അമ്പലപ്പുഴയിൽ ജി. സുധാകരന് പിന്തുണ: “52 വർഷത്തെ ബന്ധം അവസാനിക്കുന്നു”; കോൺഗ്രസ് വിട്ട് കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ്

ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ സിപിഎം വിമതൻ ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് പാർട്ടി വിട്ടു. അരനൂറ്റാണ്ടിലേറെ നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രാദേശിക പ്രവർത്തകരെ വിശ്വാസത്തിലെടുക്കാതെയും അവരെ അപമാനിച്ചുമാണ് നേതൃത്വം തീരുമാനമെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.അമ്പലപ്പുഴയിൽ സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ പാവപ്പെട്ട കോൺഗ്രസുകാരെ മറന്നുകൊണ്ട് ജി. സുധാകരനെ പിന്തുണയ്ക്കുന്നത് ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്.
സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം പ്രാദേശിക നേതൃത്വത്തെയോ പ്രവർത്തകരെയോ അറിയിച്ചിട്ടില്ല. ദില്ലിയിൽ നിന്ന് വിമാനത്തിലാണ് പിന്തുണ കൊടുത്തുവിടുന്നത്. പിന്തുണ വേണമെങ്കിൽ അദ്ദേഹം പാർട്ടിക്ക് അപേക്ഷ നൽകണമായിരുന്നു.കരിമണൽ ഖനനത്തിനെതിരെ പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച സംഭവത്തിലോ മുൻപ് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണങ്ങളിലോ സുധാകരൻ ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങൾ കോൺഗ്രസിനെ ആലപ്പുഴയിൽ ‘ബീഹാർ മോഡലിലേക്ക്’  തള്ളിയിടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എം.വി. രാഘവനും ഗൗരിയമ്മയും മുൻപ് ഇത്തരത്തിൽ യുഡിഎഫിൽ എത്തിയത് വിസ്മയമായിരുന്നുവെന്നും എന്നാൽ അതിന്റെ അന്ത്യം എവിടെയായിരുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും ജോബ് പരിഹസിച്ചു. ചെങ്കൊടി മാത്രമുണ്ടായിരുന്ന കുടുംബത്തിൽ നിന്ന് കെ.എസ്.യു കൊടിയേന്തി വന്ന തനിക്ക് ഈ അപമാനം സഹിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജി. സുധാകരന് യുഡിഎഫ് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ മുതിർന്ന നേതാവ് തന്നെ പാർട്ടി വിട്ടത് കോൺഗ്രസ് ക്യാമ്പുകളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.