കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണത്തില്‍ അടിമുടി ദുരൂഹത ; മാതാവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കും, ഭര്‍ത്താവും വീട്ടുകാരും അറിയാതെ കിടപ്പുമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു!

ആര്യങ്കോട്: തിരുവനന്തപുരം ആര്യങ്കോട് മണ്ഡപത്തിൻകടവിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പ്രസവിച്ച ഉടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ മാതാവ് ഷംനയ്‌ക്കെതിരെ (23) പോലീസ് കേസെടുത്തു. രണ്ടാമത് ഗർഭിണിയായ വിവരം വീട്ടുകാരിൽ നിന്ന് മറച്ചുവെച്ച ഷംന, പ്രസവിച്ച വിവരം പുറത്തറിയാതിരിക്കാനാണ് കുഞ്ഞിനെ വകവരുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഈസ്റ്റർ ദിനമായ ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. കശാപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് അൽത്താഫ് ഷാൻ, ഷംന കിടപ്പുമുറിയിൽ രക്തം വാർന്ന് കിടക്കുന്നത് കണ്ട് പരിഭ്രാന്തനായി. വയറുവേദനയാണെന്ന് ഷംന പറഞ്ഞതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി തയ്യാറെടുക്കുന്നതിനിടെയാണ് കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.

വീട്ടുകാർ അറിയാതെ കിടപ്പുമുറിയിൽ വെച്ചായിരുന്നു ഷംനയുടെ പ്രസവം. ഗർഭിണിയാണെന്ന വിവരം ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും ഇവർ ഒളിച്ചുവെച്ചിരുന്നു.

ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ കഴുത്തിൽ മുറിവ് കണ്ടതിനെത്തുടർന്ന് ഡോക്ടർമാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.

നിലവിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷംനയെ ഡിസ്ചാർജ് ചെയ്താലുടൻ പോലീസ് വിശദമായി ചോദ്യം ചെയ്യും.

പ്ലാവിള പുത്തൻവീട്ടിൽ അൽത്താഫ് ഷാൻ – ഷംന ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ഒരു കുട്ടി കൂടിയുണ്ട്. ഷംന എന്തിനാണ് ഗർഭവിവരം ഒളിച്ചുവെച്ചതെന്നും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യമെന്തെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.