തിരുവനന്തപുരം ബ്രഹ്മോസ് യൂണിറ്റിന് 180 ഏക്കർ ഭൂമി സൗജന്യമായി നൽകാൻ മന്ത്രിസഭാ തീരുമാനം; പ്രതിരോധ മേഖലയിൽ നിർണ്ണായക ചുവടുവെപ്പ്.കാട്ടാക്കടയിൽ ഉയരുന്നത് വമ്പൻ പ്രതിരോധ സമുച്ചയം;

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ-പ്രതിരോധ മേഖലകൾക്ക് വൻ കുതിപ്പേകി, തലസ്ഥാനത്തെ ബ്രഹ്മോസ് യൂണിറ്റിന് വിപുലീകരണത്തിനായി 180 ഏക്കർ ഭൂമി സൗജന്യമായി നൽകാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലുള്ള കള്ളിക്കാട് വില്ലേജിലെ ഭൂമിയാണ് ബ്രഹ്മോസ് എയ്റോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന് വിട്ടുനൽകുന്നത്.

അഡ്വാൻസ് മിസൈൽ ആൻഡ് സ്ട്രാറ്റജിക് യൂണിറ്റിന്റെ നിർമ്മാണത്തിനും അതിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടി മാത്രമാണ് ഈ ഭൂമി വിനിയോഗിക്കേണ്ടത്.പ്രതിരോധ ആവശ്യങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള പ്രവർത്തനങ്ങൾക്കല്ലാതെ മറ്റ് കാര്യങ്ങൾക്ക് ഈ ഭൂമി ഉപയോഗിക്കാൻ പാടില്ലെന്ന കർശന വ്യവസ്ഥയിലാണ് സർക്കാർ ഭൂമി പതിച്ചുനൽകുന്നത്.

ഇന്ത്യയുടെ ഡി.ആർ.ഡി.ഒ-യും (DRDO) റഷ്യയുടെ എൻ.പി.ഒ.എം-ഉം ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്. നിലവിൽ തിരുവനന്തപുരം ചാക്കയിലാണ് ഇതിന്റെ പ്രധാന യൂണിറ്റ് പ്രവർത്തിക്കുന്നത്.

പുതിയ യൂണിറ്റ് സജ്ജമാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ നിർമ്മാണത്തിൽ കേരളത്തിന്റെ പങ്ക് കൂടുതൽ വർദ്ധിക്കും. ഇത് വലിയ തോതിലുള്ള തൊഴിലവസരങ്ങൾക്കും അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയ്ക്കും വഴിതുറക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.