കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക കൊല്ലത്ത് തെരുവില്‍ ചോരപ്പുഴയൊഴുക്കുന്നു. പ്രമുഖ ഗുണ്ടാ നേതാവ് താച്ചെയില്‍മുക്ക് സന്തോഷിനെ (ജിം സന്തോഷ്) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആലുവ അതുല്‍ എതിര്‍സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച കരുനാഗപ്പള്ളിയില്‍ വെച്ച് നടുറോഡില്‍ ഇയാളെ വാഹനം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കരുനാഗപ്പള്ളി, ഓച്ചിറ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യമാണ് ഒടുവില്‍ അതുലിന്റെ കൊലപാതകത്തിലും കലാശിച്ചത്.
കാറില്‍ യാത്ര ചെയ്യുകയായിരുന്ന അതുലിനെ ഇന്നോവയിലെത്തിയ സംഘം വാഹനം തടഞ്ഞുനിര്‍ത്തി പുറത്തിറക്കി അതിക്രൂരമായി വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമിസംഘം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. 2025 ഏപ്രിലില്‍ നടന്ന സന്തോഷ് വധക്കേസിലെ പ്രതിയായ അതുല്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കൊല്ലപ്പെടുന്നത്. സന്തോഷിനെ കൊലപ്പെടുത്തിയതിന് സമാനമായ രീതിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അതുലിനെതിരെയുള്ള ആക്രമണവും.
കരുനാഗപ്പള്ളി താച്ചെയില്‍മുക്ക് സ്വദേശി സന്തോഷിനെ വീട്ടില്‍ കയറി സ്ഫോടക വസ്തുക്കളെറിഞ്ഞ് ഭീതി പരത്തിയാണ് അതുലും സംഘവും കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതിയായ അതുലിനെ തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ നിന്നാണ് അന്ന് പോലീസ് പിടികൂടിയത്. കൊലപാതകക്കേസിന് പുറമെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അതുല്‍. എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിന് താഴെ ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലും ഇയാള്‍ പ്രതിയായിരുന്നു.
ഗുണ്ടാ സംഘങ്ങള്‍ തെരുവില്‍ പക തീര്‍ക്കുമ്പോഴും അത് നിയന്ത്രിക്കാന്‍ പോലീസിന് കഴിയാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി, ഓച്ചിറ മേഖലകളില്‍ ഗുണ്ടാ വിളയാട്ടം തുടരുന്നത് പ്രദേശവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കൊലപാതകത്തെത്തുടര്‍ന്ന് ജില്ലയില്‍ പോലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. അക്രമികള്‍ക്കായി കരുനാഗപ്പള്ളി പോലീസും പ്രത്യേക അന്വേഷണ സംഘവും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിസ തട്ടിപ്പും ലഹരി ഇടപാടും; കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി റിജു ഇബ്രാഹിംകുട്ടി പിടിയിൽ





