അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കണ്ണൂരില്‍ ‘ട്വിസ്റ്റ്’; സ്ഥാനാര്‍ത്ഥിയായി കെ. സുധാകരന്‍; ‘എ.കെ ഇഫക്റ്റില്‍’ കലിയടങ്ങി കണ്ണൂര്‍ സിംഹം

തിരുവനന്തപുരം: ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ വന്‍ വഴിത്തിരിവ്. പാര്‍ട്ടിയോട് വിടപറഞ്ഞ് സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങിയ കെ. സുധാകരന്‍, മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ ഇടപെടലിനെത്തുടര്‍ന്ന് മത്സരരംഗത്തിറങ്ങാന്‍ സമ്മതിച്ചു. ഇതോടെ കണ്ണൂരിലെ കോണ്‍ഗ്രസ് കോട്ടകളില്‍ ആവേശം അണപൊട്ടി. ‘എ.കെ. മാജിക്’ ഒരിക്കല്‍ കൂടി ഫലം കണ്ടതോടെ വലിയൊരു പിളര്‍പ്പില്‍ നിന്നും പൊട്ടിത്തെറിയില്‍ നിന്നും കോണ്‍ഗ്രസ് തലനാരിഴയ്ക്ക് രക്ഷപെട്ടു.
സുധാകരന്‍ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുകയാണെന്ന സൂചന ലഭിച്ചതോടെ രമേശ് ചെന്നിത്തല നടത്തിയ മിന്നല്‍ നീക്കങ്ങളാണ് അനുനയത്തിന് വഴിയൊരുക്കിയത്. തിരുവനന്തപുരത്തെ ആന്റണിയുടെ വസതിയായ ‘അഞ്ജന’ത്തിലേക്ക് വിളിച്ച ചെന്നിത്തല, അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ മലബാറില്‍ പാര്‍ട്ടി തകരുമെന്ന മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ഹൈക്കമാന്‍ഡുമായും രാഹുല്‍ ഗാന്ധിയുമായും ചെന്നിത്തല ആശയവിനിമയം നടത്തി. സുധാകരനെപ്പോലൊരു നേതാവ് പടിയിറങ്ങുന്നത് തിരഞ്ഞെടുപ്പ് വേളയില്‍ വന്‍ തിരിച്ചടിയാകുമെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തി.
രംഗത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട എ.കെ. ആന്റണി നേരിട്ട് ഹൈക്കമാന്‍ഡുമായി സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരെ വിളിച്ച ആന്റണി, സുധാകരന്റെ സാന്നിധ്യം കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ എത്രത്തോളം അനിവാര്യമാണെന്ന് വിശദീകരിച്ചു. മുതിര്‍ന്ന പ്രവര്‍ത്തക സമിതി അംഗത്തിന്റെ വാക്കുകള്‍ ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെ സുധാകരന് കണ്ണൂരില്‍ മത്സരിക്കാന്‍ പച്ചക്കൊടി ലഭിച്ചു.
ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ച ഉടന്‍ എ.കെ. ആന്റണി നേരിട്ട് സുധാകരനെ ഫോണില്‍ വിളിച്ചു. രാഷ്ട്രീയത്തിലെ ജ്യേഷ്ഠസഹോദരന്റെ സ്‌നേഹപൂര്‍ണ്ണമായ ശാസനയ്ക്കും വാക്കിനും മുന്നില്‍ സുധാകരന്റെ പിണക്കം അലിഞ്ഞില്ലാതായി. ‘നമുക്ക് ഒന്നിച്ച് മുന്നോട്ട് പോകണം’ എന്ന ആന്റണിയുടെ ഉറപ്പില്‍ സുധാകരന്‍ മത്സരത്തിന് സന്നദ്ധത അറിയിച്ചു. പദവികളില്ലാതെ തന്നെ ഒതുക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് ആന്റണിയുടെ ഈ ഇടപെടലെന്ന് സുധാകരന്‍ പക്ഷം വിശ്വസിക്കുന്നു.
സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെ കണ്ണൂരിലെ ‘കെ.എസ് ബ്രിഗേഡ്’ ആവേശത്തിലാണ്. പ്രവര്‍ത്തകര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തി. ഒരിക്കല്‍ കൂടി കോണ്‍ഗ്രസിലെ ‘അള്‍ട്ടിമേറ്റ് ക്രൈസിസ് മാനേജര്‍’ താന്‍ തന്നെയാണെന്ന് എ.കെ. ആന്റണി തെളിയിച്ചതോടെ യു.ഡി.എഫ് ക്യാമ്പുകളില്‍ പുതിയ ഉണര്‍വ് പ്രകടമാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.