വേഷം മാറിയും പേര് മാറ്റിയും ഒളിവ് ജീവിതം; 20 വർഷത്തിന് ശേഷം കൊലയാളികൾ സിബിഐ പിടിയിൽ

തിരുവനന്തപുരം: കേരളത്തിലെ കേസുകളിൽ അന്വേഷണ ഗ്രാഫ് ഉയർത്തി സി ബി ഐ എന്ന മൂന്നക്ഷരത്തിൽ അറിയപ്പെടുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. കേരളത്തിലെ സിബിഐ യൂണിറ്റിന് അല്ല, ചെന്നൈയിലെ സിബിഐ യൂണിറ്റിനാണ് ഈ നേട്ടം എന്നു മാത്രം.
<iframe width=”560″ height=”315″ src=”https://www.youtube.com/embed/5hKpkyAsxbQ?si=danmEglJZE9c0T1F” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” referrerpolicy=”strict-origin-when-cross-origin” allowfullscreen></iframe>
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച രണ്ട് കൊലക്കേസുകളിലെ ഒളിവിലായിരുന്ന പ്രതികളെ രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും   അറസ്റ്റ് ചെയ്താണ് സിബിഐ തങ്ങളുടെ അന്വേഷണ മികവ് തെളിയിച്ചിരിക്കുന്നത്. സിബിഐ ചെന്നൈ യൂണിറ്റിന്റെ തലവനും ഡി ഐ ജി യുമായ പി മുരുകൻ ഐ പി എസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റ് നടപടികളും.
2005 ഒക്ടോബറിൽ തിരുവനന്തപുരത്ത് കൊല്ലപ്പെട്ട എൻജിനീയറിങ് വിദ്യാർഥി ശ്യാമൾ മണ്ഡലിന്റെ ഘാതകരിൽ ഒളിവിലായിരുന്ന ആൻഡമാൻ- നിക്കോബാർ സ്വദേശി ദീപക് എന്നറിയപ്പെടുന്ന ദുർഗ ബഹദൂർ ഭട്ട് ഛേതിയയെ  അറസ്റ്റ് ചെയ്താണ് സിബിഐ തങ്ങളുടെ മികവ് തെളിയിച്ചത്. നീണ്ട 20 വർഷങ്ങൾക്ക് ശേഷം, 2026 മാർച്ച്‌ 27നായിരുന്നു ഈ അറസ്റ്റ്.
ഈ കേസിലെ പ്രതികളിലൊരാളായ ആൻഡ മാൻ- നിക്കോബാർ സ്വദേശി മുഹമ്മദ് അലി നേരത്തെ അറസ്റ്റിലായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2008ലാണ് സിബിഐ ഈ കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. 2010 കുറ്റപത്രം നൽകിയ ഈ കേസിൽ 2022ൽ മുഹമ്മദ് അലിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും സിബിഐ പ്രത്യേക കോടതി വിധിച്ചിരുന്നു.
 ഒരു പ്രതി അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടും സിബിഐ അടങ്ങിയിരുന്നില്ല. ഒളിവിലുള്ള പ്രതിക്കായി ഒരു കണ്ണ് സിബിഐ എപ്പോഴും തുറന്നുവെച്ചിരുന്നു. ഒടുവിൽ സുരാജ് ബിഭട്ട് എന്ന പേരിൽ നാഗ്പൂരിൽ വേഷംമാറി കഴിഞ്ഞിരുന്ന പ്രതിയെ സിബിഐ പിടികൂടി.
 തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിങ് കോളേജ് വിദ്യാർഥിയായിരുന്ന ശ്യാമൾ മണ്ഡലിനെ 2005 ഒക്ടോബർ 13നാണ് കാണാതായത്. കോളേജ് ഹോസ്റ്റലിൽ നിന്നും ഒരു കൂട്ടുകാരനൊപ്പം കിഴക്കേകോട്ടയിൽ എത്തിയശേഷം ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞു പോയ ശ്യാമൾ മണ്ഡലിനെ പത്താം ദിവസം -ഒക്ടോബർ 23 ന് -കൊല്ലപ്പെട്ട നിലയിൽ തിരുവല്ലം-കോവളം റോഡിൽ വെള്ളാർ എന്ന സ്ഥലത്ത് ആളൊഴിഞ്ഞ ഭാഗത്ത് ചാക്കിൽ കെട്ടിയ  നിലയിൽ കാണപ്പെടുകയായിരുന്നു.
ശ്യാമൾ മണ്ഡലിന്റെ പിതാവ് ബസുദേവ് മണ്ഡലിനോട് ദുർഗാ ബഹദൂറിന് ഉണ്ടായിരുന്ന വിരോധമാണ് കൊലയ്ക്ക് കാരണം. ശ്യാമളിനെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ മോചനം ആവശ്യപ്പെട്ടെങ്കിലും അത് ലഭിച്ചില്ല. തുടർന്നായിരുന്നു  കൊലപാതകം.
ഇതിന് സമാനമായ കേസാണ് കൊല്ലം ജില്ലയിലെ അഞ്ചലിനടുത്ത് ഏറം എന്ന സ്ഥലത്തേതും. ഒന്നും രണ്ടുമല്ല, മൂന്ന് പേരാണ്  ഇവിടെ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത്. 24 കാരിയായ രഞ്ജിനിയും അവരുടെ 17 ദിവസം മാത്രം പ്രായമുള്ള ഇരട്ട പെൺകുട്ടികളും കഴുത്തറുത്ത് കൊല്ലപ്പെടുകയായിരുന്നു.
2006 ഫെബ്രുവരി പത്തിനായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. അഞ്ചൽ സ്വദേശിയും സൈനികനുമായ ബി ദിബിൽ കുമാർ, അദ്ദേഹത്തിന്റെ സുഹൃത്ത് കണ്ണൂർ സ്വദേശിയും സൈനികനുമായ പി രാജേഷ് എന്നിവരായിരുന്നു കേസിലെ പ്രതികൾ. സംഭവദിവസം ഒളിവിൽ പോയ ഇരുവരെയും നീണ്ട 19 വർഷങ്ങൾക്ക് ശേഷം, 2025 ജനുവരി മൂന്നിന് പുതുശ്ശേരിയിൽ നിന്നും സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹം കഴിച്ചു വിഷ്ണു പ്രവീൺ എന്നും വ്യാജ പേര് സ്വീകരിച്ചു ഇന്റീരിയർ ഡിസൈൻ ബിസിനസ് നടത്തിവരികയായിരുന്നു ഇരുവരും.
2010 ലാണ് ഈ കേസ് സിബിഐ ഏറ്റെടുക്കുന്നത്. സൈനികരായതിനാൽ ഒട്ടേറെ ഒളിത്താവളങ്ങൾ അറിയാമായിരുന്ന ഇവരെ പിടികൂടുക അത്ര എളുപ്പമായിരുന്നില്ല. കൃത്യം നടക്കുമ്പോൾ ഇരുവരും പത്താൻകോട്ട് 45 എ ഡി റെജിമെന്റിൽ ജോലി ചെയ്യുകയായിരുന്നു.
എത്ര കാലതാമസം ഉണ്ടായാലും ഏറ്റെടുത്ത കേസുകളിലെ അന്വേഷണം വീഴ്ചയില്ലാതെ തുടരുന്നതാണ് സിബിഐയുടെ അന്വേഷണ മികവിന് കാരണം. അംഗസംഖ്യ കുറവാണെങ്കിലും രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജൻസി എന്ന പേര് നിലനിർത്താൻ സിബിഐക്ക് കഴിയുന്നതും ഇതുകൊണ്ടുതന്നെ.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.