ആമസോൺ കാട്ടിൽ മഹീന് എന്തുപറ്റി? 20 ദിവസത്തെ സാഹസിക യാത്രയ്ക്കിടെ ട്രാവൽ വ്ലോഗറെ കാണാതായതായി സൂചന

പെറു: പ്രശസ്ത മലയാളി ട്രാവൽ വ്ലോഗർ മഹീൻ  ആമസോൺ വനത്തിനുള്ളിൽ വെച്ച് അപകടത്തിൽപ്പെട്ടോ എന്ന കാര്യത്തിൽ ആശങ്കയേറുന്നു. പെറുവിലെ ആമസോൺ വനത്തിലൂടെ സ്വന്തമായി നിർമ്മിച്ച ചങ്ങാടത്തിൽ യാത്ര തുടങ്ങിയതിന് പിന്നാലെ മഹീനെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. യാത്രയുടെ രണ്ടാം ദിവസം മഹീൻ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് വെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്.

പെറുവിലെ കാബോ പന്തോജയിൽ നിന്ന് ആരംഭിച്ച് ഇക്വിറ്റോസിൽ അവസാനിക്കുന്ന വിധത്തിലാണ് യാത്ര പ്ലാൻ ചെയ്തിരുന്നത്.ഏകദേശം 350 കിലോമീറ്റർ ദൂരം 15 മുതൽ 20 ദിവസങ്ങൾ കൊണ്ട് പിന്നിടാനായിരുന്നു ലക്ഷ്യം.മാർച്ച് 13-നാണ് നാപ്പോ നദിയിലൂടെയുള്ള തന്റെ ചങ്ങാടം യാത്രയുടെ വീഡിയോ മഹീൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

ഏറ്റവും ഒടുവിലായി മഹീന്റെ പേജിൽ വന്ന ഷെഡ്യൂൾഡ് പോസ്റ്റാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. “അദ്ദേഹം കുറച്ചു ദിവസങ്ങളായി ഓഫ്‌ലൈനിലാണ്. അദ്ദേഹം സുരക്ഷിതനായിരിക്കാം, ഇന്റർനെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നുണ്ടാകാം. അല്ലെങ്കിൽ അപകടകരമായ ആമസോണിൽ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചിരിക്കാം. അദ്ദേഹം ഉടൻ സുരക്ഷിതനായി വരുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് പോസ്റ്റിലെ ഉള്ളടക്കം.

ആമസോൺ വനത്തിനുള്ളിലെ ഇന്റർനെറ്റ് ലഭ്യതക്കുറവാണോ അതോ മറ്റെന്തെങ്കിലും അപകടമാണോ എന്ന് നിലവിൽ വ്യക്തമല്ല. സാഹസിക യാത്രകളിൽ മുൻപും പല വെല്ലുവിളികളും അതിജീവിച്ചിട്ടുള്ള മഹീൻ ഉടൻ സുരക്ഷിതനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കള്‍.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.