥാനത്ത് വിരാമമായത്.

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നിതീഷ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന സാമ്രാട്ട് ചൗധരിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി കേന്ദ്ര നേതൃത്വം നിർദ്ദേശിക്കുകയായിരുന്നു.

ഉപമുഖ്യമന്ത്രിമാർ: ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാർ ചൗധരി (ജെഡിയു).ജെഡിയു-ബിജെപി സഖ്യം തുടരുമെങ്കിലും ഭരണനേതൃത്വം ഇതാദ്യമായി ബിജെപി കൈക്കലാക്കി എന്ന പ്രത്യേകതയുണ്ട്.

 57-കാരനായ സാമ്രാട്ട് ചൗധരി ബീഹാർ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവാണ്.മുതിർന്ന നേതാവായ ശകുനി ചൗധരിയുടെ മകനായ ഇദ്ദേഹം മുങ്കേറിലെ താരാപ്പുരിൽ നിന്നുള്ള നിയമസഭാംഗമാണ്.ആർജെഡിയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച സാമ്രാട്ട് 2014-ൽ ജെഡിയുവിലും പിന്നീട് 2017-ൽ ബിജെപിയിലുമെത്തി.2023-ൽ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം പിന്നാക്ക സമുദായത്തിൽ നിന്നുള്ള നിർണ്ണായക മുഖമാണ്.

നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് കളം മാറ്റുമ്പോൾ, ബീഹാറിൽ ബിജെപിക്ക് കരുത്തുറ്റ അടിത്തറയുണ്ടാക്കുക എന്ന വലിയ ദൗത്യമാണ് സാമ്രാട്ട് ചൗധരിക്ക് മുന്നിലുള്ളത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.