കേരള ബിജെപിയില്‍ ആരും ഒന്നും അറിഞ്ഞില്ല; കൃഷ്ണകുമാറിനെ ഡല്‍ഹിയില്‍ എത്തുന്നത് മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; എന്‍ എഫ് ഡി സിയെ നയിക്കാന്‍ കൃഷ്ണകുമാര്‍ എത്തുമ്പോള്‍

ന്യൂഡല്‍ഹി: നടന്‍ ജി. കൃഷ്ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍  ചെയര്‍മാനായി നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കം കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. സംസ്ഥാന ഘടകത്തിന്റെ ശുപാര്‍ശകളോ ചര്‍ച്ചകളോ ഇല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെടുത്ത തീരുമാനമാണ് ഈ സ്ഥാനലബ്ദിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. വട്ടിയൂര്‍ക്കാവ് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പരാതി പറയാതെ പാര്‍ട്ടിയില്‍ ഉറച്ചുനിന്ന കൃഷ്ണകുമാറിന് പ്രധാനമന്ത്രി നല്‍കിയ ‘സര്‍പ്രൈസ് സമ്മാനം’ കൂടിയായി ഈ പദവി മാറി.
തിരഞ്ഞെടുപ്പ് ചൂടിനിടയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കൃഷ്ണകുമാറും കുടുംബവും പ്രധാനമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. മക്കളോടും കൊച്ചുമകന്‍ നിയോമിനൊപ്പം പ്രധാനമന്ത്രി ചിലവഴിച്ച നിമിഷങ്ങളുടെ ചിത്രങ്ങള്‍ അന്ന് വൈറലായിരുന്നു. ആ കൂടിക്കാഴ്ച വെറുതെയായില്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. കൊച്ചുമകന് പ്രധാനമന്ത്രി നല്‍കിയ വാത്സല്യം നിറഞ്ഞ സ്വീകരണത്തിന് പിന്നാലെ അപ്പൂപ്പനെ തേടി എത്തിയത് ദേശീയതലത്തിലെ സുപ്രധാന പദവിയാണ്. തന്റെ പരാതികള്‍ കേള്‍പ്പിക്കാനല്ല, മറിച്ച് പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടെന്ന് അറിയിക്കാനാണ് മോദിയെ കണ്ടതെന്ന് കൃഷ്ണകുമാര്‍ തന്നെ വ്യക്തമാക്കുന്നു.
കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന് ഈ നിയമനത്തെക്കുറിച്ച് യാതൊരു മുന്‍സൂചനയും ലഭിച്ചിരുന്നില്ല. സാധാരണയായി ഇത്തരം പദവികളിലേക്ക് സംസ്ഥാന ഘടകത്തിന്റെ ശുപാര്‍ശ തേടാറുള്ളതാണെങ്കിലും, കൃഷ്ണകുമാറിന്റെ കാര്യത്തില്‍ ഡല്‍ഹി നേരിട്ട് കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു. രാത്രി ഏഴരയ്ക്ക് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിളിക്കുമ്പോള്‍ മാത്രമാണ് താന്‍ ചെയര്‍മാനാകാന്‍ പോകുന്ന വിവരം കൃഷ്ണകുമാര്‍ പോലും അറിയുന്നത്. ‘പ്രധാനമന്ത്രി നേരിട്ട് അവിടെ നിന്ന് വിളിച്ചു പറഞ്ഞു’ എന്നാണ് കേന്ദ്രമന്ത്രി കൃഷ്ണകുമാറിനെ അറിയിച്ചത്.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് പുറത്തായപ്പോഴും തന്നേക്കാള്‍ യോഗ്യരായവര്‍ ഉണ്ടാകുമെന്ന് വിശ്വസിച്ച് മൗനം പാലിച്ച കൃഷ്ണകുമാറിന്റെ നിലപാടാണ് മോദിയെ ആകര്‍ഷിച്ചത്. വട്ടിയൂര്‍ക്കാവ് സീറ്റ് കിട്ടാത്തതിലുള്ള ‘സമവായ ഫോര്‍മുല’യല്ല ഈ നിയമനമെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, അര്‍ഹമായ സമയത്ത് പാര്‍ട്ടി നല്‍കിയ അംഗീകാരമായി ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു. കേന്ദ്രത്തിന്റെ നേരിട്ടുള്ള ഈ ഇടപെടല്‍ കേരളത്തിലെ ബി.ജെ.പി ഗ്രൂപ്പ് രാഷ്ട്രീയത്തിനുള്ള പരോക്ഷമായ താക്കീത് കൂടിയാണെന്ന് വിലയിരുത്തപ്പെടുന്നു.
മൂന്ന് വര്‍ഷത്തേക്കാണ് കൃഷ്ണകുമാറിനെ എന്‍.എഫ്.ഡി.സി നോണ്‍ ഒഫീഷ്യല്‍ ഡയറക്ടറായും പാര്‍ട്ട് ടൈം ചെയര്‍മാനായും നിയമിച്ചിരിക്കുന്നത്. 1994-ല്‍ ‘കാശമീര’ത്തിലൂടെ അഭിനയരംഗത്തെത്തിയ കൃഷ്ണകുമാര്‍ 2021-ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. തിരുവനന്തപുരത്തും കൊല്ലത്തും ബി.ജെ.പിക്ക് വേണ്ടി ജനവിധി തേടിയ അദ്ദേഹം പാര്‍ട്ടിയുടെ മുഖമായി കേരളത്തില്‍ മാറിയിരുന്നു. മുതിര്‍ന്ന നേതാവായ സുരേഷ് ഗോപി മന്ത്രിയായി ഡല്‍ഹിയിലുള്ളത് തന്റെ പുതിയ ദൗത്യത്തിന് വലിയ കരുത്താകുമെന്ന് കൃഷ്ണകുമാര്‍ വിശ്വസിക്കുന്നു.
‘പരാതി പറയുന്ന ശീലമില്ല, മനസിലാക്കേണ്ടവര്‍ കാര്യങ്ങള്‍ മനസിലാക്കും’ എന്ന കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇപ്പോള്‍ അന്വര്‍ത്ഥമായിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വസതിയില്‍ അന്ന് വിരിഞ്ഞ ചിരി ഇന്ന് കൃഷ്ണകുമാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി മാറിയിരിക്കുന്നു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്രം നല്‍കിയ ഈ ബൂസ്റ്റര്‍ ഡോസ് കേരളത്തിലെ അണികള്‍ക്കിടയിലും ആവേശം നിറച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഡല്‍ഹിയിലെത്തി അദ്ദേഹം ചുമതലയേറ്റെടുക്കും. ഉടന്‍ തന്നെ മന്ത്രി അശ്വിനി വൈഷ്ണവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.