ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ ക്രൈസ്തവ സഭകള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍, വിപ്ലവകരമായ ഒരു വാഗ്ദാനവുമായി ബിജെപി കേരള ഘടകം രംഗത്ത്. രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ പരിഗണിച്ച് അവര്‍ക്ക് ‘സൂക്ഷ്മ ന്യൂനപക്ഷ പദവി’ നല്‍കണമെന്ന നിര്‍ദ്ദേശമാണ് പാര്‍ട്ടി മുന്നോട്ടുവെക്കുന്നത്. ഭേദഗതി നിയമം സഭകളുടെ കീഴിലുള്ള ജീവകാരുണ്യ സ്ഥാപനങ്ങളെയും ആശുപത്രികളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പരിഹരിക്കാനാണ് ഈ രാഷ്ട്രീയ നീക്കം.
രാജ്യത്തെ ആകെ ജനസംഖ്യയുടെ വെറും 2.3 ശതമാനം മാത്രമുള്ള ക്രൈസ്തവരെ ഒരു പ്രത്യേക വിഭാഗമായി കണക്കാക്കി അവര്‍ക്ക് കൂടുതല്‍ ഭരണഘടനാപരമായ സംരക്ഷണവും ആനുകൂല്യങ്ങളും ഉറപ്പാക്കുക എന്നതാണ് ഈ പദവിയിലൂടെ ലക്ഷ്യമിടുന്നത്. സീറോ മലബാര്‍ സഭയും കത്തോലിക്ക കോണ്‍ഗ്രസും നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഒരു പ്രത്യേക വിഭാഗം മാത്രം ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നു എന്ന പരാതി പരിഹരിക്കാന്‍ ഈ പദവി സഹായിക്കുമെന്നാണ് സഭാ നേതൃത്വത്തിന്റെ വാദം.
ലോക്സഭയില്‍ അവതരിപ്പിച്ച എഫ്.സി.ആര്.എ ഭേദഗതി ബില്‍ 2026 സഭകളുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ വിദേശ ഫണ്ട് വിനിയോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. ലൈസന്‍സ് റദ്ദാക്കിയാല്‍ ആസ്തികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന വ്യവസ്ഥ ക്രൈസ്തവ സഭകളെ വലിയ രീതിയില്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരമൊരു ബില്ലുമായി വന്നത് തിരിച്ചടിയാകുമെന്ന് കണ്ടാണ് ഇപ്പോള്‍ മൈക്രോ മൈനോറിറ്റി വാഗ്ദാനവുമായി ബിജെപി രംഗത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തില്‍ എത്തുമ്പോള്‍ ഈ പദവി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകണമെന്ന ആവശ്യം ക്രൈസ്തവ സഭകള്‍ക്കുണ്ട്. എന്നാല്‍ ഇതിന് സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഉത്തരേന്ത്യയിലെ ഹിന്ദു സംഘടനകള്‍ ഇതിനെ എങ്ങനെ കാണുമെന്നത് കേന്ദ്ര സര്‍ക്കാരിനെ കുഴപ്പിക്കുന്നുണ്ട്. കൂടാതെ, കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞാല്‍ എഫ്.സി.ആര്.എ ബില്‍ വീണ്ടും സജീവമായി ലോക്സഭയില്‍ എത്താനും സാധ്യതയുണ്ട്.
ബില്ലിന്റെ അന്തസ്സത്തയില്‍ മാറ്റം വരുത്താതെ തന്നെ സഭകളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജ്ജു ഉള്‍പ്പെടെയുള്ളവര്‍. തിരഞ്ഞെടുപ്പിന് ശേഷം എഫ്.സി.ആര്.എ നിയമം നടപ്പിലാക്കുമ്പോള്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്കാന് മൈക്രോ മൈനോറിറ്റി പദവി സഹായിക്കുമെന്ന സൂചനയും ബിജെപി നല്‍കുന്നുണ്ട്. വരും ദിവസങ്ങളില്‍ സഭാ നേതൃത്വവുമായി നടത്തുന്ന ചര്‍ച്ചകള്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെയും ബാധിക്കുമെന്നുറപ്പാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ നിയന്ത്രണം വേണമെന്ന് കെഎസ്ഇബി





