തിരുനാവായ: ഭാരതപ്പുഴയുടെ മണപ്പുറത്ത് പത്തൊന്‍പത് നാള് നീണ്ടുനിന്ന നാമമന്ത്രോച്ചാരണങ്ങള്‍ക്കും ആത്മീയ സദസ്സുകള്‍ക്കും ഭക്തിനിര്‍ഭരമായ സമാപനം. കേരളത്തിന്റെ കുംഭമേളയെന്ന് വിശേഷിപ്പിക്കപ്പെട്ട മഹാമാഘ മഹോത്സവം പ്രതീക്ഷിച്ചതിലും ഗംഭീരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സഭാപതി മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി. ഈ വിജയത്തിന്റെ കരുത്തില്‍ 2027-ല്‍ 45 ദിവസം നീളുന്ന അതിവിപുലമായ ഉത്സവത്തിന് നിള സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
2027-ല്‍ പൗഷപൗര്‍ണമി മുതല്‍ ശിവരാത്രി വരെ നീളുന്ന രീതിയിലാകും മേള. അത് സാധ്യമായില്ലെങ്കില്‍ ചുരുങ്ങിയത് ഒരു മാസമെങ്കിലും ആഘോഷങ്ങള്‍ നീളും. 2028-ല്‍ പ്രയാഗ്രാജിലെ കുംഭമേളയ്ക്ക് സമാനമായ രീതിയില്‍ എല്ലാ പരമ്പരകളിലെയും ആചാര്യന്മാരെ അണിനിരത്തിയുള്ള മഹാസംഗമമാണ് ലക്ഷ്യം. ഇതിനായുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഈ ഏപ്രിലില്‍ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സന്ന്യാസി സമൂഹത്തെയും ഭക്തജനങ്ങളെയും ഒരേ ചരടില്‍ കോര്‍ക്കാനുള്ള ആനന്ദവനം ഭാരതിയുടെ ഇച്ഛാശക്തിയാണ് ഇക്കുറി തിരുനാവായയില്‍ ദൃശ്യമായത്. സമാപന ദിവസമായ ചൊവ്വാഴ്ച മാത്രം പതിനായിരങ്ങളാണ് ഭാരതപ്പുഴയിലേക്ക് ഒഴുകിയെത്തിയത്. 19 ദിവസങ്ങളിലായി ഇരുപത് ലക്ഷത്തിലേറെ ഭക്തര്‍ എത്തിയതായാണ് അനൗദ്യോഗിക കണക്ക്.
കാശിയിലെ ഗംഗാ ആരതിയെ അനുസ്മിരിപ്പിക്കും വിധം മോഹന്‍ജി ഫൗണ്ടേഷന് പുഴയ്ക്ക് നടുവില്‍ ഒരുക്കിയ നിളാ ആരതിയായിരുന്നു മേളയുടെ മുഖ്യ ആകര്‍ഷണം. സന്ന്യാസിമാര്‍ക്ക് അന്നവും വസ്ത്രവും നല്കുന്ന ‘ഭണ്ഡാര’യും ജാതിഭേദമന്യേ എല്ലാവരും ഒരേ നിരയിലിരുന്നു ഭക്ഷണം കഴിക്കുന്ന ‘പംഗതും’ സമത്വസുന്ദരമായ കാഴ്ചയായി.
സമാപന ദിനത്തില്‍ രാവിലെ നടന്ന യോഗീശ്വര പൂജയ്ക്ക് പിന്നാലെ സന്ന്യാസി സമൂഹവും ഭക്തരും നിളയില്‍ മുങ്ങിനിവര്‍ന്ന അമൃതസ്നാനം ഭക്തിയുടെ പരകോടിയായി. സപ്തനദികളും നിളയില്‍ സംഗമിക്കുന്നുവെന്ന സങ്കല്പത്തിലായിരുന്നു സ്നാനം. വിവിധ സമ്പ്രദായങ്ങളിലുള്ള പൂജകളും അനുഷ്ഠാനങ്ങളും കോര്‍ത്തിണക്കി അടുത്ത വര്‍ഷം കൂടുതല്‍ വിപുലമായി മേള തിരിച്ചെത്തുമ്പോള്‍, അത് ദക്ഷിണ ഭാരതത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ സംഗമമായി മാറും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മോഡലിംഗിന്റെ മറവിൽ പെൺവാണിഭം നടത്തിയെന്ന കേസ് ; അന്വേഷണം ഡി.സി.പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്





