തിരുവനന്തപുരം: സ്വന്തം വകുപ്പിലെ ആളാകുമ്പോൾ നിയമം വഴിമാറുമെന്നത് ഒരിക്കൽ കൂടി തെളിയിച്ച് കേരള പോലീസ്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ കയറി പോലീസുകാരെ തെറിവിളിക്കുകയും ലോക്കപ്പ് തുറന്ന് പ്രതികളെ മോചിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യുറോയിലെ ഇൻസ്‌പെക്ടർ യഹിയ ഒടുവിൽ കുടുങ്ങിയെങ്കിലും ‘ഏമാനെ’ കാര്യമായിത്തന്നെ പോലീസ് സഹായിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മഫ്തിയിലെത്തിയ ഇൻസ്‌പെക്ടർ യഹിയ നെടുമങ്ങാട് സ്റ്റേഷനിൽ വൻ അക്രമം അഴിച്ചുവിട്ടത്. കേസിൽ പ്രതികളായതിനെ തുടർന്ന് ലോക്കപ്പിൽ സൂക്ഷിച്ചിരുന്ന രണ്ടുപേരെ ഉടനടി വിട്ടയക്കണമെന്നായിരുന്നു സ്റ്റേഷനിലേക്ക് ഇരച്ചുകയറിയ യഹിയയുടെ ആവശ്യം. എന്നാൽ ലോക്കപ്പിലുള്ള പ്രതികളെ നിയമവിരുദ്ധമായി തുറന്നുവിടാൻ പറ്റില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കട്ടായം പറഞ്ഞതോടെ യഹിയ നിയന്ത്രണം വിട്ട് ബഹളം വയ്ക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന പോലീസുകാരെ മുഴുവൻ അസഭ്യവർഷം നടത്തിയ ഇയാൾ തടയാൻ ശ്രമിച്ച ചില ഉദ്യോഗസ്ഥരെ നേരിട്ട് കയ്യേറ്റം ചെയ്യാനും മുതിർന്നു.
ഇതിനുശേഷമാണ് സിനിമാ സ്റ്റൈലിൽ ലോക്കപ്പ് ബലമായി തുറന്ന് അതിനുള്ളിലുള്ള പ്രതികളെ സ്വന്തം നിലയിൽ മോചിപ്പിക്കാൻ ഇൻസ്‌പെക്ടർ ശ്രമം നടത്തിയത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഈ ശ്രമം പരാജയപ്പെടുത്തിയതോടെ യഹിയ അടവുമാറ്റി ലോക്കപ്പിന് മുന്നിൽ നിലത്തുകിടന്ന് പ്രതിഷേധം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എസ് ഐ ആയും സി ഐ ആയും മുൻപ് ജോലി നോക്കിയിട്ടുള്ളതിനാൽ സ്റ്റേഷനിലുള്ള പോലീസുകാർക്കെല്ലാം യഹിയയെ വ്യക്തിപരമായി നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഈ പരാക്രമങ്ങളെല്ലാം കാട്ടിയിട്ടും ഇൻസ്പെക്ടർക്ക് പോലീസിന്റെ വകയായി ‘പെരുമാറ്റമൊന്നും’ കിട്ടിയില്ല. എന്നാൽ സ്റ്റേഷനിലെ നാടകീയ രംഗങ്ങളെക്കുറിച്ചുള്ള വിവരം ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞതോടെ ഇയാളെ ഉടനടി കസ്റ്റഡിയിലെടുക്കാൻ കർശന നിർദ്ദേശം എത്തി. ഒടുവിൽ കസ്റ്റഡിയിലായ ഇൻസ്‌പെക്ടറെ പോലീസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി.
