തിരുവനന്തപുരം: അല്‍ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ പേരിൽ കോടികളുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ കേസില്‍ ഒരാൾ അറസ്റ്റിൽ. ഈ കേസിലെ ആദ്യ അറസ്റ്റാണിത്. അല്‍ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ ഗ്ലോബല്‍ മാനേജരായിരുന്ന ഗുല്‍സാർ അഹമ്മദാണ് അറസ്റ്റിലായിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിയാണിയാൾ.
സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി പ്രത്യേകം രൂപീകരിച്ചിട്ടുള്ള ക്രൈെം ബ്രാഞ്ചിന്റെ എക്കണോമിക് ഒഫൻസസ് വിംഗ് തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി വി രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് ചാരാച്ചിറയിലെ ഒരു ഫ്ലാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ.
ജുവല്ലറി ഗ്രൂപ്പിന്റെ മറവിൽ നൂറുകണക്കിന് ആളുകളില്‍ നിന്ന് സ്വർണ്ണവും പണവും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. നിക്ഷേപകർക്ക് വൻ ലാഭ വാഗ്ദാനമാണ് ഇവർ നൽകിയിരുന്നത്. അല്‍ മുക്താദിർ ഗ്രൂപ്പിന്റെ ജ്വല്ലറികളില്‍ നിക്ഷേപം നടത്തുന്നവർക്ക് വർഷത്തില്‍ 25 ശതമാനം ലാഭമാണ് വാഗ്ദാനം ചെയ്തിരുന്നത്. പണിക്കൂലിയും പണിക്കുറവും ഇല്ലാതെ സ്വർണ്ണം നല്‍കാമെന്ന് വാഗ്ദാനം നൽകിയും ആളുകളെ വലയിലാക്കി ലക്ഷങ്ങൾ തട്ടിച്ചിട്ടുണ്ട്.
നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തിയിട്ടുള്ളത്. ഇതുവരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. കൂടുതൽ പരാതികൾ ലഭിക്കുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തിയും കൂടും.
തിരുവനന്തപുരത്ത് മാത്രം ഇതുവരെ 480 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് . കോടികളുടെ നികുതി വെട്ടിപ്പ് ആദായ നികുതി വകുപ്പും കണ്ടെത്തിയിരുന്നു. ജ്വല്ലറിയുടെ ശാഖകളിൽ റെയ്ഡ് നടത്തിയായിരുന്നു ആദായ നികുതി വകുപ്പിന്റെ ഈ കണ്ടെത്തൽ.
കേരളത്തിന്റെ മിക്ക നഗരങ്ങളിലും അല്‍ മുക്താദിർ ഗ്രൂപ്പിന്റെ ജ്വല്ലറികൾ തുറന്നു പ്രവർത്തിച്ചിരുന്നു. ഓരോ സ്ഥലത്തും വിവിധ പേരുകളിൽ പത്തോളം ജ്വല്ലറികളാണ് ഒരുമിച്ച് പ്രവർത്തിച്ചിരുന്നത്.
അതായത് വകുപ്പിന്റെ റെയിഡിനുശേഷം ജ്വല്ലറിയുടെ ശാഖകള്‍ ഓരോന്നായി അടച്ചുപൂട്ടി. അതോടെയാണ് നിക്ഷേപകർ കൂട്ടമായി പരാതിയുമായി എത്തിയത്. പരാതികൾ ഉയർന്നതോടെ ജ്വല്ലറി ഉടമ മുഹമ്മദ് മൻസൂർ ഒളിവില്‍ പോയി. കേസിലെ ഒന്നാം പ്രതിയായ ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. ക്രൈംബ്രാഞ്ച് എക്കണോമിക് ഓഫൻസസ് വിംഗ് തിരുവനന്തപുരം യൂണിറ്റ് പോലീസ് സൂപ്രണ്ട് മുഹമ്മദ് റാഷിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സ്കൂൾ ഫണ്ട് തട്ടിപ്പ്: മുൻ ഹെഡ്മാസ്റ്റർക്കും ക്ലർക്കിനും 27 വർഷം കഠിനതടവും പിഴയും; വിജിലൻസ് കോടതി വിധി





