സിറ്റി ഫാസ്റ്റിലും ഇനി ‘ഫ്രീ’ യാത്ര? ആറു മാസത്തിനകം പ്രഖ്യാപനത്തിന് മുഖ്യമന്ത്രി; പ്രിയദര്‍ശിനി ഹിറ്റായതോടെ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീപ്പൂരം

തിരുവനന്തപുരം: ഓര്‍ഡിനറി ബസുകളിലെ ‘പ്രിയദര്‍ശിനി’ സൗജന്യയാത്രാ പദ്ധതി വന്‍ വിജയമായതിനു പിന്നാലെ, വനിതകള്‍ക്ക് കെഎസ്ആര്‍ടിസി സിറ്റി ഫാസ്റ്റ് ബസുകളിലും സൌജന്യ യാത്ര അനുവദിക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍. ആറുമാസത്തിനുള്ളില്‍ ഇതില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നല്‍കുന്ന സൂചന. ഓര്‍ഡിനറി ബസുകളിലെ സൌജന്യ യാത്ര ആരംഭിച്ച ആദ്യദിനം തന്നെ സ്ത്രീയാത്രക്കാരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധനവാണ് സിറ്റി ഫാസ്റ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
യുഡിഎഫ് സര്‍ക്കാരിന്റെ പ്രമുഖ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘പ്രിയദര്‍ശിനി’ സൗജന്യയാത്രാ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമായതോടെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലേക്ക് സ്ത്രീകളുടെ ഒഴുക്കായിരുന്നു. സംസ്ഥാനത്തുടനീളം ബസുകളില്‍ കയറാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് ആറു ലക്ഷത്തോളം സ്ത്രീ യാത്രക്കാരാണ് അധികമായി ഇന്നലെ കെഎസ്ആര്‍ടിസിയെ ആശ്രയിച്ചത്.
തിങ്കളാഴ്ച മാത്രം ആകെ 13,29,938 സ്ത്രീകള്‍ ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തു. ഇതില്‍ പദ്ധതി ഔദ്യോഗികമായി ആരംഭിച്ച രാവിലെ 10 മണിക്ക് ശേഷം ‘സീറോ ടിക്കറ്റില്‍’ (സൗജന്യ നിരക്കില്‍) യാത്ര ചെയ്തത് 7,83,115 വനിതകളാണ്. പദ്ധതി തുടങ്ങുന്നതിന് മുന്‍പ് ടിക്കറ്റെടുത്തു യാത്ര ചെയ്തവരാണ് ബാക്കിയുള്ളവര്‍. കഴിഞ്ഞ തിങ്കളാഴ്ച ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണം 7,34,693 മാത്രമായിരുന്നു. ഇതില്‍ നിന്നാണ് ഒറ്റയടിക്ക് 5,95,245 വനിതാ യാത്രക്കാരുടെ വര്‍ധനവ് ഇന്നലെയുണ്ടായത്. സീറോ ടിക്കറ്റ് ഇനത്തില്‍ സര്‍ക്കാരിന് തിങ്കളാഴ്ച മാത്രം 1,59,56,801 (1.59 കോടി) രൂപയുടെ ബാധ്യതയുണ്ടായിട്ടുണ്ട്.
സ്ത്രീകളുടെ തിരക്കേറിയതോടെ ഓര്‍ഡിനറി ബസുകളില്‍ പുരുഷ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ച 6,94,799 പുരുഷന്മാര്‍ ഓര്‍ഡിനറി ബസുകളെ ആശ്രയിച്ചിരുന്ന സ്ഥാനത്ത് ഇന്നലെ അത് 2,26,673 ആയി ചുരുങ്ങി. നിലവില്‍ സംസ്ഥാനത്തെ 3,125 കെഎസ്ആര്‍ടിസി ബസുകളിലാണ് സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്‌സിനും പണച്ചെലവില്ലാതെ സഞ്ചരിക്കാന്‍ സൗകര്യമൊരുക്കിയിട്ടുള്ളത്.
ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയര്‍ സ്റ്റേജ് എല്‍.എസ്., ടൗണ്‍ ടു ടൗണ്‍ വിഭാഗങ്ങളിലെ ബസുകളിലാണ് ഇപ്പോള്‍ ഈ ആനുകൂല്യമുള്ളത്. ഇതിനു പിന്നാലെയാണ് സിറ്റി ഫാസ്റ്റുകളിലേക്കും പദ്ധതി നീട്ടാനുള്ള ആലോചനകള്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ തുടങ്ങിയത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.