തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മധ്യവേനലവധി വെട്ടിക്കുറച്ചെന്ന തരത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ സർക്കുലർ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ പരാതിയെത്തുടർന്ന് തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയ വഴിയും മറ്റും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകും.
വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നത്. ഔദ്യോഗികമായ ഒരു തീരുമാനവും ഇല്ലാതെ ഇത്തരമൊരു സർക്കുലർ നിർമ്മിച്ചു പ്രചരിപ്പിച്ചത് പൊതുവിദ്യാഭ്യാസ വകുപ്പിന് പൊതുസമൂഹത്തിൽ വലിയ അവമതിപ്പുണ്ടാക്കിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വ്യാജ സർക്കുലറിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബർ വിഭാഗം.
വേനലവധി വെട്ടിക്കുറച്ചെന്ന വാർത്ത വ്യാപകമായി പ്രചരിച്ചതോടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ വലിയ ആശങ്കയാണ് ഉടലെടുത്തത്. സ്കൂൾ തുറക്കുന്ന തീയതിയുമായി ബന്ധപ്പെട്ടും അവധിക്കാല ക്ലാസുകളുമായി ബന്ധപ്പെട്ടും അധ്യാപകർക്കിടയിലും ആശയക്കുഴപ്പമുണ്ടായി. ഇതോടെയാണ് വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ ഇടപെടുകയും പ്രചരിക്കുന്നത് വ്യാജ സർക്കുലറാണെന്ന് ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്തത്.
‘വീണ്ടും തുടരും, നമ്മൾ തുടരും’ സർക്കാരിന്റെ പി ആർ ഡി പരസ്യത്തിൽ ഭാവന; വീഡിയോ പങ്കുവെച്ച് മഞ്ജു വാര്യർ
ഔദ്യോഗിക അറിയിപ്പുകൾ വകുപ്പിന്റെ വെബ്സൈറ്റിലൂടെയോ അംഗീകൃത മാധ്യമങ്ങൾ വഴിയോ മാത്രമേ പുറത്തുവിടുകയുള്ളൂവെന്നും സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും വ്യാജരേഖ ചമച്ചവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.


കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ആദ്യവാരം ? മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഫെബ്രുവരിയില്‍ കേരളത്തിലെത്തും





