തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ എൻഡിഎ സ്ഥാനാർത്ഥികൾക്ക് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. ഉച്ചയ്ക്ക് 2.30-ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്റർ മാർഗ്ഗം ചങ്ങനാശേരി എസ്.എൻ കോളേജ് ഗ്രൗണ്ടിലെത്തും. തുടർന്ന് വൈകിട്ട് നാല് മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന കൂറ്റൻ പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
തിരുവല്ലയിലെ പരിപാടിക്ക് ശേഷം തിരികെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നഗരത്തിൽ വിപുലമായ റോഡ് ഷോയിൽ പങ്കെടുക്കും. കിള്ളിപ്പാലം മുതൽ കരമന ജംഗ്ഷൻ വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. നേമത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ, വട്ടിയൂർക്കാവിലെ ആർ. ശ്രീലേഖ, കഴക്കൂട്ടത്തെ വി. മുരളീധരൻ, തിരുവനന്തപുരം മണ്ഡലം സ്ഥാനാർത്ഥി കരമന ജയൻ എന്നിവർ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയുടെ ഭാഗമാകും. റോഡ് ഷോയ്ക്ക് ശേഷം വൈകിട്ട് ഏഴ് മണിയോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
അതേസമയം, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഇന്ന് കേരളത്തിലെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10.35-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന മന്ത്രി പെരുമ്പാവൂരിലെ എൻഡിഎ സ്ഥാനാർത്ഥി ജി.ബി. പാത്തിയാക്കലിന് വേണ്ടി റോഡ് ഷോ നടത്തും. തുടർന്ന് തൃശൂരിലേക്ക് തിരിക്കുന്ന മന്ത്രി ഇന്നും നാളെയുമായി ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പൊതുപരിപാടികളിൽ സംബന്ധിക്കും.
ആരോഗ്യ മന്ത്രി വീണാ ജോർജ് എവിടെ? പുലർച്ചെ ആശുപത്രി വിട്ട മന്ത്രിയെക്കുറിച്ച് വിവരമില്ല; ദുരൂഹതയെന്ന് പ്രതിപക്ഷം
ദേശീയ നേതാക്കളുടെ തുടർച്ചയായ സന്ദർശനം കേരളത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പുതിയ ഊർജ്ജം നൽകിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തും തിരുവല്ലയിലും കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.


കുറ്റ്യാടി മുതൽ തൃത്താല വരെ; നേരിയ ഭൂരിപക്ഷത്തിന് നഷ്ടമായ മണ്ഡലങ്ങളിൽ യുഡിഎഫ് തന്ത്രം





