കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി ആര്‍.എല്‍. നിതിന്‍ രാജിന്റെ ദാരുണമായ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആഭ്യന്തര വകുപ്പിനും കേരള പോലീസിനും വലിയ നാണക്കേട്. മൂന്നു മാസത്തോളം പോലീസിനെ വട്ടംചുറ്റിക്കുകയും, ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ പിടികൂടിയെങ്കിലും നിയമപരമായ നടപടിക്രമങ്ങളിലെ വീഴ്ച കാരണം വിട്ടയക്കേണ്ടി വന്നത് ആഭ്യന്തര മന്ത്രാലയത്തിന് കനത്ത തിരിച്ചടിയായി.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മേല്‍നോട്ടത്തിലുള്ള പോലീസ് സംവിധാനം എത്രത്തോളം ദുര്‍ബലമായാണ് ഇത്തരം കേസ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഉദാഹരണമാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നടന്ന നാടകീയ സംഭവങ്ങള്‍. സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ അറസ്റ്റ് രേഖപ്പെടുത്തിയതാണ് പ്രതിക്ക് തുണയായത്. ഏപ്രില്‍ 10-നാണ് നിതിന്‍ രാജ് എന്ന ദളിത് വിദ്യാര്‍ത്ഥി കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകനായ ഡോ. എം.കെ. റാം നടത്തിയ കടുത്ത ജാതി അധിക്ഷേപമാണ് മരണത്തിന് കാരണമെന്ന് കുടുംബം തുടക്കം മുതലേ ആരോപിച്ചിരുന്നു. എന്നാല്‍ തുടക്കത്തില്‍ കേസ് ലോണ്‍ ആപ്പ് തട്ടിപ്പിലേക്ക് വഴിതിരിച്ചുവിടാനാണ് പോലീസ് ശ്രമിച്ചത്.
ഇതിനുശേഷമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ വിചാരണക്കോടതിയും ഹൈക്കോടതിയും ഒടുവില്‍ സുപ്രീംകോടതിയും തള്ളിയിട്ടും ഇയാളെ പിടികൂടാന്‍ പോലീസിന് സാധിച്ചില്ല. മൂന്നു മാസത്തോളം ഹിമാചല്‍ പ്രദേശ്, കുടക്, ബെംഗളൂരു, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയാന്‍ പ്രതിക്ക് സാധിച്ചു. പ്രതിക്ക് വ്യക്തമായ രാഷ്ട്രീയ-സ്വകാര്യ സ്വാധീനങ്ങളുണ്ടായിരുന്നു എന്നത് വ്യക്തമാണ്. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും, താടി വളര്‍ത്തി വേഷപ്രച്ഛന്നനായും നടന്ന പ്രതിയെ പിന്തുടരാന്‍ പോലീസിന്റെ ‘ഇന്റലിജന്‍സ്’ നെറ്റ് വര്‍ക്കിന് കഴിഞ്ഞില്ല.
ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദ്ദീന്‍ പോലീസിനെതിരെ ഉന്നയിച്ച കടുത്ത ചോദ്യങ്ങള്‍ കേരള പോലീസിന്റെ വിശ്വാസ്യത തകര്‍ക്കുന്നതായിരുന്നു. ‘സാധാരണക്കാര്‍ക്കും സ്വാധീനമുള്ളവര്‍ക്കും രണ്ട് നീതിയാണോ പോലീസിന്?’ എന്ന ചോദ്യം ആഭ്യന്തര വകുപ്പിന്റെ മുഖത്തേറ്റ അടിപോലെയായിരുന്നു. എഡിജിപി എച്ച്. വെങ്കിടേഷ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ കോടതി പരസ്യമായി വിമര്‍ശിച്ചിട്ടും പോലീസിന്റെ പ്രവര്‍ത്തനത്തില്‍ കാര്യക്ഷമത വന്നില്ല. പോലീസിന്റെ കൈവിറയ്ക്കുന്ന നിലപാടാണ് വിഐപി പ്രതികള്‍ക്ക് നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വഴി തുറക്കുന്നത്. ഏറെ വൈകി കുടകില്‍ വെച്ച് പ്രതിയെ സാഹസികമായി കസ്റ്റഡിയിലെടുത്തു എന്ന് അവകാശപ്പെട്ട ക്രൈംബ്രാഞ്ച്, എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ നിയമപരമായ അറസ്റ്റ് നടപടികളില്‍ വന്‍ വീഴ്ച വരുത്തി. സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രാഥമിക നടപടികള്‍ പോലും പാലിച്ചില്ല.
ഇതോടെ തലശ്ശേരി സെഷന്‍സ് കോടതി റാമിന്റെ അറസ്റ്റ് റദ്ദാക്കി ഇയാളെ വിട്ടയക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് കോടതി വളപ്പില്‍ വെച്ച് നാടകീയമായി വീണ്ടും കസ്റ്റഡിയിലെടുത്ത് നോട്ടീസ് നല്‍കി വിട്ടയക്കേണ്ടി വന്നത് പോലീസിന് വലിയ നാണക്കേടായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഉന്നതതല അന്വേഷണങ്ങള്‍ പ്രഖ്യാപിക്കുന്നതിലല്ല, അത് കൃത്യമായ നിയമനടപടികളോടെ കോടതിയില്‍ എത്തിക്കുന്നതിലാണ് അന്വേഷണ സംഘത്തിന്റെ മിടുക്ക്.
നിയമത്തിന്റെ പടുകുഴികള്‍ കാണിച്ച് ഉയര്‍ന്ന സ്വാധീനമുള്ള പ്രതികള്‍ രക്ഷപ്പെടുമ്പോള്‍, ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് നീതി നിഷേധിക്കപ്പെടുകയാണ്. ഇനി പ്രഖ്യാപിച്ചിരിക്കുന്ന ഐജി അജീതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണമെങ്കിലും കുറ്റമറ്റതാകണം. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെത്തന്നെയാണ് ബാധിക്കുന്നത്. ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും അത് ഗൗരവമായി എടുക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി തയ്യാറാകുമോ എന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പിസ്റ്റള്‍ അടങ്ങിയ ബ്രീഫ്കേസ് ഒരിക്കലും കൈവിടില്ല; മരണത്തിന്റെ നിഗൂഢതകള്‍ ഒമ്പത് പേജുള്ള കുറിപ്പില്‍; കുടുംബത്തോട് മാപ്പ്; ജീവനക്കാര്‍ക്ക് നന്ദി…. റോയിയുടെ ആത്മഹത്യ നിശ്ചയിച്ചുറപ്പിച്ചത്




