പോലീസ് തലപ്പത്ത് അടിയന്തര അഴിച്ചുപണി; സംസ്ഥാന പോലീസ് മേധാവിയെ മാറ്റാന്‍ ആഭ്യന്തരമന്ത്രിയുടെ നീക്കം, ഇ.ഡി ആക്രമണ വീഴ്ചയില്‍ വമ്പന്‍ സ്രാവുകള്‍ തെറിക്കും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിന് പിന്നാലെയുണ്ടായ ആസൂത്രിത അക്രമസംഭവങ്ങളില്‍ തലസ്ഥാനത്തുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയില്‍ വമ്പന്‍ സ്രാവുകള്‍ തെറിക്കും. സംസ്ഥാന പോലീസ് മേധാവിയെ (ഡി.ജി.പി) തന്നെ തല്‍സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സജീവ പരിഗണനയിലാണെന്നാണ് ഉന്നത ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ കൃത്യമായ അക്രമസാധ്യത മുന്നറിയിപ്പുകള്‍ അവഗണിച്ചതും, കേന്ദ്ര ഏജന്‍സിക്ക് വ്യാജ സുരക്ഷാ ഉറപ്പ് നല്‍കി ഒത്തുകളിച്ചതും അതീവ ഗൗരവത്തോടെയാണ് ചെന്നിത്തല കാണുന്നത്.
ഇടത് പോലീസ് സംഘടനയിലെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അക്രമികളുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് മേധാവിയെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള കടുത്ത നടപടികളിലേക്ക് ആഭ്യന്തരമന്ത്രി കടക്കുന്നത്. ക്രമസമാധാനപാലനത്തില്‍ പരാജയപ്പെടുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനും സര്‍വീസില്‍ ഉണ്ടാകില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് രമേശ് ചെന്നിത്തല നല്‍കുന്നത്. വരും മണിക്കൂറുകളില്‍ തന്നെ പോലീസ് തലപ്പത്ത് അടിയന്തരവും വന്‍തോതിലുള്ളതുമായ അഴിച്ചുപണിക്ക് ചെന്നിത്തല തുടക്കമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, തിരുവനന്തപുരത്ത് നടന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു. അക്രമം നടത്തിയ മുഴുവന്‍ ആളുകളുടെയും പേരില്‍ കടുത്ത നടപടി ഉണ്ടാകുമെന്നും നിയമം കൈയിലെടുക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായിയിലും കോഴിക്കോടും യാതൊരു പ്രശ്‌നവുമില്ലാതെ ഇ.ഡി പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയപ്പോള്‍ തിരുവനന്തപുരത്ത് മാത്രം ബോധപൂര്‍വ്വം കലാപമുണ്ടാക്കാനാണ് സി.പി.എം ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതിഷേധം സമാധാനപരമായിരിക്കുമെന്നും അക്രമം നടത്തില്ലെന്നും സി.പി.എം നേതാക്കള്‍ പോലീസിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പുകള്‍ കാറ്റില്‍പ്പറത്തിയാണ് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും മൂന്ന് കാറുകള്‍ പൂര്‍ണ്ണമായി തല്ലിത്തകര്‍ക്കുകയും ചെയ്തത്. അക്രമികളെ പാര്‍ട്ടി ഓഫീസിനുള്ളില്‍ ഒളിപ്പിച്ചു സംരക്ഷിക്കാനാണ് സി.പി.എം നേതൃത്വം ശ്രമിച്ചതെന്നും എന്നാല്‍ പോലീസിന്റെ നിശ്ചയദാര്‍ഢ്യം മൂലം മണിക്കൂറുകള്‍ക്കകം തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കൂടുതല്‍ പ്രതികളുടെ ചിത്രങ്ങള്‍ നിലവില്‍ പോലീസിന്റെ പക്കലുണ്ട്. ഇവരെ കൃത്യമായി തിരിച്ചറിഞ്ഞ് വരും ദിവസങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ 10 വര്‍ഷം കേരളം ഭരിച്ച ആളുകളാണ് ഇവിടെ ഈ സംഘര്‍ഷം ഉണ്ടാക്കുന്നതെന്നും, തലസ്ഥാന നഗരിയെ സംഘര്‍ഷഭരിതമാക്കി കേരളത്തിലുടനീളം കലാപം പടര്‍ത്താനാണ് സി.പി.എം ലക്ഷ്യമിടുന്നതെങ്കില്‍ അത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി കര്‍ശന ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി.
യൂണിവേഴ്‌സിറ്റി യൂണിയന്‍ വിഷയത്തിലും ഇപ്പോള്‍ ഇ.ഡിക്ക് നേരെയുണ്ടായ അക്രമത്തിലും തിരുവനന്തപുരത്ത് നിയമവാഴ്ച തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി കഴിഞ്ഞു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.