തുടർന്ന് യഹിയയ്ക്കെതിരെ നെടുമങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും അവിടെയാണ് പോലീസിന്റെ യഥാർത്ഥ കളി നടന്നത്. മൂന്നുവർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾ ചെയ്തത്. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്താൻ ശ്രമിച്ചു, ഭീഷണിപ്പെടുത്തി, കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ഇതിലുണ്ടായിരുന്നു. സാധാരണക്കാരനാണ് ഈ കുറ്റങ്ങൾ ചെയ്തതെങ്കിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അകത്താകുമായിരുന്നു. എന്നാൽ കേരള പോലീസ് ആക്ട് 117 (ഇ) പ്രകാരം സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പ് മാത്രമിട്ടാണ് തങ്ങളിലുള്ള ഒരുത്തനെ സഹപ്രവർത്തകർ വഴിവിട്ട് സഹായിച്ചത്. ഈ ഒത്തുകളിയുടെ ഭാഗമായി രാത്രി വൈകി ഇദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ സിമ്പിളായി വിട്ടയക്കുകയും ചെയ്തു.
പോലീസ് സേനയിലെ തന്നെ സ്ഥിരം പ്രശ്നക്കാരനും തലവേദനയുമാണ് ഇൻസ്പെക്ടർ യഹിയ. നേരത്തെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സിവിൽ പോലീസ് ഓഫീസറെ ഇയാൾ പരസ്യമായി കയ്യേറ്റം ചെയ്തതായി വലിയ പരാതി ഉയർന്നിരുന്നു. അന്ന് പോലീസ് അസോസിയേഷൻ നേരിട്ട് ഇടപെട്ടാണ് ആ വലിയ നാണക്കേട് ഒതുക്കിത്തീർത്തത്. ഇത് മാത്രമല്ല, സ്ത്രീകളും കുട്ടികളുമുള്ള ഒരു വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയെന്ന ഗുരുതരമായ പരാതിയും ഇയാൾക്കെതിരെ നിലവിലുണ്ട്. കഴിഞ്ഞവർഷം പേരൂർക്കടയിൽ പുതുതായി ആരംഭിച്ച ഒരു ബാർ ഹോട്ടലിന്റെ ഉദ്ഘാടന ദിവസം മദ്യപിച്ച് അവിടെയെത്തി വൻ ബഹളമുണ്ടാക്കിയതും ഈ യഹിയ തന്നെയായിരുന്നു. അന്ന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു ഈ ഇൻസ്പെക്ടറുടെ അഴിഞ്ഞാട്ടവും പരാക്രമവും.
കോവിഡ് കാലത്തും ഇയാളുടെ ക്രൂരത വാർത്തയായിരുന്നു. കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരം കളക്ടറേറ്റിൽ അടിയന്തര ജോലിക്കെത്തിയ ജീവനക്കാരൻ രാത്രി ജോലി കഴിഞ്ഞ് മടങ്ങിപ്പോകവെ, റോഡിൽ വാഹനപരിശോധന നടത്തുകയായിരുന്ന യഹിയ ഇയാളെ ക്രൂരമായി മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു. എന്നാൽ ഉന്നത തലങ്ങളിലുള്ള തന്റെ ശക്തമായ സ്വാധീനവും രാഷ്ട്രീയ ബന്ധങ്ങളും ഉപയോഗിച്ച് ഇത്തരം കേസുകളെല്ലാം കൃത്യമായി ഒതുക്കിത്തീർക്കുകയാണ് ഇയാൾ പണ്ടുമുതലേ ചെയ്യുന്നത്. പോലീസിൽ എത്തുന്നതിനുമുൻപ് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന വ്യക്തി കൂടിയാണ് യഹിയ. നിയമം നന്നായി അറിയാവുന്നത് കൊണ്ടും പോലീസിലെ ഉന്നതരുടെ പിന്തുണയുള്ളതു കൊണ്ടുമാണ് സ്റ്റേഷൻ അക്രമിച്ചിട്ടും ഈ ഏമാൻ ഇപ്പോൾ സ്റ്റേഷൻ ജാമ്യത്തിൽ സുരക്ഷിതനായി പുറത്തിറങ്ങി നടക്കുന്നത്.


ശബരിമല കൊള്ളയില്‍ തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം ഹൈക്കോടതി സ്റ്റേ ചെയ്തു; എസ്.ഐ.ടി അപ്പീലില്‍ നോട്ടീസ്; ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കും; സര്‍ക്കാരിനും എസ് ഐ ടിയ്ക്കും താല്കാലിക ആശ്വാസം
കേരള പോലീസിന് കരുത്തേകാൻ 172 പുതിയ വാഹനങ്ങൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു





