ഗുരുവായൂരിലെ വര്‍ഗീയ പരാമര്‍ശം: ബി. ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ഗുരുവായൂരില്‍ മതപരമായ ധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. മണ്ഡലത്തില്‍ ‘ഹിന്ദു എം.എല്‍.എ.’ വരണമെന്ന ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ സി.പി.എം. നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നിയമപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു.
വിവാദ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ കമ്മീഷന്റെ മീഡിയ ടീം ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പരാതി ലഭിച്ച സാഹചര്യത്തില്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കാന്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഗുരുവായൂര്‍ മണ്ഡലത്തില്‍ 48 ശതമാനം ഹൈന്ദവ ജനസംഖ്യയുണ്ടായിട്ടും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഒരു ഹൈന്ദവ പ്രതിനിധി ഉണ്ടായിട്ടില്ലെന്നും എല്‍.ഡി.എഫും യു.ഡി.എഫും ബോധപൂര്‍വം ഹിന്ദു വിഭാഗങ്ങളെ അവഗണിക്കുകയാണെന്നുമാണ് ബി. ഗോപാലകൃഷ്ണന്‍ ആരോപിച്ചത്. എന്നാല്‍, ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ തരംതാണ രാഷ്ട്രീയമാണിതെന്ന് സി.പി.എം. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ പ്രതികരിച്ചു.
ഗുരുവായൂരിന്റെ വികസന പ്രക്രിയയില്‍ ബി.ജെ.പിക്കോ ജനസംഘത്തിനോ യാതൊരു പങ്കുമില്ലെന്നും മതനിരപേക്ഷ പാര്‍ട്ടികളാണ് ക്ഷേത്രനഗരത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളില്‍ മറുപടിയില്ലാത്ത ബി.ജെ.പി. തോല്‍വി ഭയന്നാണ് വര്‍ഗീയ കാര്‍ഡ് ഇറക്കുന്നതെന്നും ഗോപാലകൃഷ്ണന്റെ വിഭജന രാഷ്ട്രീയത്തെ ഗുരുവായൂരിലെ മതനിരപേക്ഷ ജനത തള്ളിക്കളയുമെന്നും സി.പി.എം. വ്യക്തമാക്കി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.