വനാതിര്‍ത്തിയിലെ വൈദ്യുത വേലികള്‍ തകര്‍ക്കുന്നതില്‍ വിദഗ്ധന്‍; ‘റിസ്‌ക് ടേക്കിങ് ഫ്രീക്വന്റ് ക്രോപ്പ് റൈഡര്‍’! നാടിനെ വിറപ്പിച്ച ‘താത്തൂര്‍ ടസ്‌കര്‍’ പിടിയില്‍; മയക്കുവെടിയേറ്റ് മുട്ടിക്കൊമ്പന്‍ തളര്‍ന്നു; ഒടുവില്‍ ദൗത്യം വിജയം; വയനാടിന് ആശ്വാസം

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ വടക്കനാട്, വള്ളുവാടി മേഖലകളില്‍ വര്‍ഷങ്ങളായി ഭീതി പരത്തിയിരുന്ന ‘മുട്ടിക്കൊമ്പന്‍’ എന്ന കാട്ടാനയെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വെച്ചു പിടികൂടി. 13 ദിവസം നീണ്ടുനിന്ന അതിശക്തമായ തിരച്ചിലിനൊടുവിലാണ് വനംവകുപ്പിന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച നീക്കത്തിനൊടുവില്‍ താത്തൂര്‍ സെക്ഷനിലെ ഓനച്ചന്‍ കവലയില്‍ വെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. വനംവകുപ്പ് രേഖകളില്‍ ‘താത്തൂര്‍ ടസ്‌കര്‍ 1’ എന്ന് പേരിട്ടിരിക്കുന്ന ഈ കൊമ്പന്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ സ്ഥിരം ശല്യക്കാരനായിരുന്നു.
മാര്‍ച്ച് നാലിന് വടക്കനാട് സ്വദേശിയായ യുവകര്‍ഷകന്‍ രജീവിനെ (37) ഈ ആന ആക്രമിച്ചു കൊലപ്പെടുത്തിയതോടെയാണ് ആനയെ പിടികൂടാനുള്ള പ്രതിഷേധം ശക്തമായത്. തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്ന് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള 80 അംഗ സംഘം വനത്തിനുള്ളില്‍ നിരീക്ഷണം നടത്തിവരികയായിരുന്നു. അതിസമര്‍ത്ഥനായ മുട്ടിക്കൊമ്പന്‍ പലതവണ ദൗത്യസംഘത്തിന്റെ കണ്ണുവെട്ടിച്ച് കാടിനുള്ളിലേക്ക് ഓടിമറഞ്ഞത് ദൗത്യം നീളാന്‍ കാരണമായി.
മുത്തങ്ങ ആനപ്പന്തിയിലെ വിക്രം, സൂര്യ, പ്രമുഖ, ഉണ്ണികൃഷ്ണന്‍, കോന്നി സുരേന്ദ്രന്‍ എന്നീ അഞ്ച് കുങ്കിയാനകളുടെ സഹായത്തോടെയാണ് മയങ്ങിയ ആനയെ ലോറിയില്‍ കയറ്റിയത്. ഇതില്‍ വിക്രം എന്ന കുങ്കിയാന പണ്ട് മുട്ടിക്കൊമ്പന്റെ ഉറ്റകൂട്ടുകാരനായിരുന്ന ‘വടക്കനാട് കൊമ്പന്‍’ ആയിരുന്നു എന്നത് കൗതുകകരമായി. മുട്ടിക്കൊമ്പനെ പാര്‍പ്പിക്കാനായി മുത്തങ്ങയില്‍ യൂക്കാലിപ്റ്റസ് മരങ്ങള്‍ കൊണ്ട് പ്രത്യേക കൂട് നേരത്തെ തന്നെ തയാറാക്കിയിരുന്നു.
വനാതിര്‍ത്തിയിലെ വൈദ്യുത വേലികള്‍ തകര്‍ക്കുന്നതില്‍ വിദഗ്ധനായ മുട്ടിക്കൊമ്പനെ ‘റിസ്‌ക് ടേക്കിങ് ഫ്രീക്വന്റ് ക്രോപ്പ് റൈഡര്‍’ എന്ന ഗണത്തിലാണ് വനംവകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേലികള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ മുറിച്ചിട്ടും വെളിച്ചം കണ്ടാല്‍ നേരെ ഓടിയടുത്തും ആക്രമണസ്വഭാവം കാണിക്കുന്ന ഈ ആന കൃഷിയിടങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് വരുത്തിയിരുന്നത്. രാത്രി കൃഷിയിടത്തിലിറങ്ങി പുലര്‍ച്ചെ കാട്ടിലേക്ക് മടങ്ങുന്നതായിരുന്നു ഇതിന്റെ പതിവ്.
വടക്കനാട് കൊമ്പനും കല്ലൂര്‍ കൊമ്പനും (വിക്രം, ഭരത്) പിടിയിലായതോടെയാണ് വടക്കനാട് മേഖലയില്‍ മുട്ടിക്കൊമ്പന്‍ പ്രധാന വില്ലനായി മാറിയത്. ആനയെ പിടികൂടി മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂല്‍പ്പുഴ പഞ്ചായത്തും വിവിധ ഗ്രാമസഭകളും പ്രമേയം പാസാക്കിയിരുന്നു. വര്‍ഷങ്ങളായുള്ള തങ്ങളുടെ പേടിസ്വപ്നം കൂട്ടിനുള്ളിലായ ആശ്വാസത്തിലാണ് വടക്കനാട്, വള്ളുവാടി നിവാസികള്‍. വരുംദിവസങ്ങളില്‍ ആനയെ താപ്പാനയാക്കി മാറ്റുന്നതിനുള്ള പരിശീലനം മുത്തങ്ങയില്‍ ആരംഭിക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.