ഡൽഹി : ഇന്ത്യയിലെ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഉത്തരവിടാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. അക്കൗണ്ട് മരവിപ്പിച്ച എക്സ് കോർപ്പറേഷന്റെ നടപടിക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി സമർപ്പിച്ച അടിയന്തര ഹർജി കോടതി തള്ളുകയായിരുന്നു. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്നായിരുന്നു എക്സ് കോടതിയിൽ അറിയിച്ചത്. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും.
കഴിഞ്ഞ മാസം ആണ് കോക്രോച്ച് ജനതാ പാർട്ടിയുടെ ഹാൻഡിൽ ഇന്ത്യയിൽ ജിയോ ബ്ലോക്ക് ചെയ്തത്. ദേശീയ സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചുവെന്ന കേന്ദ്ര സർക്കാരിന്റെ കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി. എന്നാൽ, ജനാധിപത്യപരമായ രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് ഈ നടപടിയെന്ന് കോക്രോച്ച് ജനതാ പാർട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ജനങ്ങളുടെ ഭാഗം കേൾക്കാതെയാണ് അക്കൗണ്ട് റദ്ദാക്കിയതെന്നും അടിയന്തരമായി ഇത് പുനഃസ്ഥാപിക്കണമെന്നും ആയിരുന്നു ഇവരുടെ ആവശ്യം.
എന്നാൽ, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഐടി നിയമത്തിലെ 69എ വകുപ്പ് പ്രകാരമുള്ള കർശനമായ ഉത്തരവുകളെ മറികടന്ന് താല്കാലിക ഉത്തരവ് പുറപ്പെടുവിക്കാൻ ആകില്ലെന്ന് ആണ് കോടതി വ്യക്തമാക്കിയത്. ആവശ്യമെങ്കിൽ, ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവുകൾ റദ്ദാക്കാനും ട്വീറ്റുകൾ വീണ്ടും ലൈവ് ആക്കാൻ നിർദ്ദേശിക്കാനും കമ്മിറ്റിക്ക് കഴിയുമെന്നും കോടതി കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ കൃത്യമായ നിലപാട് അറിഞ്ഞ ശേഷമേ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ എന്നു വ്യക്തമാക്കിയ കോടതി, ഹർജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര മന്ത്രാലയത്തിനും എക്സ് കോർപ്പറേഷനും നിർദ്ദേശം നൽകിയിട്ടുണ്ട്.


പശ്ചിമേഷ്യയില്‍ ചോരപ്പുഴ; ലെബനനില്‍ മരണം 2500 കടന്നു: നയതന്ത്രത്തിന്റെ മുനയൊടിച്ച് ഇസ്രായേല്‍ ആക്രമണം
16കാരിയുടെ കല്ല്യാണത്തില്‍ പങ്കെടുത്തവര്‍ കുടുങ്ങും; പോക്സോ വാളോങ്ങി വി.എച്ച്.പി.; ജനന സര്‍ട്ടിഫിക്കറ്റ് സത്യമെങ്കില്‍ വന്‍ പ്രത്യാഘാതം; വൈറല്‍ വിവാഹം നിയമയുദ്ധത്തില്‍; രേഖകള്‍ തമ്മില്‍ പൊരുത്തക്കേട്; മോണാലിസയുടെ പ്രായം 16-ഓ 18-ഓ? ദുരൂഹത നീങ്ങുന്നില്ല.





