തിരുവനന്തപുരം: പിണറായി വിജയന്‍ എന്ന കരുത്തനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ നിഘണ്ടുവില്‍ വിവാദ പദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. പ്രതിസന്ധികളില്‍ പ്രതിരോധം തീര്‍ക്കാന്‍ അദ്ദേഹം പലപ്പോഴും പുറത്തെടുക്കുന്നത് അതിരൂക്ഷമായ പദപ്രയോഗങ്ങളാണ്. കോന്നിയിലെ വേദിയില്‍ ഉയര്‍ന്ന ചോദ്യത്തോട് ‘വീട്ടില്‍ പോയി ചോദിക്ക്’ എന്ന് ക്ഷുഭിതനായി പ്രതികരിച്ചതും, ‘ചെറ്റ’ എന്ന പദം ന്യായീകരിച്ചതും ഒക്കെ കൂട്ടിവായിക്കുമ്പോള്‍ കേരള രാഷ്ട്രീയം വീണ്ടും ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്: മുഖ്യമന്ത്രിക്ക് ശരിക്കും എന്തുപറ്റി? ഈ പ്രയോഗങ്ങള്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്യുമോ അതോ തിരിച്ചടിയാകുമോ?
പിണറായി വിജയന്റെ നാവില്‍ നിന്നും വീഴുന്ന വാക്കുകള്‍ കേരള രാഷ്ട്രീയത്തില്‍ എക്കാലത്തും വലിയ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും നേരിടാന്‍ അദ്ദേഹം ഉപയോഗിച്ച ചില വാക്കുകള്‍ കേരളം മറന്നിട്ടില്ല:
നികൃഷ്ട ജീവി: താമരശ്ശേരി ബിഷപ്പിനെതിരെ നടത്തിയ ഈ പ്രയോഗം അന്ന് വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചത്.
പരനാറി: ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ഈ പരാമര്‍ശം യു.ഡി.എഫ് വലിയ ആയുധമാക്കിയിരുന്നു.
കടക്ക് പുറത്ത്: മാധ്യമപ്രവര്‍ത്തകരോട് മുഖത്തടിച്ചതുപോലെ നടത്തിയ ഈ പ്രതികരണം അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തിന്റെ മുഖമായി പലപ്പോഴും വിമര്‍ശിക്കപ്പെട്ടു.
കുലംകുത്തി: പാര്‍ട്ടി വിട്ട വിമതര്‍ക്കെതിരെ പ്രയോഗിച്ച ഏറ്റവും മൂര്‍ച്ചയേറിയ വാക്ക്.
ഇവയുടെ ഏറ്റവും പുതിയ പതിപ്പുകളാണ് ഇപ്പോള്‍ കേള്‍ക്കുന്ന ‘ചെറ്റത്തരം’, ‘വീട്ടില്‍ പോയി ചോദിക്ക്’ എന്നിവ.
‘ചെറ്റ’ പ്രയോഗവും ജി. സുധാകരന്റെ തിരിച്ചടിയും
ഇടുക്കിയിലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഏറ്റവും കൂടുതല്‍ പണിപ്പെട്ടത് താന്‍ നടത്തിയ ‘ചെറ്റത്തരം’ എന്ന പരാമര്‍ശത്തെ ന്യായീകരിക്കാനാണ്. താന്‍ ഉദ്ദേശിച്ചത് ‘രാഷ്ട്രീയ ചെറ്റത്തരം’ ആണെന്നും അത് അണ്‍പാര്‍ലമെന്ററി അല്ലെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഈ പ്രയോഗത്തിനെതിരെ അസ്വാരസ്യങ്ങള്‍ ഉയരുന്നു എന്നതാണ് ശ്രദ്ധേയം.
തന്നെ ‘ചെറ്റ’ എന്ന് വിളിച്ചതിനെതിരെ മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ പരസ്യമായി രംഗത്തുവന്നത് സിപിഎമ്മിനുള്ളിലെ തന്നെ വലിയൊരു പൊട്ടിത്തെറിയുടെ സൂചനയാണ്. മുഖ്യമന്ത്രിയുടെ ഇത്തരം പദപ്രയോഗങ്ങള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും അലോസരമുണ്ടാക്കുന്നു എന്നതിന്റെ തെളിവാണ് സുധാകരന്റെ ഈ തുറന്നടിക്കല്‍. നേതാക്കള്‍ തമ്മിലുള്ള ഈ വാക്പോര് പ്രതിപക്ഷത്തിന് വീണുകിട്ടിയ വടിയായി മാറുകയാണ്.
