സെല്‍ഫിയെടുത്ത ആരാധകന്റെ പൊട്ടിയ ഫോണ്‍ കണ്ടു; പുതിയ ഫോണ്‍ സമ്മാനിച്ച് സഞ്ജു സാംസണ്‍

പാലക്കാട്:  പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ടി. ശബരീഷിനാണ് സൂപ്പര്‍താരം സഞ്ജു സാംസണിന്റെ കൈയില്‍ നിന്ന് അപ്രതീക്ഷിതമായി ഒരു മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചത്. ഇന്നലെ വൈകിട്ട് കടമ്പഴിപ്പുറം പുഞ്ചപ്പാട് സ്‌കൂള്‍ ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു സിനിമയെ വെല്ലുന്ന ഈ സംഭവം നടന്നത്.
പതിവുപോലെ വൈകുന്നേരം ക്രിക്കറ്റ് കളിക്കാന്‍ പോയതായിരുന്നു ശബരീഷും സുഹൃത്തുക്കളും. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മഞ്ഞ ജഴ്സിയണിഞ്ഞ് ബാറ്റുമായി നടന്നുപോവുകയായിരുന്ന ശബരീഷ്, റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കറുത്ത റേഞ്ച് റോവര്‍ കാറിന് സമീപം ഒരാള്‍ ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നത് കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് അത് സാക്ഷാല്‍ സഞ്ജു സാംസണ്‍ ആണെന്ന് തിരിച്ചറിഞ്ഞത്.
തന്റെ പ്രിയതാരത്തെ കണ്ട ആവേശത്തില്‍ ശബരീഷ് അടുത്തുചെന്ന് ഒരു സെല്‍ഫി എടുത്തോട്ടെ എന്ന് ചോദിച്ചു. പുഞ്ചിരിയോടെ സഞ്ജു സമ്മതം മൂളി.സെല്‍ഫി എടുക്കുന്നതിനിടെ ശബരീഷിന്റെ ഫോണിന്റെ ഡിസ്പ്ലേ തകര്‍ന്നിരിക്കുന്നത് സഞ്ജുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. എടുത്ത ഫോട്ടോയ്ക്ക് വേണ്ടത്ര വ്യക്തതയുമില്ലായിരുന്നു.
‘ഇത് നിനക്കിരിക്കട്ടെ, നിന്റെ ഫോണിന്റെ ഡിസ്പ്ലേ പോയതല്ലേ’ എന്ന് പറഞ്ഞുകൊണ്ട് സഞ്ജു ഉടന്‍ തന്നെ തന്റെ കാറിന്റെ ഡിക്കി തുറന്ന് ഒരു പുതിയ ഫോണ്‍ എടുത്ത് ശബരീഷിന് നല്‍കുകയായിരുന്നു.പുതിയ ഫോണ്‍ കൈമാറിയതിനൊപ്പം ‘നന്നായി ക്രിക്കറ്റ് കളിക്കണം’ എന്ന സ്‌നേഹപൂര്‍വ്വമുള്ള ഉപദേശവും നല്‍കിയാണ് സഞ്ജു അവിടെനിന്ന് മടങ്ങിയത്.
കണ്‍മുന്നില്‍ കണ്ടത് വിശ്വസിക്കാനാകാത്ത അവസ്ഥയിലായിരുന്നു ശബരീഷ്. ഐപിഎല്‍ തിരക്കുകള്‍ക്കിടയിലും ഒരു സാധാരണ ആരാധകന്റെ ചെറിയ വിഷമം പോലും മനസ്സിലാക്കി സഹായിച്ച സഞ്ജുവിന്റെ ഈ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടിയാണ് നേടുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.