രക്ഷാപ്രവര്‍ത്തന അട്ടിമറി കേസില്‍ എഡിജിപി എം.ആര്‍. അജിത് കുമാര്‍ പ്രതികൂട്ടില്‍: റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി രമേശ് ചെന്നിത്തല; ഡിജിപി സ്ഥാനക്കയറ്റം മുടങ്ങും; ഇനി നിയമപോരാട്ടത്തിന്റെ നാളുകള്‍; അജിത് കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴയില്‍ നടന്ന ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി എടുത്തു. ഡിജിപി റാവാഡ എ. ചന്ദ്രശേഖര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച തൊട്ടടുത്ത നിമിഷം തന്നെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയം ഏറ്റെടുക്കുകയും സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുകയുമായിരുന്നു. അജിത് കുമാറിന് സസ്‌പെൻഷൻ ലഭിച്ചേക്കും എന്ന് വയർലെസ് നേരത്തെ റിപ്പോർട്ട്‌ ചെയ്തിരുന്നു.

കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലീസുകാരെ രക്ഷിക്കാന്‍ കേസ് ഡയറിയില്‍ കൃത്രിമം കാണിക്കാന്‍ എഡിജിപി നിര്‍ദ്ദേശം നല്‍കിയെന്നാണ് എസ്.ഐ.ടി. കണ്ടെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലെ രാഷ്ട്രീയ കൂറുകളും അഴിമതിയും പൂര്‍ണ്ണമായി തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എഡിജിപിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുന്നത്. റിപ്പോര്‍ട്ട് മുന്നിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സസ്പെന്‍ഷനുള്ള തീരുമാനം കൈക്കൊണ്ടത് ഉദ്യോഗസ്ഥവൃന്ദത്തെ ഞെട്ടിച്ചിട്ടുണ്ട്.

എഡിജിപിക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന സൂചനകള്‍ ലഭിച്ചതോടെ, പോലീസ് സേനയ്ക്കുള്ളില്‍ വലിയ ചലനങ്ങളാണ് ഉണ്ടാകുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥനാണെങ്കിലും കേസ് അട്ടിമറിയില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതാണ് സസ്‌പെന്‍ഷനിലേക്ക് എത്തുന്നത്. നടപടിക്രമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഈ മാസം 31-ന് നിതിന്‍ അഗര്‍വാള്‍ വിരമിക്കുമ്പോള്‍ അജിത് കുമാറിന് ലഭിക്കേണ്ടിയിരുന്ന ഡിജിപി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം തടസ്സപ്പെടും. സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയാല്‍ മാത്രമേ അച്ചടക്കനടപടി നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കൂ എന്നതിനാല്‍ അജിത് കുമാറിന്റെ വഴി പൂര്‍ണ്ണമായും അടഞ്ഞു.

വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയായിരുന്ന താന്‍ കേസ് ഡയറി തിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന വാദമാണ് അജിത് കുമാര്‍ ഉന്നയിക്കുന്നത്. ഇതിനായി തന്റെ യാത്രാരേഖകളും അദ്ദേഹം ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, മുന്‍പ് നടത്തിയ ‘രക്ഷാപ്രവര്‍ത്തനം’ ചൂണ്ടിക്കാണിച്ച് ശിക്ഷയില്‍ നിന്ന് ഊരിപ്പോരാന്‍ ശ്രമിച്ച എഡിജിപിയെ രക്ഷിക്കാന്‍ സര്‍ക്കാരോ പോലീസിലെ ഉന്നതരോ തയ്യാറായില്ല. ഉദ്യോഗസ്ഥന്റെ വ്യക്തിഗത സേവന ചരിത്രത്തേക്കാള്‍ കുറ്റകൃത്യത്തിന്റെ ഗൗരവത്തിനാണ് ആഭ്യന്തര വകുപ്പ് മുന്‍ഗണന നല്‍കിയത്.

ഓഫീസിലെ ഗ്രേഡ് എസ്.ഐ.മാര്‍ വഴി കേസ് ഡയറി തിരുത്തിയെന്ന കണ്ടെത്തലുകളില്‍ തെളിവുകള്‍ വ്യക്തമായ സാഹചര്യത്തിലാണ് അജിത് കുമാറിന്റെ വിശദീകരണങ്ങള്‍ തള്ളിക്കളയാന്‍ ഡിജിപിയും ആഭ്യന്തര മന്ത്രിയും തീരുമാനിച്ചത്. സര്‍ക്കാര്‍ നടപടികള്‍ വൈകിപ്പിച്ച് അജിത് കുമാറിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം നടക്കുന്നുവെന്ന പ്രചാരണങ്ങളെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തള്ളിക്കളഞ്ഞു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച ആക്ഷേപങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തിയാണ് ഇപ്പോള്‍ നടപടിയിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ സസ്പെന്‍ഷന്‍ നടപടി പുറത്തുവരുന്നതോടെ ഇതിനെതിരെ ഹൈക്കോടതിയിലോ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലോ അപ്പീല്‍ നല്‍കി നിയമപോരാട്ടം ആരംഭിക്കാനാണ് അജിത് കുമാറിന്റെ ആലോചന. അന്വേഷണ റിപ്പോര്‍ട്ടിലെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.