തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പോരാട്ടം മുറുകവെ പ്രതിപക്ഷത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത ആക്രമണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി പിരിച്ച പണം കോണ്‍ഗ്രസുകാര്‍ മുക്കിയെന്ന് ആരോപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ പോക്കറ്റടിക്കുന്നവര്‍ എന്ന വിളിപ്പേര് പ്രതിപക്ഷത്തിന് വീഴരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്ന് പരിഹസിച്ചു. വികസന കാര്യത്തില്‍ സംവാദം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തന്റെ ഫെയ്സ്ബുക്ക് പേജിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി, സംവാദത്തിന് പ്രത്യേക സ്ഥലവും സമയവും ആവശ്യമില്ലെന്നും ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ശബരിമലയിലെ വിവാദ വിഷയങ്ങളും സോണിയ ഗാന്ധിയുടെ വസതിയിലെ ‘സ്വര്‍ണ്ണ ഇടപാടുകളും’ ഉന്നയിച്ച് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പുതിയ ലേഖനം.
മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പിരിച്ച പണം ഏത് ബാങ്കിലുണ്ടെന്ന് മുഖ്യമന്ത്രി ചോദിച്ചു. മറുപടി പറയാതിരിക്കുന്നതിലൂടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ പോക്കറ്റ് തപ്പുന്നവരായി നിങ്ങള്‍ മാറുകയാണ്. മൃതദേഹങ്ങളില്‍ നിന്ന് പണം മോഷ്ടിക്കുന്നവര്‍ എന്ന വിളിപ്പേര് കോണ്‍ഗ്രസിന് വീഴരുത് എന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് അതില്‍ നിര്‍ബന്ധമുണ്ടോ എന്ന് സംശയമാണെന്നും പിണറായി കുറിച്ചു. മേപ്പാടിയില്‍ വീടുപണി തുടങ്ങിയെന്ന സതീശന്റെ വാദം ‘പച്ചക്കള്ള’മാണ്. പഞ്ചായത്തില്‍ ഒരു അപേക്ഷ പോലും നല്‍കാതെ നോവലുകളിലെ സാങ്കല്‍പ്പിക കഥ പറയുന്നതുപോലെയാണ് പ്രതിപക്ഷ നേതാവ് പെരുമാറുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു.
വികസന സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ച മുഖ്യമന്ത്രി, ഇതിനകം തന്നെ തന്റെ ഫെയ്സ്ബുക്കില്‍ പത്തുവര്‍ഷത്തെ നേട്ടങ്ങള്‍ കുറിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. സംവാദം അവിടെ തുടരാം. ഇതിനേക്കാള്‍ നല്ല വേദി നിയമസഭയായിരുന്നു. എന്നാല്‍ നിയമസഭയില്‍ നയപ്രഖ്യാപനവും ബജറ്റും ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന് ഇപ്പോള്‍ തെരുവില്‍ സംവാദം നടത്തുന്നത് നുണകള്‍ പ്രചരിപ്പിക്കാനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രൊഫഷണല്‍ ഏജന്‍സികളെ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന നുണകള്‍ തത്സമയം പൊളിയുമെന്ന പേടിയാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം പരിഹസിച്ചു.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ ഒത്തുകൂടിയത് എന്തിനാണെന്ന് പിണറായി ചോദിച്ചു. പോറ്റിയെ ശബരിമലയില്‍ കയറ്റിയത് കോണ്‍ഗ്രസ് ഭരണകാലത്താണ്. സോണിയയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കാന്‍ അവസരമൊരുക്കിയത് യു.ഡി.എഫ് കണ്‍വീനറാണ്. എസ്.പി.ജി സുരക്ഷയുള്ള സോണിയയുടെ വീട്ടില്‍ സ്വര്‍ണ്ണം കട്ടവനും വാങ്ങിയവനും ഇടനിലക്കാരനും ഒത്തുകൂടിയത് എന്തിനാണെന്ന് ജനങ്ങള്‍ക്ക് അറിയാം. രാഹുല്‍ ഗാന്ധിക്ക് പോലും ഇക്കാര്യങ്ങള്‍ അറിയാവുന്നത് കൊണ്ടാണ് പത്തനംതിട്ടയില്‍ വെച്ച് യു.ഡി.