നവകേരള സദസ്സിലെ മർദ്ദനക്കേസിൽ റിപ്പോർട്ട് തിരുത്തി ഗൺമാനെ രക്ഷിക്കാൻ നീക്കം, വയനാട് ദുരന്തഭൂമിയിലായിരുന്നുവെന്ന വാദം തള്ളി ചെന്നിത്തലയുടെ അടിയന്തര ഇടപെടൽ; പിണറായി ഭരണത്തിൽ സൂപ്പർ ഡിജിപിയായി വാണ എം.ആർ. അജിത് കുമാറിന് എട്ടിന്റെ പണി കൊടുത്ത് സർക്കാരിന്റെ മിന്നൽ സസ്പെൻഷൻ, ഡിജിപി പദവി തെറിച്ചു; നിതിൻ അഗർവാൾ വിരമിക്കുമ്പോൾ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനൊപ്പം ജയിൽ മേധാവി എസ്. ശ്രീജിത്തിന് ഡിജിപിയാകാൻ വഴിതെളിഞ്ഞു

തിരുവനന്തപുരം: മുൻ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സംസ്ഥാന പോലീസ് സേനയെയും ഭരണസിരാകേന്ദ്രങ്ങളെയും സ്വന്തം വിരൽത്തുമ്പിൽ നിർത്തി ‘സൂപ്പർ ഡിജിപി’യായി വാണ എഡിജിപി എം.ആർ. അജിത് കുമാറിന്റെ എല്ലാ കണക്കുകൂട്ടലുകളും തകർത്തുകൊണ്ട് സംസ്ഥാന സർക്കാരിന്റെ മിന്നൽ സസ്പെൻഷൻ നടപടി. നവകേരള സദസ്സിനിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകരെ മർദ്ദിച്ച കേസിന്റെ റിപ്പോർട്ടിൽ ഗുരുതരമായ തിരിമറി നടത്തിയെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) കണ്ടെത്തലിന് പിന്നാലെയാണ് അജിത് കുമാറിനെതിരെ ആഭ്യന്തര വകുപ്പ് നടപടിയെടുത്തത്. കേസ് ഡയറി തിരുത്തി എഴുതി അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവരെ രക്ഷിക്കാൻ അജിത് കുമാർ വഴിവിട്ട ശ്രമങ്ങൾ നടത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് അന്വേഷണ സംഘം പുറത്തുകൊണ്ടുവന്നത്. എസ്.ഐ.ടി. കണ്ടെത്തൽ പുറത്തുവന്നതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും അജിത് കുമാറിനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു.

നടപടി നേരിട്ടതോടെ ഈ മാസാവസാനം ഒഴിവു വരുന്ന സംസ്ഥാനത്തെ നാലാമത്തെ ഡിജിപി പദവിയിലേക്കുള്ള എം.ആർ. അജിത് കുമാറിന്റെ വഴി പൂർണ്ണമായും അടഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ ഈ മാസം 31-ന് സർവീസിൽ നിന്ന് വിരമിക്കുകയാണ്. ഈ ഒഴിവിലേക്ക്, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം 1996 ബാച്ച് എഡിജിപിയായ എസ്. ശ്രീജിത്തിനും ഡിജിപി കുപ്പായമണിയാനുള്ള വലിയ അവസരമാണ് തെളിഞ്ഞിരിക്കുന്നത്. ഐ.പി.എസ്. സീനിയോറിറ്റി പട്ടികയിൽ മുന്നിലുള്ള സുരേഷ് രാജ് പുരോഹിത് നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ തുടരുകയാണ്. സീനിയോറിറ്റിയിലുള്ള അജിത് കുമാറിന് അച്ചടക്കനടപടി നേരിടേണ്ടി വന്ന സാഹചര്യത്തിൽ, അടുത്ത ഊഴം സംസ്ഥാനത്തെ ജയിൽ വകുപ്പ് മേധാവിയും ജനപ്രിയ ഉദ്യോഗസ്ഥനുമായ എസ്. ശ്രീജിത്തിലേക്ക് തന്നെ എത്തുമെന്ന് ഭരണസിരാകേന്ദ്രങ്ങൾ ഉറപ്പിച്ചു വ്യക്തമാക്കുന്നു.

കേസ് ഡയറി തിരുത്തിയെന്ന കണ്ടെത്തലിൽ നിന്ന് രക്ഷപ്പെടാൻ, താൻ ആ സമയത്ത് വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന തിരക്കിലായിരുന്നുവെന്ന വാദമാണ് അജിത് കുമാർ ഉയർത്തിയത്. എന്നാൽ അജിത് കുമാറിന്റെ ഈ വാദങ്ങളെല്ലാം ആഭ്യന്തര വകുപ്പ് പൂർണ്ണമായും തള്ളിക്കളഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് ആർ.എസ്.എസ്. ഉന്നത നേതാക്കളുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച, വിവാദമായ തൃശൂർ പൂരം കലക്കൽ സംഭവം, ഭരണകക്ഷി എം.എൽ.എ.യായിരുന്ന പി.വി. അൻവർ ഉയർത്തിയ ഗുരുതര ആരോപണങ്ങൾ തുടങ്ങി നിരവധിയായ വിവാദങ്ങളുടെ തോഴനായിരുന്നു എം.ആർ. അജിത് കുമാർ. അങ്ങനെയുള്ള അജിത് കുമാറിനെതിരെ തന്നെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സസ്പെൻഷൻ നടപടി സ്വീകരിച്ചതിലൂടെ, പോലീസിലെ വഴിവിട്ട രീതികൾക്ക് ഇനി സ്ഥാനമില്ലെന്ന കടുത്ത മുന്നറിയിപ്പാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി.ഡി. സതീശനും പോലീസ് സേനയ്ക്ക് നൽകുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.