തിരുവനന്തപുരം: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ ആന ചവിട്ടിക്കൊന്ന ഒന്നാം പാപ്പാൻ വിഷ്ണുവിന്റെ കുടുംബത്തിന് ആശ്വാസമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
മനു എന്ന ആന ചവിട്ടിക്കൊന്ന വിഷ്ണുവിന്റെ(27)കുടുംബത്തിന് നൽകാൻ തീരുമാനിച്ച 18.5 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിൽ ബാക്കി നൽകാനുള്ള 13 ലക്ഷം രൂപ ലഭിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ കളക്ടർക്കും നെയ്യാറ്റിൻകര തഹസിൽദാർക്കുമാണ് ഉത്തരവ് നൽകിയിട്ടുള്ളത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ ദിവസവേതനക്കാരനായ വിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരി 7 ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഫോറസ്റ്റ് കൺസർവേറ്റർക്ക് നിർദ്ദേശം നൽകിയിരുന്നു.
2018 മുതൽ കോട്ടൂർ ആനപുനരധിവാസ കേന്ദ്രത്തിൽ ദിവസവേതന പാപ്പാനായിരുന്നു വിഷ്ണു. മനു എന്ന ആനയുടെ ഒന്നാം പാപ്പാനായി പ്രവർത്തിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 5 ന് രാവിലെ ആനകളെ നെയ്യാർ റിസർവോയറിൽ കുളിപ്പിച്ചുകൊണ്ടിരിക്കെയാണ് വിഷ്ണു കൊല്ലപ്പെടുന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടറും തഹസിൽദാറും ഒരു മാസത്തിനകം കമ്മിഷനെ അറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിദ്യാഭ്യാസം വിട്ടുകൊടുക്കില്ല; മുന്‍പ് ഭരിച്ച വകുപ്പുകളെല്ലാം വേണം; യുഡിഎഫില്‍ സമ്മര്‍ദ്ദ തന്ത്രവുമായി മുസ്ലീം ലീഗ്; വിദ്യാഭ്യാസം മുഖ്യം; ആരോഗ്യം വേണ്ട