എഫ് നേതാക്കളെ നോക്കി അദ്ദേഹം ആ ‘പാട്ട്’ പാടിയതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ആ സമയം സതീശന്റെയും കണ്‍വീനറുടെയും ഹൃദയം നന്നായി മിടിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണതുടര്‍ച്ചയുടെ പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന സര്‍ക്കാരിന്റെ നേട്ടങ്ങളെ ആര്‍ക്കും തമസ്‌കരിക്കാനാവില്ല. അഞ്ചുവര്‍ഷത്തിനിടെ ഒരു മന്ത്രിക്കെതിരെ പോലും അഴിമതി ആരോപണം ഉന്നയിക്കാന്‍ കഴിയാത്ത പ്രതിപക്ഷം ഇപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്ത് വികസന വിരോധികളായി മാറുകയാണ്. നിയമസഭയില്‍ അവിശ്വാസം കൊണ്ടുവരാനോ അടിയന്തര പ്രമേയം വഴി ചര്‍ച്ച നടത്താനോ ധൈര്യമില്ലാത്തവരാണ് ഇപ്പോള്‍ സംവാദത്തിന് മുറവിളി കൂട്ടുന്നതെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ ആക്ഷേപിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വികസനം തന്നെയാകും തങ്ങളുടെ പ്രധാന പ്രചാരണ ആയുധമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പിണറായി ലേഖനം അവസാനിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനം ചുവടെ:-
‘മരിച്ചവരെ പോക്കറ്റടിച്ചില്ലേ നിങ്ങള്‍,കോണ്‍ഗ്രസുകാര്‍ക്ക് ആ വിളിപ്പേര് വീഴരുതെന്നാണ് എന്റെ ആഗ്രഹം’
പിണറായി വിജയന്‍
പ്രതിപക്ഷ നേതാവേ, അങ്ങയോട് ഞാന്‍ അഞ്ചുദിവസംമുന്‍പ് ഒരു ചോദ്യം ചോദിച്ചിരുന്നു. മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ച പണം എത്ര? ഏത് ബാങ്കിലാണ് ആ പണം ഉള്ളത്? മറുപടി പറയാതിരിക്കുന്നതിലൂടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ പോക്കറ്റ് തപ്പി അതില്‍നിന്ന് പണം തട്ടിയവരായി നിങ്ങള്‍ മാറുകയാണ്. മൃതദേഹത്തില്‍നിന്ന് പണം മോഷ്ടിക്കുന്നവരെ വിളിക്കുന്ന പേര് ആരെയും വിളിക്കരുതെന്ന് എനിക്കുണ്ട്. കോണ്‍ഗ്രസുകാര്‍ക്ക് ആ വിളിപ്പേര് വീഴരുത് എന്ന് എനിക്കുമാത്രം ആഗ്രഹമുണ്ടായിട്ട് കാര്യമുണ്ടോ?
വീടുപണി തുടങ്ങിയെന്നും മേപ്പാടിയില്‍ പോയി പരിശോധിച്ചാല്‍ മാധ്യമങ്ങള്‍ക്കത് മനസ്സിലാകുമെന്നും പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടു. നെടുംപറമ്പ് എന്നൊക്കെ ചില നോവലുകളില്‍ പറയുന്നപോലുള്ള സ്ഥലമാണത്. മേപ്പാടി പഞ്ചായത്ത് ഇപ്പോള്‍ ഭരിക്കുന്നത് യു.ഡി.എഫാണ്. പക്ഷേ, ഇവിടെ വീടുകള്‍ വെക്കുന്നതിന് കേരള പഞ്ചായത്ത് ബില്‍ഡിങ് റൂള്‍സ് പ്രകാരം അനുമതിപത്രം ലഭിക്കുന്നതിന് അപേക്ഷപോലും നല്‍കിയിട്ടില്ല. വീടോ, കെട്ടിടമോ നിര്‍മിക്കുന്നതിനുള്ള മുന്നുപാധി ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തില്‍നിന്ന് അനുമതിപത്രം ലഭ്യമാക്കുക എന്നതാണെന്ന് അറിയാത്തവണ്ണം അജ്ഞനാണോ നമ്മുടെ പ്രതിപക്ഷ നേതാവ്? നിന്നനില്‍പ്പില്‍ കള്ളംപറഞ്ഞ് തടിതപ്പാന്‍ നോക്കുന്നവരെ നുണയന്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?
വികസനകാര്യത്തിലുള്ള സംവാദം വേണമെന്ന് താങ്കള്‍ക്ക് തോന്നിയത് വളരെ നല്ലകാര്യമാണ്. ഇന്നലെ രാവിലെ ഒന്‍പത് മണിമുതല്‍ ആ സംവാദം തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ നേട്ടങ്ങള്‍ ഞാനെന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. അതില്‍ തര്‍ക്കമുണ്ടെങ്കില്‍ പറയണം, വിമര്‍ശനമുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണം. സംവാദം നമുക്ക് തുടരാം.
