ദുബായ്/വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയായി യുണൈറ്റഡ് അറബ് എമിറേറ്റ്സിന് നേരെ ഇറാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതോടെ അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കിലെത്തി. മേഖലയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചു.
ഇറാന് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും തങ്ങളുടെ പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തതായി യു.എ.ഇ. പ്രതിരോധ മന്ത്രാലയം അറിയിച്ചു. തകര്‍ക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണാണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. മിസൈലുകള്‍ ആകാശത്തുവെച്ച് തകര്‍ത്തതിനെത്തുടര്‍ന്ന് ദുബായ് നഗരത്തില്‍ വന്‍ സ്ഫോടനശബ്ദം കേട്ടത് പരിഭ്രാന്തി പരത്തി. വീണുകിടക്കുന്ന മിസൈല്‍ അവശിഷ്ടങ്ങളില്‍ തൊടരുതെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധത്തിന് ശമനം വരുത്തി ഏപ്രില്‍ എട്ടിനാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി യു.എ.ഇ.യെ ലക്ഷ്യമിട്ട് ഇറാന് വീണ്ടും ആക്രമണങ്ങള്‍ നടത്തുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കഴിഞ്ഞദിവസം ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ നാവികസേനയുടെ കപ്പലുകള്‍ക്ക് നേരെയും ഇറാന് ആക്രമണശ്രമം നടത്തിയിരുന്നു. ഇതിനെതിരെ അമേരിക്ക തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആഗോള എണ്ണവിപണിയില്‍ അസ്ഥിരത പ്രകടമായി. വ്യാഴാഴ്ച 96 ഡോളറിലായിരുന്ന ബ്രെന്റ് ക്രൂഡ് വില ഒറ്റയടിക്ക് 4.1 ശതമാനം വര്‍ധിച്ച് 100.2 ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷമാണ് വിപണിയെ സ്വാധീനിക്കുന്നത്.
മേഖലയില്‍ പ്രത്യാക്രമണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് നടത്തിയ ആക്രമണത്തിന് അമേരിക്ക നല്കിയ മറുപടിയെ ‘വെറുമൊരു സ്നേഹസ്പര്‍ശം’ (ഘീ്ല ഠമു) എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാനുമായുള്ള കരാര്‍ ഏതു നിമിഷവും ഒപ്പിട്ടേക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇറാന് വലിയ വില നല്‍കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പാകിസ്താനാണ് മധ്യസ്ഥത വഹിക്കുന്നത്. പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദാര്‍ ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ സംസാരിച്ചു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍തന്നെ ഒരു സമാധാന കരാറില്‍ എത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പാകിസ്താന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ യുദ്ധം അവസാനിപ്പിക്കാന്‍ രാപകല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ശരീഫും വ്യക്തമാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇറാനിൽ വധശിക്ഷ കാത്ത് ബിറ്റ ഹെമ്മതി: ഇറാൻ വധശിക്ഷയ്ക്ക് വിധിച്ച ആദ്യ വനിതാ പ്രക്ഷോഭകാരി





