വിഐപി യാത്രാ വഴിയായതിനാല്‍ അമ്മയോട് കാര്‍ നീക്കിയിടാന്‍ പറഞ്ഞു; കലിപ്പുകയറി ജൂനിയര്‍, സീനിയറുടെ നെഞ്ചിലിടിച്ചു; കേരളാ പോലീസ് ഇതെങ്ങോട്ട്? എല്ലാം പോലീസ് ആസ്ഥാനത്തിന് മുന്നില്‍

തിരുവനന്തപുരം: പാസിംഗ് ഔട്ട് കഴിഞ്ഞ് മാസങ്ങള്‍ തികയും മുന്‍പേ ‘ചുളു’ ഡ്യൂട്ടി തരപ്പെടുത്തി സേനയില്‍ കസറുന്ന നവപോലീസുകാരുടെ അഹങ്കാരം അതിരുവിടുന്നു. വിഐപി സുരക്ഷാ ഡ്യൂട്ടിക്കിടെ തിരുവനന്തപുരത്ത് നടന്നത് കേട്ടാല്‍ അമ്പരക്കുന്ന കാര്യങ്ങള്‍. പോലീസ് ആസ്ഥാനത്തിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മ്യൂസിയം സ്റ്റേഷനിലെ സീനിയര്‍ ഓഫീസറെ 2023 ബാച്ചിലെ ജൂനിയര്‍ തല്ലിച്ചതച്ചു. 15 വര്‍ഷത്തെ സര്‍വീസുള്ള സിവില്‍ പോലീസ് ഓഫീസര്‍ വിശാഖിനാണ് നെഞ്ചില്‍ മര്‍ദനമേറ്റത്.
ഇന്ന് രാവിലെ വിഐപി സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പോലീസ് ആസ്ഥാനത്തിന് മുന്നില്‍ നോ-പാര്‍ക്കിംഗ് ഏരിയയില്‍ ഒരു കാര്‍ കിടക്കുന്നത് കണ്ട വിശാഖ് വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടു. കാറിലുണ്ടായിരുന്ന വനിത താന്‍ പി.എച്ച്.ക്യുവിലേക്ക് ചോറ് കൊണ്ടുവന്നതാണെന്ന് പറഞ്ഞെങ്കിലും, വിഐപി റൂട്ടായതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി വണ്ടി അല്പം മുന്നിലേക്ക് മാറ്റിയിടാന്‍ വിശാഖ് മാന്യമായി നിര്‍ദ്ദേശിച്ചു. അവരത് അനുസരിക്കുകയും ചെയ്തു.
അല്പസമയം കഴിഞ്ഞപ്പോള്‍ പോലീസ് ആസ്ഥാനത്ത് നിന്ന് ഡ്യൂട്ടി വേഷത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ കാറിനടുത്തേക്ക് പാഞ്ഞെത്തി. 2023 ബാച്ചിലെ കിരണ്‍ എന്ന പോലീസുകാരനായിരുന്നു ഇത്. കാറിലുണ്ടായിരുന്ന അമ്മയില്‍ നിന്ന് ചോറുപൊതി വാങ്ങിയ ശേഷം വിശാഖിന് നേരെ കിരണ്‍ തട്ടിക്കയറി. ‘ഇവിടെ വണ്ടിയിട്ടാല്‍ നിനക്കെന്താണ് കുഴപ്പം?’ എന്നായിരുന്നു കിരണിന്റെ വെല്ലുവിളി. ‘അനിയാ, വിഐപി റൂട്ടാണ്, അതുകൊണ്ടാണ് മാറ്റാന്‍ പറഞ്ഞത്’ എന്ന് വിശാഖ് മറുപടി നല്‍കി. എന്നാല്‍ ഇതൊന്നും വകവെക്കാതെ പ്രകോപിതനായ കിരണ്‍, 15 വര്‍ഷം സര്‍വീസുള്ള തന്റെ സീനിയര്‍ ഉദ്യോഗസ്ഥന്റെ നെഞ്ചില്‍ കൈമുറുക്കി ഇടിക്കുകയായിരുന്നു. പട്ടാപ്പകല്‍ റോഡില്‍ വെച്ചായിരുന്നു ഈ ക്രൂരത.
പൊതുജനങ്ങളില്‍ നിന്ന് അടിവാങ്ങുന്നത് പോലീസിന് പുതുമയല്ലെങ്കിലും സ്വന്തം സേനയിലെ ജൂനിയര്‍ പയ്യന്മാരില്‍ നിന്ന് അടി കൊള്ളേണ്ടി വരുന്നത് പോലീസുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പാസിംഗ് ഔട്ട് കഴിഞ്ഞാലുടന്‍ പണിയെടുക്കാതെ സ്വാധീനം ഉപയോഗിച്ച് ‘സൗകര്യപ്രദമായ’ ഡ്യൂട്ടികള്‍ നേടിയെടുക്കുന്നതാണ് പുതിയ പോലീസുകാരുടെ ശൈലിയെന്ന് ആക്ഷേപമുണ്ട്.
യൂണിഫോമിനോടോ സീനിയര്‍ ഉദ്യോഗസ്ഥരോടോ യാതൊരു ബഹുമാനവുമില്ലാത്ത പുതിയ തലമുറ സേനയ്ക്ക് അപമാനമാണെന്ന വികാരം പോലീസുകാര്‍ക്കിടയില്‍ ശക്തമാണ്. സംഭവത്തില്‍ മര്‍ദനമേറ്റ വിശാഖ് മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സീനിയറുടെ നെഞ്ചത്തിടിച്ച കിരണിനെതിരെ കര്‍ശനമായ അച്ചടക്ക നടപടി ഉണ്ടാകുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.