വൈകിയാണെങ്കിലും നല്ലബുദ്ധി തോന്നിയല്ലോ. പക്ഷേ, ഇതിനേക്കാള്‍ നല്ല വേദി നിയമസഭയായിരുന്നു. കേരളത്തെ ലോകോത്തരനിലവാരത്തില്‍ എത്തിക്കാന്‍കഴിഞ്ഞ പത്തുവര്‍ഷങ്ങളെ മുഖാമുഖം വിശദീകരിക്കാനും അതിന്മേലുള്ള വിമര്‍ശങ്ങള്‍ കേള്‍ക്കാനും തെറ്റുകുറ്റങ്ങളെപ്പറ്റി ചര്‍ച്ചനടത്താനും കഴിയുമായിരുന്നു. പ്രതിപക്ഷം നഷ്ടപ്പെടുത്തിയത് ഈയവസരമാണ്. നേര്‍ക്കുനേര്‍ സംവാദം ഒഴിവാക്കിയ പ്രതിപക്ഷത്തിന്റെ ബുദ്ധി ചില്ലറയല്ല. പ്രൊഫഷണല്‍ ഏജന്‍സികളെ ഉപയോഗിച്ച് നാട്ടില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന നുണകള്‍ തത്സമയം പൊളിയുമല്ലോ.
നിയമസഭയില്‍ അവിശ്വാസം കൊണ്ടുവന്നില്ല, നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ചയിലും ബജറ്റ് ചര്‍ച്ചയിലും സഭ ബഹിഷ്‌കരിച്ചു. അഞ്ചുവര്‍ഷത്തില്‍ ഒരു മന്ത്രിക്കെതിരേപോലും അഴിമതിയാരോപണം ഉന്നയിച്ചില്ല. അടിയന്തരപ്രമേയത്തിനുള്ള നോട്ടീസുകള്‍ ഉപയോഗപ്പെടുത്തി വിഷയാധിഷ്ഠിത ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍ അതും യു.ഡി.എഫ്. നിര്‍ത്തിക്കളഞ്ഞു! അവസാനസമ്മേളനത്തില്‍ അടിയന്തരപ്രമേയത്തിനുള്ള ഒരു നോട്ടീസ് പോലും നല്‍കിയില്ല! ഇതേപ്പറ്റി ചോദിച്ചപ്പോള്‍ പ്രതിപക്ഷ ഉപനേതാവ് പറഞ്ഞത് നോട്ടീസ് നല്‍കി ചര്‍ച്ചചെയ്താല്‍ വിഷയം ‘ഡൈല്യൂട്ട്’ ആകും എന്നാണ്. കുറ്റം പറയാന്‍ പറ്റില്ല! ഉന്നയിക്കുന്ന വിഷയത്തില്‍ മന്ത്രിമാരുടെ മറുപടി ഉണ്ടാകും, വിഷയം നേര്‍ത്ത് ഇല്ലാതാകും എന്നത് പ്രതിപക്ഷത്തിന്റെ നേരനുഭവവുമാണ്. ,ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം. കുറ്റംചെയ്ത ഒരാള്‍പോലും രക്ഷപ്പെടില്ല. അക്കാര്യങ്ങള്‍ ഹൈക്കോടതി ഉറപ്പുവരുത്തുന്നുണ്ട്. യു.ഡി.എഫിന്റെ കാര്യം പക്ഷേ, അവിടെ തീരില്ല. എസ്.പി.ജി. സുരക്ഷയുള്ള സോണിയാഗാന്ധിയുടെ വസതിയില്‍ സ്വര്‍ണം കട്ടവനും വാങ്ങിയവനും ഇടനിലക്കാരനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും യു.ഡി.എഫ്. കണ്‍വീനറും പത്തനംതിട്ട എം.പി.യും ഒത്തുകൂടിയത് എന്തിനാണ്? ഇവരെ ഒറ്റഫ്രെയിമില്‍ കണ്ടത് സോണിയാഗാന്ധിയുടെ വീട്ടില്‍മാത്രമാണ്.
പോറ്റിയെ ശബരിമലയില്‍ കേറ്റിയത് നിങ്ങളുടെ ഭരണകാലത്താണ്. സോണിയയുടെ കൈയില്‍ ചരട് കെട്ടിക്കൊടുക്കാനുള്ള അവസരം ഒരുക്കിയത് യു.ഡി.എഫ്. കണ്‍വീനറാണ്. അത് രാഹുല്‍ ഗാന്ധിക്കും അറിയാമല്ലോ. എല്ലാം അറിഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി പത്തനംതിട്ടയില്‍ നിങ്ങളെ നോക്കി ആ പാട്ട് പാടിയിട്ടുണ്ടാവുക. പ്രതിപക്ഷ നേതാവും മുന്നണി കണ്‍വീനറും ഉള്‍പ്പെടെയുള്ള യു.ഡി.എഫുകാരുടെ ഹൃദയം അപ്പോള്‍ നന്നായി മിടിച്ചുകാണും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വൈരുദ്ധ്യത്തിന് ‘വിസ്മയിപ്പിക്കുന്ന ഒരു മറുപടി ബഹുമാന്യനായ സ്പെഷ്യല്‍ പബ്ലിക് പ്രോസി ക്യുട്ടര്‍ നല്‍കിയിട്ടുണ്ടെന്ന്’ വിധി! അതിജീവിതയുടെ അമ്മ പോലും സാക്ഷിയായില്ല! ദിലീപിന് രക്ഷയായത് ഈ വീഴ്ചകള്‍





