മുഖ്യമന്ത്രി – പ്രതിപക്ഷ നേതാവ് സംവാദം: വെല്ലുവിളികള്‍ ബാക്കി; ‘ശബരമലയും വര്‍ഗീയതയും’ ചര്‍ച്ചയാകില്ല? നാളത്തെ വാര്‍ത്താസമ്മേളനം നിര്‍ണായകം; സംവാദ സാധ്യത കുറവ്

കൊച്ചി: കേരളം ഉറ്റുനോക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള രാഷ്ട്രീയ സംവാദം നടക്കാന്‍ സാധ്യത മങ്ങുന്നു. സംവാദം വെറുമൊരു രാഷ്ട്രീയ വെല്ലുവിളിയായി തന്നെ അവശേഷിക്കാനാണ് നിലവിലെ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. സംവാദത്തിന് തയ്യാറാണെന്നും സമയവും സ്ഥലവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
സംവാദത്തിന് മുഖ്യമന്ത്രി തയ്യാറായാല്‍ തന്നെ, അത് ‘വികസന’ വിഷയങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന കര്‍ക്കശ നിലപാട് അദ്ദേഹം സ്വീകരിച്ചേക്കും. തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല, വര്‍ഗീയത തുടങ്ങിയ വൈകാരിക വിഷയങ്ങള്‍ ചര്‍ച്ചയാക്കാന്‍ മുഖ്യമന്ത്രി അനുവദിക്കില്ലെന്നാണ് സൂചന. ശബരിമല വിഷയത്തില്‍ യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ കോടതിയുടെ പരിഗണനയിലാണെന്ന വാദമുയര്‍ത്തി പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ നീക്കം.
എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് വി.ഡി. സതീശന്‍ വെല്ലുവിളിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്‍പ് കൂടെക്കൂട്ടിയവര്‍ ഇപ്പോള്‍ യുഡിഎഫിനെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘പുറമേ മതേതരത്വം പറയുകയും രഹസ്യമായി ആര്‍.എസ്.എസുമായും എസ്.ഡി.പി.ഐയുമായും ഡീലുകള്‍ ഉണ്ടാക്കുകയുമാണ് സി.പി.എമ്മിന്റെ രീതി. വികസനം, ശബരിമല, സ്വര്‍ണ്ണക്കടത്ത്, വര്‍ഗീയത തുടങ്ങിയ ഏത് വിഷയത്തിലും മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സംവാദത്തിന് ഞാന്‍ തയ്യാറാണ്.’ – വി.ഡി. സതീശന്‍ വ്യക്തമാക്കി.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നയിച്ച കണക്കുകള്‍ പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വെറും 4,000 വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചതെന്ന മുഖ്യമന്ത്രിയുടെ വാദം 4,43,000 വീടുകളുടെ രേഖകള്‍ പുറത്തുവിട്ട് സതീശന്‍ പ്രതിരോധിച്ചു. ഇത്തരത്തില്‍ വസ്തുതകള്‍ നിരത്തിയുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലത്തെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പ്രതിരോധത്തിലായ പശ്ചാത്തലത്തില്‍, നാളെ അദ്ദേഹം നടത്തുന്ന വാര്‍ത്താസമ്മേളനം അതീവ നിര്‍ണ്ണായകമാണ്. സംവാദ വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിക്കുമോ അതോ വികസന ചര്‍ച്ചകളില്‍ മാത്രം ഒതുക്കി ഒഴിഞ്ഞുമാറുമോ എന്നത് നാളെ വ്യക്തമാകും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.