മസ്കറ്റ്: പശ്ചിമേഷ്യന്‍ ആകാശം മിസൈലുകളാല്‍ ചുവക്കുമ്പോഴും അയല്‍രാജ്യങ്ങളെല്ലാം യുദ്ധഭീതിയില്‍ വിറയ്ക്കുമ്പോഴും ഒമാന്‍ മാത്രം അത്ഭുതകരമായ ശാന്തതയില്‍. ഇസ്രയേല്‍-അമേരിക്കന്‍ സഖ്യം ഇറാനെതിരെ ആക്രമണം കടുപ്പിക്കുകയും തിരിച്ചടിയായി ഇറാന് അയല്‍രാജ്യങ്ങളിലെ യുഎസ് താവളങ്ങളിലേക്ക് മിസൈലുകള്‍ തൊടുക്കുകയും ചെയ്തപ്പോള്‍ ഒമാനെ മാത്രം ലക്ഷ്യമിട്ടില്ല. ഖത്തര്‍, കുവൈറ്റ്, യുഎഇ, ബഹ്റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെല്ലാം സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴും ഒമാന്‍ സുരക്ഷിതമായി തുടരുന്നത് ആഗോള നയതന്ത്ര ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.
പതിറ്റാണ്ടുകളായി പശ്ചിമേഷ്യയിലെ ‘സമാധാന ദൂതന്’ എന്ന പദവിയാണ് ഒമാനെ ഈ മിസൈല്‍ വര്‍ഷത്തില്‍ നിന്നും കാത്തുരക്ഷിച്ചത്. ഇറാനും അമേരിക്കയ്ക്കും ഇടയിലെ നയതന്ത്ര പാലമായി വര്‍ത്തിക്കുന്ന ഒമാന്റെ നിലപാട് ഇറാന് എന്നും വിശ്വാസയോഗ്യമാണ്. ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് പോലും ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായി നടത്തിയ ചര്‍ച്ചകള്‍ ഇതിന്റെ തെളിവാണ്. ആണവ ചര്‍ച്ചകളില്‍ നിര്‍ണ്ണായക പുരോഗതി ഉണ്ടായെന്ന് ഒമാന്‍ പ്രത്യാശ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതെങ്കിലും, മധ്യസ്ഥന്‍ എന്ന നിലയില്‍ ഒമാനെ മുറിപ്പെടുത്താന്‍ ഇറാന് മുതിര്‍ന്നില്ല.
മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇറാന്റെ ശത്രുരാജ്യമായ അമേരിക്കയ്ക്ക് ഒമാന്‍ മണ്ണില്‍ സ്ഥിരമായ വലിയ ആക്രമണ താവളങ്ങളില്ല. ചരക്ക് നീക്കങ്ങള്‍ക്കും ലോജിസ്റ്റിക്സ് ആവശ്യങ്ങള്‍ക്കും മാത്രമാണ് വാഷിംഗ്ടണ്‍ ഒമാനി സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ യുഎസ് യുദ്ധവിമാനങ്ങളുടെയും നാവികസേനയുടെയും പ്രധാന കേന്ദ്രങ്ങളായപ്പോള്‍, ഒമാന്‍ തങ്ങളുടെ നിഷ്പക്ഷത കാത്തുസൂക്ഷിച്ചു. ഈ തന്ത്രപരമായ സൈനിക നയം ഇറാന്റെ കണ്ണില്‍ ഒമാനെ ഒരു ഭീഷണിയല്ലാതാക്കി മാറ്റി.
യൂഎഇയില്‍ മിസൈല്‍ അവശിഷ്ടം പതിച്ച് ഒരാള്‍ കൊല്ലപ്പെടുകയും ബഹ്റൈനിലെ യുഎസ് നാവികസേനാ ആസ്ഥാനത്തിന് നാശനഷ്ടം സംഭവിക്കുകയും ചെയ്തപ്പോഴും മസ്കറ്റിലെ ആകാശം ശാന്തമായിരുന്നു. മേഖലയിലെ സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണ്ണമായി തുടരുമ്പോഴും ഒമാന്റെ ഈ സുരക്ഷിതത്വം പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. എങ്കിലും, ഇറാന്-അമേരിക്ക ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ സമാധാനം എത്രനാള്‍ നീണ്ടുനില്‍ക്കും എന്ന ആശങ്ക നയതന്ത്ര വിദഗ്ദ്ധര്‍ പങ്കുവെക്കുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഹോർമുസ് കടലിടുക്കിലെ യുദ്ധം: ഇന്റർനെറ്റ് നിലച്ചാൽ ഇന്ത്യയുടെ അവസ്ഥ എന്താകും?





