തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 11 ദിവസങ്ങൾ മാത്രം ശേഷിക്കെ കേരളം അക്ഷരാർത്ഥത്തിൽ തിരഞ്ഞെടുപ്പ് ചൂടിലാണ്. വോട്ടർമാരെ നേരിൽ കാണാനുള്ള അവസാന വട്ട ശ്രമങ്ങളിലേക്ക് മുന്നണികൾ . എൻഡിഎയുടെ പ്രചാരണത്തിന് കരുത്തുപകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.
ഉച്ചയ്ക്ക് 2:30-ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. തുടർന്ന് വൈകുന്നേരത്തോടെ തൃശൂരിലെത്തുന്ന അദ്ദേഹം സ്വരാജ് റൗണ്ടിൽ വമ്പിച്ച റോഡ് ഷോ നടത്തും. തൃശൂർ ജില്ലാ ജനറൽ ആശുപത്രി മുതൽ ബിനി ഹെറിറ്റേജ് വരെ 900 മീറ്റർ ദൂരത്തിലാണ് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടനെല്ലൂരിലെ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും റോഡ് ഷോയിൽ അണിനിരക്കും.
അതേസമയം, എൽഡിഎഫിന്റെ കോട്ടകൾ കാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മലപ്പുറം ജില്ലയിൽ സജീവമാകും. രാവിലെ ഒൻപതിന് നടക്കുന്ന വാർത്താസമ്മേളനത്തിന് ശേഷം തിരൂർ, പൊന്നാനി മണ്ഡലങ്ങളിലും വൈകുന്നേരം തവനൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിലും അദ്ദേഹം എൽഡിഎഫ് റാലികൾ ഉദ്ഘാടനം ചെയ്യും. എൽഡിഎഫും യുഡിഎഫും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളാണ് ഇവയെന്നത് മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. എസ്ഡിപിഐ പിന്തുണയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.
യുഡിഎഫിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വടക്കൻ പറവൂരിൽ പ്രചാരണത്തിന് നേതൃത്വം നൽകുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ പത്തനംതിട്ടയിൽ എത്തുന്നതോടെ പ്രചാരണം കൂടുതൽ ആവേശഭരിതമാകും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള അവസാന വട്ട നീക്കങ്ങളിൽ ഡിസിസി കൗൺസിലർക്കെതിരെയുള്ള പീഡനാരോപണവും എസ്ഡിപിഐ വോട്ട് വിവാദവുമാണ് രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തൃശൂർ നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആർ.സി.സി നിയമന ക്രമക്കേട്: ചീഫ് നഴ്സിംഗ് ഓഫീസറുടെ നൈറ്റിംഗേൽ അവാർഡ് പിൻവലിക്കണമെന്ന് രാഷ്ട്രപതിക്ക് നിവേദനം




