കേസന്വേഷണം അട്ടിമറിച്ചു: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പുതിയ കേസിന് നീക്കം

തിരുവനന്തപുരം: കേസന്വേഷണം അട്ടിമറിച്ചെന്ന കുറ്റത്തിന് സസ്പെൻഷനിൽ കഴിയുന്ന അഡീഷണൽ ഡിജിപി എം ആർ അജിത് കുമാറിനെതിരെ ക്രൈം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്താൻ ആലോചന. ഇത് സംബന്ധിച്ച് നിയമ വിദഗ്ദാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി.
 ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നടത്തിയ മർദ്ദനത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന് അജിത് കുമാറിനെതിരെ പ്രത്യേകം രജിസ്റ്റർ ചെയ്യണമെന്നനിലപാടാണുള്ളത്. ആവശ്യമെങ്കിൽ തെളിവ് നശിപ്പിക്കലിന് അജിത് കുമാറിനെക്കൂടി നിലവിലുള്ള കേസിൽ പ്രതിയാക്കാമെങ്കിലും കൂടുതൽ വകുപ്പ് ചുമത്താൻ കഴിയുക പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യുമ്പോഴാണ്.
 മാത്രമല്ല, കുറ്റകൃത്യങ്ങൾ നടന്നിരിക്കുന്നത് വ്യത്യസ്ത സ്ഥലങ്ങളിലും വ്യത്യസ്ത തീയതികളിലുമാണ്. കേസിന്റെ രേഖകൾ തിരുത്തിയതും വ്യാജ രേഖകൾ സൃഷ്ടിച്ചതും അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ ഭീഷണിരൂപത്തിൽ സമ്മർദ്ദം ചെലുത്തിയതും ക്രമസമാധാന ചുമതലയുള്ള അഡീഷണൽ ഡിജിപിയുടെ പേരൂർക്കട ഊളമ്പാറയിലുള്ള ഓഫീസിൽ വച്ചാണ്. ഇതിനുപയോഗിച്ച ലാപ്ടോപ്പും കമ്പ്യൂട്ടറും ആ ഓഫീസിലുള്ളതുമാണ്. അങ്ങനെയെങ്കിൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യുക പേരൂർക്കട പോലീസ് സ്റ്റേഷനിൽ ആയിരിക്കും. പ്രത്യേക അന്വേഷണ സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ മൊഴി വാങ്ങിയായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക. തെളിവ് നശിപ്പിക്കൽ, രേഖകൾ തിരുത്തൽ, വ്യാജ രേഖകൾ സൃഷ്ടിക്കൽ, അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക രേഖകൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളൊക്കെ അജിത് കുമാറിനെതിരെ നിലനിൽക്കും.
 ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് നേതാക്കളായ അജയ് ജൂവൽ കുര്യാക്കോസ്, എ ഡി തോമസ് എന്നിവരെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ ആലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ആദ്യം അന്വേഷിച്ചത് ലോക്കൽ പോലീസായിരുന്നു. ഇൻസ്‌പെക്ടർ കെ പി തോംസൺ, ഡിവൈ എസ് പിമാരായ കെ എസ് അരുൺ,സുനിൽ രാജ് എന്നിവർക്കായിരുന്നു വിവിധ ഘട്ടങ്ങളിൽ അന്വേഷണ ചുമതല.
 ലോക്കൽ പോലീസ് അന്വേഷിക്കുന്ന ഒരു കേസിൽ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ക്ക്‌ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അധികാരം ഉപയോഗിച്ച് കേസ് ഡയറി പരിശോധിക്കുന്നതിനും അന്വേഷണത്തിനു ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും അധികാരമുണ്ട്. എന്നാൽ ഈ അധികാരങ്ങൾ ഉപയോഗിക്കേണ്ടത് കേസിന്റെ കാര്യക്ഷമമായ അന്വേഷണത്തിനും ഫലപ്രദമായ പ്രോസിക്യൂഷനും വേണ്ടിയായിരിക്കണം. എന്നാൽ ഇവിടെ എ ഡി ജി പി അജിത് കുമാർ ഇടപ്പെട്ടത് മുഖ്യ മന്ത്രിയുടെ ഇഷ്ടക്കാരായ പോലീസ് ഉദ്യോഗസ്ഥരായ പ്രതികളെ രക്ഷിക്കാനും കേസ് എഴുതി തള്ളിപ്പിക്കാനും വേണ്ടിയായിരുന്നുവെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ മൊഴിയാണ് ഇതിന് തെളിവായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്. ആരുടെയും പരാതിയില്ലാതെയാണ് എഡിജിപി കേസന്വേഷണത്തിൽ ഇടപെട്ടത്. അദ്ദേഹം രേഖാമൂലം നിർദ്ദേശം നൽകിയതുമില്ല.
 കേസ് ഡയറി തിരുത്തി എന്ന് പറയുന്ന ദിവസം താൻ തിരുവനന്തപുരത്തെ ഓഫീസിൽ ഇല്ലായിരുന്നു വെന്നും വയനാട് ദുരന്തബാധിത സ്ഥലത്തായിരുന്നുവെന്നു അജിത് കുമാറിന്റെ അവകാശവാദത്തിനും നിയമപരമായി നിലനിൽപ്പില്ലെന്ന് നിയമ വിദഗ്ധർ പറയുന്നു.അദ്ദേഹം വയനാട് ആയിരിക്കെ തിരുവനന്തപുരം ഓഫീസിലെ രണ്ട് എസ് ഐ മാരെ  ബന്ധപ്പെട്ടതിന് ഡിജിറ്റൽ തെളിവുകളുണ്ട്. സസ്പെൻഷനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിനെ സമീപിച്ചു നിയമനടപടി സ്വീകരിക്കാൻ അജിത് കുമാർ ഒരുങ്ങുന്ന വിവരം ആഭ്യന്തര വകുപ്പ് ഗൗരവത്തിൽ എടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകാനാണ് സാധ്യത.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.