ഇടതിന് തിരിച്ചടിയാകുമോ ഈ ശൈലി?
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പൊതുജനമധ്യത്തിലും ഈ ആക്രോശ ശൈലി ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പൊതുവേദിയില്‍ ചോദ്യം ചോദിക്കുന്ന സാധാരണക്കാരോട് ‘വീട്ടില്‍ പോയി ചോദിക്ക്’ എന്ന് പറയുന്നത് ഒരു ഭരണാധികാരിയുടെ പക്വതയില്ലായ്മയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഇത് ധാര്‍ഷ്ട്യമായി ജനങ്ങള്‍ക്കിടയില്‍ വിലയിരുത്തപ്പെടുമെന്ന് സിപിഎം നേതാക്കള്‍ പോലും കരുതുന്നു.
വി.ഡി സതീശനെതിരെയുള്ള അതിരൂക്ഷമായ വ്യക്തിഹത്യയും, കോണ്‍ഗ്രസ്-ബിജെപി ഡീല്‍ ആരോപണങ്ങളും പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴും, ഭാഷയുടെ അതിപ്രസരം കാരണം ചര്‍ച്ചയാകുന്നത് മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെയാണ്. അണികളെ ആവേശം കൊള്ളിക്കാന്‍ ഇത്തരം വാക്കുകള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍, തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നിര്‍ണ്ണയിക്കുന്ന നിഷ്പക്ഷ വോട്ടര്‍മാരെ ഇത്തരം ഭാഷാപ്രയോഗങ്ങള്‍ അകറ്റാനാണ് കൂടുതല്‍ സാധ്യത. എന്‍.കെ പ്രേമചന്ദ്രനെതിരായ ‘പരനാറി’ പ്രയോഗം അന്ന് കൊല്ലത്ത് ഇടതുപക്ഷത്തിന് ഉണ്ടാക്കിയ തിരിച്ചടി ഇതിനൊരു ഉദാഹരണമാണ്.
തനിക്ക് സമനില തെറ്റിയിട്ടില്ലെന്നും, ആര്‍ക്കാണ് സമനില തെറ്റിയതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും മുഖ്യമന്ത്രി ഇടുക്കിയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ആരോപണങ്ങളുടെ പെരുമഴയത്ത് നില്‍ക്കുമ്പോള്‍, പ്രതിരോധം ദുര്‍ബലമാകാതിരിക്കാന്‍ മുഖ്യമന്ത്രി ബോധപൂര്‍വ്വം സ്വീകരിക്കുന്ന ‘അറ്റാക്കിങ് സ്ട്രാറ്റജി’ ആണിതെന്ന് ന്യായീകരിക്കുന്നവരുമുണ്ട്. കോണ്‍ഗ്രസിന്റെ തൃശ്ശൂരിലെ വോട്ട് ചോര്‍ച്ചയും നേമത്തെ ബിജെപി വിജയവുമൊക്കെ എടുത്തിട്ട് അടിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്.
എന്നാല്‍, ആരോപണങ്ങള്‍ക്ക് വസ്തുതാപരമായ മറുപടി നല്‍കുന്നതിന് പകരം, ചോദ്യം ചോദിക്കുന്നവരെ അപഹസിക്കുന്നതും വിവാദ പദങ്ങള്‍ ഉപയോഗിക്കുന്നതും വഴി ഭരണവിരുദ്ധ വികാരം കൂടുതല്‍ ശക്തമാകുമോ എന്ന ഭയം ഇടതുപക്ഷ ക്യാമ്പില്‍ തന്നെയുണ്ട്. ‘കടക്ക് പുറത്ത്’ മുതല്‍ ‘വീട്ടില്‍ പോയി ചോദിക്ക്’ വരെയുള്ള പ്രയോഗങ്ങള്‍ അന്തിമമായി തിരിഞ്ഞുകൊത്തുന്നത് ഇടതിന്റെ തന്നെ വോട്ട് ബാങ്കുകളിലാണോ എന്ന് വരും നാളുകള്‍ തെളിയിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പിണറായി വിജയനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച രാംദാസ് അത്താവലെയ്ക്കെതിരെ എം.വി. ഗോവിന്ദന്; കേരളം എന്താണെന്ന് മന്ത്രിക്ക് അറിയില്ല; പ്രസ്താവന ഭരണഘടനാ വിരുദ്ധം!





