മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികളെ രക്ഷിക്കുന്നു! ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സര്‍ക്കാരിനെതിരെ വി.ഡി. സതീശന്‍; അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവരെ അഴിക്കുള്ളിലാകുന്നതു വരെ സമരം; നിയമസഭയില്‍ നടന്നത് വ്യക്തിപരമായ വേട്ടയാടല്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അന്വേഷണം വഴിമുട്ടുന്നതിലും പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിലും പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ ദേവസ്വം മന്ത്രിയെയും നിലവിലെ മന്ത്രിയെയും രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ഉറപ്പാക്കാനാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
ഇത്രയും വലിയ കവര്‍ച്ച നടന്നിട്ടും ഒരു ചെറിയ തൊണ്ടിമുതല്‍ പോലും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

സ്പീക്കര്‍ക്ക് സ്വന്തമായി അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.അഞ്ച് മന്ത്രിമാരാണ് തന്നെയും സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നിയമസഭയില്‍ വ്യക്തിപരമായി അധിക്ഷേപിച്ചത്. ബി.ജെ.പിയെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളെ സി.പി.എം അധിക്ഷേപിക്കുന്നത്.

സഭയില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തിന് മാന്യതയെക്കുറിച്ച് ക്ലാസെടുക്കുന്നത് സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞ വി. ശിവന്‍കുട്ടിയെ ഒപ്പമിരുത്തിക്കൊണ്ടാണെന്ന് അദ്ദേഹം പരിഹസിച്ചു.ശബരിമലയില്‍ നടന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത മോഷണമാണ്. അന്വേഷണം ഉന്നതങ്ങളിലേക്ക് എത്താതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ വികാരമായ ശബരിമലയിലെ മോഷണം ഒതുക്കാന്‍ സമ്മതിക്കില്ലെന്നും അന്വേഷണം പൂര്‍ത്തിയാകും വരെ സമരം തുടരുമെന്നും പ്രതിപക്ഷ ഉപനേതാവ് വ്യക്തമാക്കി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.