ഇന്‍ഫോസിസ് ജോലി രാജിവച്ച് വെള്ളിത്തിരയിലേക്ക്; പ്രേമവും ആക്ഷന്‍ ഹീറോ ബിജുവും കായംകുളം കൊച്ചുണ്ണിയും; മങ്ങലിന്റെ ഇടവേള മാറുന്നു; വീണ്ടും നിവിന്‍ പോളി മാജിക്; ‘സര്‍വ്വം മായ’ നൂറു കോടി ക്ലബ്ബിലേക്ക്; പേരിടാ പൊളിട്ടിക്കല്‍ ത്രില്ലറിലും പ്രതീക്ഷ; താരസിംഹാസനം തിരിച്ചുപിടിച്ച് മോളിവുഡിന്റെ പ്രിയ താരം

കൊച്ചി: വീണ്ടും മോളിവുഡില്‍ ‘നിവിന്‍ പോളി’ തരംഗം. പ്രേമവും ഓം ശാന്തി ഓശനയും ആക്ഷന്‍ ഹീറോ ബിജുവുമെല്ലാം ഹിറ്റാക്കിയ നിവിന്‍ പോളി വീണ്ടും താര സംഹാസനത്തില്‍ എത്തുന്നു. നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ‘സര്‍വ്വം മായ’ എന്ന ചിത്രം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. 2025 ഡിസംബര്‍ 25-ന് ക്രിസ്മസ് റിലീസായി എത്തിയ ഈ ചിത്രം നിവിന്‍ പോളിയുടെ ഗംഭീരമായ തിരിച്ചുവരവായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം നൂറു കോടി ക്ലബ്ബു കടക്കുമെന്നാണ് വിലയിരുത്തല്‍. ഇതോടെ അണിയറയില്‍ ഒരുങ്ങുന്ന നിവിന്‍ ചിത്രങ്ങളും പ്രതീക്ഷയിലാണ്. പേരിടാത്ത നിവന്റെ രാഷ്ട്രീയ ചിത്രവും മോളിവുഡിന് കരുത്തായി മാറും. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം പൊളിട്ടിക്കല്‍ ത്രി്ല്ലറാണ്.

റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ചിത്രം ആഗോളതലത്തില്‍ 24.65 കോടി രൂപ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കി. കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിനം 3.35 കോടി രൂപയും രണ്ടാം ദിനം 3.9 കോടി രൂപയും മൂന്നാം ദിനം (ശനിയാഴ്ച) 4.75 കോടി രൂപയുമാണ് ചിത്രം നേടിയത്. ഇതോടെ ആദ്യ മൂന്ന് ദിവസത്തെ ഇന്ത്യയിലെ ആകെ കളക്ഷന്‍ ഏകദേശം 12 കോടി രൂപ കടന്നു. വിദേശ വിപണിയില്‍ നിന്നും, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിദേശത്തുനിന്ന് മാത്രം ഇതിനോടകം 10.4 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. അങ്ങനെ നിവിന്റെ രാശി വീണ്ടും തെളിയുകയാണ്. വന്‍ ഹിറ്റായി സര്‍വ്വം മയം മാറുകയാണെന്നതാണ് വസ്തുത.

കൂടാതെ, നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന എട്ടാമത്തെ ചിത്രമാണ് “സർവം മായ”. കുടുംബ പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തതോടെ വരും ദിവസങ്ങളിലും കളക്ഷന്‍ വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം ആയി ‘സര്‍വ്വം മായ’ മാറാന്‍ സാധ്യതയുണ്ടെന്നാണ് സിനിമാ അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അച്ഛന്‍ സത്യന്‍ അന്തിക്കാടിന്റെ ശൈലിയെ ഓര്‍മ്മിപ്പിക്കും വിധം ലളിതമായ വൈകാരിക മുഹൂര്‍ത്തങ്ങളും ഹാസ്യവും കോര്‍ത്തിണക്കിയാണ് അഖില്‍ സത്യന്‍ സര്‍വ്വം മായ ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളിയുടെ സ്വാഭാവികമായ അഭിനയ ശൈലിയും സ്‌ക്രീന്‍ പ്രസന്‍സും തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ഏറെ നാളുകള്‍ക്ക് ശേഷം നിവിന്‍ പോളി തന്റെ തനതായ ശൈലിയിലേക്ക് മടങ്ങിയെത്തി എന്നത് ശ്രദ്ധേയമാണ്.

ചിത്രത്തിന്റെ കഥാപരിസരം ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. നിഗൂഢതയും തമാശയും ഒരേപോലെ കൈകാര്യം ചെയ്യുന്ന തിരക്കഥ പ്രേക്ഷകരെ മടുപ്പിക്കാതെ കൊണ്ടുപോകുന്നുണ്ട്. അജു വര്‍ഗീസിന്റെ പ്രകടനം ചിത്രത്തിന് കൂടുതല്‍ കരുത്ത് പകരുന്നു. നിവിന്‍ – അജു കൂട്ടുകെട്ട് വീണ്ടും സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി കാഴ്ചവെക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും സിനിമയുടെ മൂഡിന് അനുയോജ്യം.

ഒരു ‘ഫീല്‍ ഗുഡ്’ സിനിമ എന്ന നിലയില്‍ ഈ ക്രിസ്മസ് കാലത്ത് കുടുംബത്തോടൊപ്പം കാണാന്‍ പറ്റിയ മികച്ച ചിത്രമായാണ് ‘സര്‍വ്വം മായ’ വിലയിരുത്തപ്പെടുന്നത്. മലയാള സിനിമയില്‍ ‘പ്രേമം’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ പ്രിയതാരമായി മാറിയ നടനാണ് നിവിന്‍ പോളി. 1984 ഒക്ടോബര്‍ 11-ന് ആലുവയില്‍ ജനിച്ച ഇദ്ദേഹം സിനിമാ മോഹവുമായി ഇന്‍ഫോസിസിലെ ജോലി രാജിവെച്ചാണ് അഭിനയരംഗത്തേക്ക് എത്തിയത്. 2010-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് 2012-ല്‍ പുറത്തിറങ്ങിയ ‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രത്തിലെ വിനോദ് എന്ന കഥാപാത്രം നിവിനെ ഒരു യൂത്ത് ഐക്കണാക്കി മാറ്റി.

2015-ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ എന്ന സിനിമ മലയാളത്തിന് പുറമെ തമിഴ്നാട്ടിലും വന്‍ തരംഗം സൃഷ്ടിച്ചു. ഇതോടെ അദ്ദേഹം തെന്നിന്ത്യയിലെ മുന്‍നിര നായകന്മാരുടെ പട്ടികയിലേക്ക് ഉയര്‍ന്നു. ‘ബാംഗ്ലൂര്‍ ഡേയ്സ്’, ‘ആക്ഷന്‍ ഹീറോ ബിജു’, ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’, ‘കായംകുളം കൊച്ചുണ്ണി’ തുടങ്ങിയവ അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയമായ വിജയങ്ങളാണ്. 2014-ല്‍ ‘1983’, ‘ബാംഗ്ലൂര്‍ ഡേയ്സ്’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ എന്ന ചിത്രത്തിലെ പ്രകടനം പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.